Thursday, December 8, 2011

ജനസമ്പര്‍ക്ക പരിപാടി അട്ടിമറിക്കാന്‍ ഇടുക്കിയില്‍ ഇടതുശ്രമം


ചുവപ്പുനാടകളിലും വ്യവഹാരങ്ങളിലും കുരുങ്ങിക്കിടന്ന അപേക്ഷകളുടെയും പരാതികളുടെയും കുരുക്കഴിച്ച് സാധാരണക്കാരായ പതിനായിരങ്ങള്‍ക്ക് ആശ്വാസം പകരുന്ന ജനസമ്പര്‍ക്കപരിപാടി അട്ടിമറിക്കാന്‍ ഇടുക്കിയില്‍ ശ്രമം. പരിപാടിയുടെ പ്രാധാന്യം കുറച്ചുകാണിക്കാനും ലഭിച്ചിരിക്കുന്ന പരാതികള്‍ യഥാസമയം തീര്‍പ്പാക്കാതെ പരമാവധി താമസിക്കാനും ശ്രമം നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കായി എന്‍.ജി.ഒ അസോസിയേഷന്‍ ആരംഭിച്ച ഹെല്‍പ് ഡെസ്‌കില്‍ ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ട്.

ഇതേസമയം പൊതുജനങ്ങള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയം 25 ന് അവസാനിപ്പിച്ചത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 16 ന് പോലും മുഖ്യമന്ത്രി നേരിട്ട് പരാതി സ്വീകരിക്കുമെന്നിരിക്കെ ഇപ്പോഴത്തെ നടപടി പുനഃപരിശോധിച്ച് ഡിസംബര്‍ 16 വരെ പരാതികള്‍ സ്വീകരിക്കാന്‍ നടപടി സ്വീകരിക്കണം. രാത്രി വൈകിയാണ് ജനസമ്പര്‍ക്ക പരിപാടി അവസാനിക്കൂ എന്നതിനാല്‍ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും യാത്രാസൗകര്യവും മറ്റ് ബുദ്ധിമുട്ടുകളും പരിഗണിച്ച് പരിപാടിയുടെ വേദി വാഴത്തോപ്പില്‍ നിന്ന് തൊടുപുഴയിലേക്ക് മാറ്റണമെന്നും എന്‍.ജി.ഒ അസോസിയേഷന്‍ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരിപാടി വിജയകരമായി മുന്നേറുകയാണ്. നാളെ പാലക്കാട് ജില്ലയില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി നടക്കുകയാണ്. ഗവ.വിക്‌ടോറിയകോളജില്‍ ഇതിനായി പടുകൂറ്റന്‍ പന്തലൊരുങ്ങിക്കഴിഞ്ഞു. ഇതുവരെ 19,343 പരാതികളും അപേക്ഷകളുമാണ് ലഭിച്ചിട്ടുള്ളത്. ഇതിനുപുറമേ 20,000ത്തോളം പേര്‍ മുഖ്യമന്ത്രിക്കു നേരിട്ടു പരാതിനല്‍കാനെത്തുമെന്നാണു കണക്കുകൂട്ടല്‍. അതുകൂടികണക്കിലെടുത്ത് 40,000പേര്‍ക്കുള്ള സൗകര്യങ്ങളാണ് വിക്‌ടോറിയാ കോളജില്‍ സജ്ജീകരിച്ചിട്ടുള്ളതെന്ന് ജില്ലാകലക്ടര്‍ കെ.വി.മോഹന്‍കുമാര്‍ അറിയിച്ചു. മന്ത്രി എ.പി. അനില്‍കുമാറിനാണ് ജില്ലയുടെ ചുമതല.

