Thursday, December 8, 2011

സിപിഎം സമരം: വണ്ടിപ്പെരിയാര്‍ മുതല്‍ വിള്ളല്‍ തുടങ്ങി


ഇടുക്കി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സിപിഎം നേതാവ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ തുടക്കംകുറിച്ച ശക്തമായ സമരപരിപാടികളുടെ ആദ്യദിനം തന്നെ പ്രത്യക്ഷമായത് പാര്‍ട്ടിക്കുള്ളിലെ വിള്ളല്‍. പ്രതിപക്ഷനേതാവും കേരളത്തിലെ ഏറ്റവും തലമുതിര്‍ന്ന ഇടതുപക്ഷനേതാവുമായി വി.എസ് അച്യുതാനന്ദന്‍ വണ്ടിപ്പെരിയാറില്‍ ഉപവസിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ജില്ലാസെക്രട്ടറി എം.എം മണി ചാനല്‍ ചര്‍ച്ചയ്ക്കായി മറ്റൊരിടത്തേക്കു മുങ്ങുകയായിരുന്നു. വി.എസ് ഉപവാസം അവസാനിപ്പിച്ച് പോയതോടെ സമരവേദിയില്‍ ഓടിയെത്തി ജില്ലാസെക്രട്ടറി മണിക്കൂറുകളോളം അവിടെ തുടരുകയും ചെയ്തു. സംഭവം പാര്‍ട്ടിക്കുള്ളില്‍ വന്‍ വിവാദമായിട്ടുണ്ട്.

വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ ശേഷം മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് സ്വീകരിച്ച കര്‍ശനനടപടികളുടെ അതൃപ്തിയാണ് എം.എം മണിയുടെ വിട്ടുനില്‍ക്കലിന് കാരണം. വണ്ടിപ്പെരിയാറില്‍ വി.എസ്. ഉപവസിക്കുമ്പോള്‍ ഒപ്പമുണ്ടാകുമെന്നാണ് ജില്ലാ സെക്രട്ടറി നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ വി.എസ് എത്തിയതോടെ മണി മലക്കംമറിഞ്ഞു. അടിമാലിയില്‍ പ്രാദേശിക ചാനല്‍ സംഘടിപ്പിച്ച മുല്ലപ്പെരിയാര്‍ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു ജില്ലാ സെക്രട്ടറി. ഡിസിസി പ്രസിഡന്റ് റോയി കെ. പൗലോസും സംവാദത്തില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം ഇന്നലെ വണ്ടിപ്പെരിയാറിലെത്തിയെങ്കിലും ജില്ലാ സെക്രട്ടറിയുടെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സംഭവം വിവാദമായതോടെ മനുഷ്യമതിലിന്റെ ഒരുക്കത്തിലായതിനാലാണ് ജില്ലാ സെക്രട്ടറി ഉപവാസ സമരത്തിനെത്താത്തതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശദീകരണം.

മൂന്നാര്‍ വിഷയത്തില്‍ പരസ്പരം ഏറ്റുമുട്ടിയ വി.എസും, എം.എം. മണിയും തമ്മിലുള്ള വൈരം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. ചപ്പാത്തിലെ സമരപ്പന്തലില്‍ ഉപവസിക്കാനായിരുന്നു വിഎസിന്റെ തീരുമാനം. എന്നാല്‍ പാര്‍ട്ടി എംഎല്‍എ കൂടിയായ എസ്. രാജേന്ദ്രന്‍ വണ്ടിപ്പെരിയാറിലെ സമരപ്പന്തലില്‍ അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, വി.എസ്. ചപ്പാത്തിലെ സമരപ്പന്തലില്‍ ഉപവസിച്ചാല്‍ അതു പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിക്കും ചിലര്‍ കത്തെഴുതിയതിനെ തുടര്‍ന്നാണ്അവസാന നിമിഷം പ്രതിപക്ഷ നേതാവ് ഉപവാസം അനുഷ്ഠിക്കുന്ന വേദി, ചപ്പാത്തില്‍നിന്നു വണ്ടിപ്പെരിയാറിലേക്കു മാറ്റിയത്. ജില്ലാ സെക്രട്ടറിയാണ് വേദി മാറ്റിയതിനു പിന്നില്‍ ചരടുവലിച്ചതെന്നാണ് വി.എസ്. പക്ഷത്തിന്റെ ആരോപണം.

No comments:

Post a Comment

Note: Only a member of this blog may post a comment.