Friday, December 2, 2011

മുല്ലപെരിയാർ സിപി എം രക്ഷപ്പെട്ടു.

മുല്ലപ്പെരിയാറല്ലാതെ ഒന്നുമില്ല പത്രങ്ങളിലും ചാനലുകളിലും എന്നു പറഞ്ഞാല്‍ അതു പൂര്‍ണമായിട്ടങ്ങ്‌ ശരിയാകില്ല. ചരമപ്പേജ്‌ നിറഞ്ഞുതന്നെ. പരസ്യങ്ങള്‍ക്ക്‌ കഴഞ്ചു കുറവില്ല. കൊല, പീഡനം, അടി, ഇടി തുടങ്ങിയവയ്‌ക്കു വേണ്ടി നീക്കിവെച്ച സ്ഥലങ്ങളില്‍ ഒട്ടുമില്ല കുറവ്‌. പിന്നെ എന്തിനാണു കുറവ്‌ എന്നു ചോദിച്ചാല്‍, സിപി എംഎന്നു മറുപടി പറയാം. വേറൊരു രീതിയിലും ഇതു പറയാന്‍ കഴിയും കേട്ടോ. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ വന്നു വാര്‍ത്തകളില്‍ നിറഞ്ഞു തുളുമ്പിയതുകൊണ്ട്‌ സിപി എം രക്ഷപ്പെട്ടു. അല്ലെങ്കില്‍ ഒന്നു കാര്യമായിട്ട്‌ ആലോചിച്ചു നോക്കുക. മുല്ലപ്പെരിയാറല്ല തലക്കെട്ടുകളില്‍ ഒന്നാമതും രണ്ടാമതും മൂന്നാമതും എന്ന സ്ഥിതി ഉണ്ടായിരുന്നില്ലെങ്കില്‍ പകരം ആ സ്ഥാനത്ത്‌ എന്തായിരുന്നു വരേണ്ടിയിരുന്നത്‌? ഉറപ്പായും സിപി എം തന്നെ. സിപിഎമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായ സമ്മേളനങ്ങളിലെ അടികള്‍, പൊരിച്ചിലുകള്‍ തുടങ്ങിയവയ്‌ക്ക്‌ ഇപ്പോള്‍ കിട്ടുന്നത്‌ എത്ര തുച്‌ഛമായ കവറേജാണെന്നു നോക്കിയാല്‍ അതു മനസിലാകും. ഏതായാലും ലോക്കല്‍ സമ്മേളനങ്ങള്‍ വലിയ കുഴപ്പമില്ലാതെ കടന്നുപോയ ശേഷം കുഴപ്പങ്ങളുണ്ടാകാനും വിഭാഗീയത പൊട്ടിത്തെറിക്കാനും ഇടയുള്ള ഏരിയാ സമ്മേളനങ്ങളിലേക്ക്‌ കടന്ന സമയത്താണ്‌ മുല്ലപ്പെരിയാര്‍ അനുഗ്രഹിച്ചത്‌. സമ്മേളനങ്ങളില്‍ സ്വന്തം മകന്റെ പേരില്‍ പ്രതിക്കൂട്ടിലാകുമെന്ന്‌ മാധ്യമ വിശാരദന്‍മാരെല്ലാം പ്രവചിച്ച സഖാവ്‌ വി എസ്‌ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച്‌ തലക്കെട്ടു പിടിക്കുന്നു, കൂടുതല്‍ വലിയ തലക്കെട്ടു പിടിക്കാന്‍ അടുത്ത ബുധനാഴ്‌ച നിരാഹാരമിരിക്കാന്‍ പോകുന്നു..ആകെ തകൃതി. ഇപ്പോള്‍ സ്വന്തം ഗ്രൂപ്പുകാര്‍ ആരു ഫോണില്‍ വിളിച്ചാലും അദ്ദേഹം മുല്ലപ്പെരിയാര്‍ പൊട്ടിയാലുണ്ടാകുന്ന ദുരന്തത്തെക്കുറിച്ച്‌ ഗദ്‌ഗദ കണ്‌ഠനാകുമത്രേ. അതിന്റെ ക്ലൈമാക്‌സില്‍, പിന്നെ വിളിക്കാം കേട്ടോ..എനിക്കു സഹിക്കുന്നില്ല ഓരോന്നോര്‍ത്തിട്ട്‌ എന്നു പറഞ്ഞ്‌ കട്ടു ചെയ്യാം.
ഹാവൂ....

No comments:

Post a Comment

Note: Only a member of this blog may post a comment.