വിക്‌ടോറിയ കോളജ് മൈതാനത്ത് 57 കൗണ്ടറുകളാകും ഉണ്ടാവുക. നേരത്തെ പരാതികള്‍ നല്‍കിയവര്‍ക്ക് അതിനുള്ള മറുപടി നല്‍കുന്നതിന് 20 കൗണ്ടറുകള്‍ ഉണ്ടാവും. 1000പേര്‍ക്ക് ഒരു കൗണ്ടര്‍ എന്നകണക്കിലാണിത്.പരിപാടിയുടെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിന് ഒരു ജനറല്‍കൗണ്ടര്‍ പ്രവര്‍ത്തിക്കും. അഞ്ചു താലൂക്കുകളുടെ ഓരോ കൗണ്ടറുകളില്‍ ദുരിതാശ്വാസ നിധിയും ചികില്‍സാ ധനസഹായവും വിതരണം ചെയ്യും. വിവിധ വകുപ്പുകളുടെ കൗണ്ടറുകളും പ്രവര്‍ത്തിക്കും. 15 ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവികളും ഒരു എല്‍സിഡി ടിവിയും ക്രമീകരിക്കും. ഇതിലൂടെ പൊതുജന സമ്പര്‍ക്ക പരിപാടി വീക്ഷിക്കാനാവും. മുഖ്യമന്ത്രിയെ കാണാന്‍ ടോക്കണ്‍പരാതികളും അപേക്ഷകളും മുഖ്യമന്ത്രിക്കു നേരിട്ടു നല്‍കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. നേരത്തെ നല്‍കിയ പരാതികളിലുള്ള തീര്‍പ്പില്‍ അസംതൃപ്തിയും വിയോജിപ്പും ഉള്ളവര്‍ക്ക് മുഖ്യമന്ത്രിക്കു നേരിട്ട് അപ്പീല്‍ നല്‍കാം.അതിന് പ്രത്യേക ക്യൂ സംവിധാനവും ടോക്കണ്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒരുസമയം 100 പേര്‍ക്കാണ് ക്യൂവില്‍ പ്രവേശനം. ടോക്കണ്‍ ലഭിച്ച ബാക്കിയുള്ളവര്‍ വേദിയിലിരുന്നാല്‍ മതി. നമ്പര്‍ വിളിക്കുന്ന ക്രമത്തില്‍ വരിനിന്നാല്‍ മതി.

വനിതകള്‍ക്കായി പ്രത്യേക വരിയുണ്ടാവും. അവശരായവര്‍ക്കു മുന്‍ഗണനപ്രായമായവര്‍ക്കും ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്കും ജനസമ്പര്‍ക്ക പരിപാടിയില്‍ മുന്‍ഗണന നല്‍കും. ഇവര്‍ക്കുവേണ്ടിമാത്രം പ്രത്യേക കൗണ്ടറുണ്ടാകും. ഇവരെ മുഖ്യമന്ത്രിയുടെ അടുത്തെത്തിക്കുന്നതിന് 20 വീല്‍ ചെയറുകളും, 5 സ്‌ട്രെച്ചറുകളും തയാറാക്കിയിട്ടുണ്ട്. ജില്ലാ ആരോഗ്യ വകുപ്പ്, പൊലീസ് അസോസിയേഷന്‍ എന്നിവരാണ് ഇതു ക്രമീകരിച്ചിട്ടുള്ളത്. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ഒരു ഡോക്ടറും മറ്റ് സ്റ്റാഫുകളും ഉള്‍പ്പെടുന്ന മൂന്നു ടീം പ്രവര്‍ത്തിക്കും. മൂന്ന് ആംബുലന്‍സുകളും ഏര്‍പ്പാടാക്കി. കെഎപി ബറ്റാലിയനിലെ 230 പേര്‍ രണ്ടു ഷിഫ്ടുകളിലായി പ്രവര്‍ത്തിക്കും. സ്റ്റുഡന്‍സ് പൊലീസ് കേഡറ്റിലെ 150പേരും എന്‍സിസി വിഭാഗവും രംഗത്തുണ്ടാകും. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ജനസമ്പര്‍ക്ക പരിപാടി അവസാനിക്കുന്നതുവരെ കെഎസ്ആര്‍ടിസിയുടെ സര്‍വീസുകളുണ്ടാവും.

പരാതിക്കാരെയും അപേക്ഷകരെയും വിക്‌ടോറിയ കോളജിലെത്തിക്കുന്നതിനും, പരിപാടി കഴിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവരെ അതാതിടങ്ങളിലെത്തിക്കുന്നതിനുമുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി മൈതാനത്ത് താല്‍ക്കാലിക ഓഫിസ് തുറന്നിട്ടുണ്ട്. ഇവിടെ നിന്നും സര്‍വീസുകളുടെ വിവരം അറിയാം. തൃശൂര്‍, ചിറ്റൂര്‍, ഒറ്റപ്പാലം, തത്താല, മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി ഭാഗത്തേക്ക് പ്രത്യേക ഷെഡ്യൂളുകളുണ്ടാവും. ഭക്ഷണത്തിനും കുടിവെള്ളത്തിനും സജ്ജീകരണം 15,000 പേര്‍ക്കാണ് സൗജന്യ ഉച്ചഭക്ഷണം നല്‍കുക. ഇതിനു പുറമേ കുടുംബശ്രീമിഷനും പൊലീസ് അസോസിയേഷനും പ്രത്യേക ഭക്ഷണസ്റ്റാളുകള്‍ ക്രമീകരിക്കും. കുടുംബശ്രീ സ്റ്റാളുകളില്‍ മിതമായ നിരക്കില്‍ ഉച്ചഭക്ഷണവും ലഭിക്കും. പൊലീസ് അസോസിയേഷന്റെ സ്റ്റാളില്‍ ലഘുഭക്ഷണമാവും ഉണ്ടാവുക. കേരള ജല അതോറിറ്റി, മോട്ടോര്‍വാഹന വകുപ്പ്, എക്‌സൈസ് വകുപ്പ്, പൊലീസ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് കുടിവെള്ള വിതരണത്തിന്റെ ചുമതല. ഇതിനായി ജല അതോറിറ്റി ടാങ്കുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. വെള്ളം ചൂടാക്കിതണുപ്പിച്ച് വിതരണം ചെയ്യും.

