കുടുംബാധിപത്യത്തിന്റെ പേരില്‍ നെഹ്‌റുകുടുംബത്തെ എന്നും അധിക്ഷേപിക്കാറുള്ള സിപിഎം നേതാക്കള്‍ പാര്‍ട്ടിയുടെ അധികാരസ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നത് സ്വന്തം ഭാര്യമാരെ. പിബിയില്‍ പ്രകാശ് കാരാട്ടിനൊപ്പം വൃന്ദകാരാട്ടും സ്ഥാനം പിടിച്ചതുപോലെ താഴെത്തട്ടിലും ഭാര്യമാരെ ഉള്‍പ്പെടുത്തി കമ്മിറ്റി വിപുലീകരിക്കാനുള്ള തിരക്കാണിപ്പോള്‍. കോഴിക്കോട് പുതുതായി തെരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പിക്കാന്‍ നേതാക്കള്‍ സ്വന്തംഭാര്യയെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെയും ഭാര്യമാരെ തന്നെ കോഴിക്കോട് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ടി പി രാമൃഷ്ണന്റെ ഭാര്യ എം കെ നളിനി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്റെ സഹോദരിയും മുന്‍ ജില്ലാ സെക്രട്ടറി എം ദാസന്റെ ഭാര്യയുമായ അഡ്വ. പി സതീദേവി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനന്റെ ഭാര്യയും കുറ്റിയാടി നിയോജക മണ്ഡലം എം എല്‍ എയുമായ കെ കെ ലതിക എന്നിവരാണ് കമ്മിറ്റിയിലുള്ള സ്ത്രീമുഖങ്ങള്‍. ഇതോടെ ജില്ലാ കമ്മിറ്റിയില്‍ രണ്ടു വീതം ദമ്പതിമാര്‍ ഇടം കണ്ടെത്തി, കുടുംബാധിപത്യത്തിനെതിരെ പ്രസംഗിക്കുന്ന നേതാക്കളെ പ്രതിരോധത്തിലാക്കി. താഴെത്തലത്തില്‍ നിന്ന് ഉയര്‍ന്നുവന്ന വനിതാ നേതാക്കളെ തഴഞ്ഞാണ് ഇവരില്‍ പ്രാതിനിധ്യം ഒതുക്കിയത്. മൂവരും കടുത്ത പിണറായി പക്ഷക്കാരാണ്.
സംസ്ഥാന വനിതാ കമ്മിഷന്‍ മുന്‍ അംഗം ടി ദേവിയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറും മുന്‍ എം പിയുമായ പ്രൊഫ. എ കെ പ്രേമജം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിയായ ജാനമ്മ കുഞ്ഞുണ്ണി എന്നിവരാണ് തഴയപ്പെട്ട പ്രധാന വനിതാ നേതാക്കള്‍. സി പി എം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സി പി എമ്മില്‍ വനിതാപ്രാതിനിധ്യം കുറയുന്നുവെന്നും നേതൃത്വത്തില്‍ കൂടുതല്‍ വനിതകളെത്തണമെന്നും അഭിപ്രായപ്പെട്ടിരുന്നു.
കോടിയേരിയുടെ നിര്‍ദ്ദേശം മുഖവിലയ്‌ക്കെടുക്കുന്ന പോലെ, ജില്ലാ സെക്രട്ടറി സ്വന്തം ഭാര്യയെ തന്നെ കമ്മിറ്റിയിലേക്ക് ആനയിക്കുകയായിരുന്നു. പോളിറ്റ് ബ്യൂറോയില്‍ ജനറല്‍ സെക്രട്ടറിയ്‌ക്കൊപ്പം ഭാര്യ വൃന്ദാകാരാട്ടിനും ഇടം നേടാമെങ്കില്‍ ജില്ലാ സെക്രട്ടറിയ്ക്ക് എന്തുകൊണ്ട് പറ്റില്ലെന്നാണ് ചില നേതാക്കള്‍ പരിഹാസപൂര്‍വം ചോദിക്കുന്നത്.
No comments:
Post a Comment
Note: Only a member of this blog may post a comment.