Sunday, December 18, 2011

മുല്ലപ്പെരിയാര്‍ സമരം: സി.പി.എമ്മില്‍ ഭിന്നത


മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടത്തുന്ന സമരങ്ങളെ ചൊല്ലി സി.പി.എമ്മില്‍ ഭിന്നത രൂക്ഷമായതോടെ സമരത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം ഇടതുമുന്നണി അടിയന്തര യോഗം ചേര്‍ന്ന് തിരുത്തി.
പ്രധാനമന്ത്രിയെ കണ്ട് മടങ്ങിയ സര്‍വകക്ഷി സംഘത്തിന്റെ തീരുമാന പ്രകാരമാണ് സമരത്തില്‍ നിന്ന് പിന്മാറാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്തത്. ഇതിനെ സി.പി.എം നേതൃത്വം അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഇടുക്കി ജില്ലയിലെ സി.പി.എം സെക്രട്ടറി എംഎം മണി നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്നതോടെ സംസ്ഥാന നേതൃത്വം വെട്ടിലായി. തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് അടിയന്തര എല്‍ഡിഎഫ് യോഗം വിളിച്ചു ചേര്‍ത്താണ് പ്രതിഷേധ സമരത്തില്‍ നിന്ന് പിന്മാറേണ്ടെന്ന തീരുമാനം എടുത്തത്. യോഗത്തിന് മുമ്പ് എം.എം മണി തിരുവനന്തപുരത്ത് നേരിട്ടെത്തി സമരത്തില്‍ നിന്ന് പിന്മാറരുതെന്ന് നേതാക്കളെ നേരിട്ടറിയിച്ചു.
പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. സി പി എം കോഴിക്കോട് ജില്ലാസമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് ശേഷം നടന്ന മറുപടി പ്രസംഗത്തിലാണ് കേന്ദ്രകമ്മിറ്റിയംഗവും മുന്‍ പി ബി അംഗവുമായ വി എസിനെതിരെ കോടിയേരി വിമര്‍ശനമഴിച്ചുവിട്ടത്.
 
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ 'പുതിയ അണക്കെട്ട്' സംബന്ധിച്ച കേരളത്തിന്റെ ആവശ്യത്തിന് പരിഗണന നല്‍കാതിരുന്ന പി ബി നിലപാടിനെ വി എസ് ചോദ്യം ചെയ്തത് ശരിയായില്ലെന്നും പ്രശ്‌നത്തില്‍ വൈകാരികമായ സമീപനമാണ് പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നതെന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. പോളിറ്റ് ബ്യൂറോയുടെ നിലപാടിനെതിരായ സമീപനം യാതൊരു കാരണവശാലും അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകന്‍ സ്വീകരിക്കാന്‍ പാടില്ല. സി പി എം ഒരു ദേശീയ പാര്‍ട്ടിയാണെന്ന കാര്യം വി എസ് പലപ്പോഴും മറക്കുന്നു. ജനപിന്തുണ നേടുന്നതിനായി പാര്‍ട്ടിയെ മറക്കുന്ന സമീപനമാണ് വി എസ് കുറച്ചുകാലങ്ങളായി സ്വീകരിച്ചുവരുന്നതെന്നും കോടിയേരി അഭിപ്രായപ്പെട്ടു. 
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വി എസിനൈ എതിര്‍ത്ത കോടിയേരി ഒഞ്ചിയം വിഷയത്തിലും സമാന നിലപാടാണ് സ്വീകരിച്ചത്. 'ഒഞ്ചിയത്തെ വിഭാഗീയതയില്‍ വി എസിന് പങ്കു വഹിച്ചെന്ന് പറയാനാവില്ല' എന്ന് ആദ്യം അഭിപ്രായപ്പെട്ടതെങ്കിലും കോടിയേരി വി എസിനെ ന്യായീകരിക്കാന്‍ തയ്യാറായില്ല. വിഭാഗീയപ്രവര്‍ത്തനത്തില്‍ വി എസ് നേരിട്ട് പങ്കാളിയായില്ലെങ്കിലും ഒഞ്ചിയത്തെ വിമതര്‍ തന്റെ പേര് ദുരുപയോഗം ചെയ്യുന്നതിനെ എതിര്‍ക്കാതിരുന്ന വി എസിന്റെ നടപടി അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് കോടിയേരി കൂട്ടിച്ചേര്‍ത്തു.
 
 ഡി വൈ എഫ് ഐ നേതാവ് അഡ്വ. പി എ മുഹമ്മദ് റിയാസിനെ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിപ്പിച്ചതിനെ ചോദ്യം ചെയ്തവര്‍ക്കെതിരെയും കോടിയേരി രംഗത്തെത്തി. ഒട്ടേറെ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാണ് റിയാസിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിവിരോധികളാണെന്നും പറഞ്ഞ് വി എസ് പക്ഷക്കാരുടെ വായടപ്പിക്കുകയാണ് കോടിയേരി ചെയ്തത്.  പി ബി നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടുള്ള വി എസ് അച്യുതാനന്ദന്റെ നിലപാടിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി ശിവദാസമേനോനും നേരത്തെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇവര്‍ക്ക് പിന്നാലെയാണ് കോടിയേരിയും രംഗത്തെത്തിയിരിക്കുന്നത്.

No comments:

Post a Comment

Note: Only a member of this blog may post a comment.