ഗതാതഗതം സുഗമമാക്കുന്നതിന് 300 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. നാല് ഡിവൈഎസ്പിമാര്‍, രണ്ടു സിഐമാര്‍, ഒന്‍പത് എസ്‌ഐമാര്‍, 100 പൊലീസുകാര്‍ എന്നിവരെയാണ് അധികമായി വിന്യസിച്ചിട്ടുള്ളത്. പ്രത്യേക ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  28 ടോയ്‌ലറ്റ് യൂണിറ്റുകള്‍ സജ്ജീകരിക്കും. മാലിന്യ നിര്‍മ്മാര്‍ജനത്തിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അടുത്ത ദിവസംതന്നെ മൈതാനം ശുചീകരിച്ച് കൈമാറുകയും ചെയ്യും.

പത്തനംതിട്ടയിലും പരിപാടിക്കുവേണ്ടി ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ജില്ലയില്‍ ഇതുവരെ ലഭിച്ച പരാതികളുടെ എണ്ണം 32,000ല്‍ അധികമായി. വിവിധ വകുപ്പുകളിലായി ലഭിച്ച പരാതികളുടെ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകും. ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയായ മാക്കാംകുന്ന് പള്ളിയങ്കണത്തിലെ പ്രധാന വേദികളുടെയും സെന്റ് സ്റ്റീഫന്‍സ് പാരിഷ് ഹാളിനോടു ചേര്‍ന്നുള്ള കൗണ്ടറുകളുടെയും പണികള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു. 30,000 ചതുരശ്ര അടി വിസ്തൃതിയുള്ള വേദിയാണ് പള്ളിയങ്കണത്തില്‍ തയാറാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുള്ള സിവില്‍ സപ്ലൈസ്, റവന്യു തുടങ്ങിയ വകുപ്പുകളുടെ കൗണ്ടറുകളും മുഖ്യമന്ത്രിയും പ്രധാന ഉദ്യോഗസ്ഥരും ഇരിക്കുന്ന വേദിയും ഇവിടെയാണ് സജ്ജീകരിക്കുക. താരതമ്യേന പരാതികളുടെ എണ്ണം കുറവുള്ള വകുപ്പുകളുടെ കൗണ്ടറുകള്‍ സെന്റ് സ്റ്റീഫന്‍സ് പാരിഷ് ഹാളിന്റെ മുന്നിലും ഒരു വശത്തുമായാണ് ക്രമീകരിക്കുക. ലഘുഭക്ഷണ വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ പാരിഷ് ഹാളിന്റെ മറുവശത്തായി ക്രമീകരിക്കും. സെന്റ് സ്റ്റീഫന്‍സ് പാരിഷ് ഹാളിനോടു ചേര്‍ന്ന് നിര്‍മിക്കുന്ന പന്തലുകളുടെ മാത്രം വിസ്തീര്‍ണം 15,000 ചതുരശ്ര അടിയാണ്.

വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 78 കൗണ്ടറുകളാണ് രണ്ടു സ്ഥലങ്ങളിലുമായി ക്രമീകരിക്കുക.ലഭിച്ച പരാതികള്‍ തീര്‍പ്പാക്കുന്നതിനായി റവന്യു വകുപ്പിന്റെ എല്ലാ ഓഫിസുകളും അവധി ദിനങ്ങളായിരുന്ന ഞായറാഴ്ചയും തിങ്കളാഴ്ചയും പ്രവര്‍ത്തിച്ചിരുന്നു. പരാതികളിന്മേല്‍ വിവിധ വകുപ്പുകളില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വാങ്ങി ക്രോഡീകരിച്ച് കംപ്യൂട്ടറില്‍ രേഖപ്പെടുത്തുന്നതിനായി കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തിനടുത്തായി ഒരു പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

No comments:

Post a Comment

Note: Only a member of this blog may post a comment.