പുറത്ത് ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ കപട
അവകാശവാദങ്ങളുയര്‍ത്തി അകത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ
ഭ്രൂണഹത്യയാണ് നടക്കുന്നതെന്ന് സി.പി.എമ്മിന്റെ നാല് ജില്ലാ സമ്മേളനങ്ങളും
തെളിയിച്ചു.
പത്തനംതിട്ടയില്‍
വി എസ് ഗ്രൂപ്പിലെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്താണ് പിണറായി പക്ഷം
പകപോക്കിയത്. സ്വന്തം തട്ടകമായ ആലപ്പുഴയിലെത്തുമ്പോള്‍ തോമസ് ഐസക്കും ജി
സുധാകരനും തമ്മിലുള്ള പോരില്‍ തരംപോലെ ചേരിചേരുന്നതാണ് വി എസിന്റെ നയം.
കാസര്‍കോഡ് നടക്കുന്ന വിഭാഗീയതയും യുക്തിസഹമല്ല. വി എസ് നിരാഹാരം
കിടക്കുമ്പോള്‍ നിരാഹാരമിരിക്കുക; ഓട്ടോസ്റ്റാന്റിന് വി എസിന്റെ പേര്
നല്‍കുക തുടങ്ങിയ ആള്‍ദൈവാരാധനയ്ക്ക് തുല്യമായ ബിംബാരാധനയാണ് അവിടെ
നടക്കുന്നത്. പക്ഷെ, അച്ചടക്ക നടപടി വരുമ്പോള്‍ അത് തടയാനുള്ള കൃപയോ ഊറ്റമോ
വി എസ് എന്ന ആരാധനമൂര്‍ത്തി കാണിക്കാറില്ല എന്നത് മറ്റൊരു കാര്യം.വാര്‍ത്ത
ചോരുന്നതിനെതിരെ മുള്ളുവേലികള്‍ കാവല്‍ നില്‍ക്കുമ്പോഴും വിഭാഗീയതയുടെ
കാഴ്ച തടയാന്‍ ഇരുമ്പ് മറകള്‍ സൃഷ്ടിക്കുമ്പോഴും എല്ലാം ഭദ്രമെന്ന്
നേതൃത്വം വിശ്വസിക്കുന്നു. ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ പൈതങ്ങളെ
അച്ചടക്കത്തിന്റെ പാറയിലടിച്ചു കൊല്ലുന്ന കംസരൂപമണിഞ്ഞ പി ബി
കേന്ദ്രകമ്മിറ്റി അംഗങ്ങളെക്കുറിച്ചുള്ള ഭയജഡിലമായ അന്തരീക്ഷത്തില്‍
എത്രകാലം ചെങ്കൊടി പാറും? എത്രകാലം പാര്‍ട്ടി നിലനില്‍ക്കും? എന്ന
സന്ദേഹമാണ് സമ്മേളന പ്രതിനിധികളുടെ ചിന്തയില്‍ പടരുന്നത്.
വരാനിരിക്കുന്ന മറ്റ് 10 ജില്ലാ സമ്മേളനങ്ങളിലും സംസ്ഥാന
സമ്മേളനത്തിലും ഭ്രൂണഹത്യയും വന്ധീകരണവും ശക്തമായിരിക്കുമെന്നാണ്
പിന്നിട്ട തിരുവനന്തപുരം, കോഴിക്കോട്, പത്തനംതിട്ട, കാസര്‍കോട് ജില്ലാ
സമ്മേളനങ്ങള്‍ തെളിയിക്കുന്നത്.ജില്ലാ സമ്മേളനങ്ങളില്‍ മത്സരങ്ങള്‍
നടന്നാല്‍ അത് വിഭാഗീയതയായി കണക്കാക്കുമെന്ന അപായസൂചനകളോടെ അമര്‍ഷം
പുകയുന്ന അണികള്‍ക്കിടയില്‍ ഭീതി പടര്‍ത്തി നാവടപ്പിക്കാനാണ്
നേതൃത്വത്തിന്റെ ശ്രമം. വിഭാഗീയതയെ അണകെട്ടി നിര്‍ത്തിയിരിക്കുന്ന
പാര്‍ട്ടിയില്‍ മത്സരം നടന്നാല്‍ മുല്ലപ്പെരിയാറിനേക്കാള്‍ വലിയ
ദുരന്തമായിരിക്കും സംഭവിക്കുക എന്ന് പാര്‍ട്ടി നേതൃത്വം
ഭയപ്പെടുന്നു.പോളിറ്റ് ബ്യൂറോ-കേന്ദ്രകമ്മിറ്റി അംഗങ്ങള്‍
ആരാച്ചാരന്‍മാരെപോലെ അച്ചടക്കത്തിന്റെ കൊലവാളുമായി കാത്തിരിക്കുന്ന
സമ്മേളനവേദികള്‍ തലവെട്ടാനും നാവരിയാനുമുള്ള ബലിക്കല്ലുകള്‍പോലെ അണികളെ
പേടിപ്പെടുത്തുകയാണ്.
മൂന്നും
അതിലധികവും ഊഴങ്ങള്‍ എല്ലാ ജില്ലാ സെക്രട്ടറിമാര്‍ക്കും നല്‍കി അതിനുശേഷം
ഊഴക്കണക്കില്ലാതെ തന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഉറപ്പിക്കുക എന്ന
പിണറായി വിജയന്റെ ഒളി അജണ്ടയാണ് ജില്ലാ സമ്മേളനങ്ങളില്‍ മത്സരം തടയാനുള്ള
പ്രേരകം. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കും മുമ്പുതന്നെ ജില്ലകളില്‍
നേതൃമാറ്റമില്ലെന്ന പ്രചരണം നടത്തി. മത്സരത്തിന്റെ വിദൂരസാധ്യതകള്‍പോലും
തടയുന്നതില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും എളുപ്പം വിജയിച്ചു. എന്നാല്‍
പത്തനംതിട്ടയില്‍ മത്സരത്തിന് അനുമതി നല്‍കി വി എസ് ഗ്രൂപ്പിനെ
വെള്ളപുതപ്പിക്കുകയായിരുന്നു പിണറായി പക്ഷം. വി എസിന്റെ
അനുയായികള്‍ക്കിടയില്‍ വെള്ളിക്കാശ് വിതരണം ചെയ്ത് യൂദാസുമാരെ സൃഷ്ടിച്ചാണ്
പിണറായി ഈ വിജയം നേടിയത്. ഒഞ്ചിയവും ഷൊര്‍ണൂരും ആവര്‍ത്തിക്കുമെന്ന്
നേതൃത്വം ഭയപ്പെടുന്ന ബേഡകവും നീലേശ്വരവും ഉള്‍പ്പെട്ട കാസര്‍കോട് സമ്മേളനം
നടന്നത് ഒരു മഹായുദ്ധത്തിനുള്ള ആയുധ സജ്ജീകരണത്തോടെയായിരുന്നു. സമ്മേളന
നഗരി മുതല്‍ പ്രതിനിധികളുടെ പാര്‍പ്പിടങ്ങളില്‍ വരെ നേതൃത്വത്തിന്റെ
ചാരക്കണ്ണുകള്‍ വലയം ചെയ്തിരുന്നു.
പി
ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ സര്‍വസൈന്യാധിപനായി ആദ്യവസാനം പങ്കെടുത്ത
ജില്ലാ സമ്മേളനത്തില്‍ പ്രകടമായത് നേതൃത്വം അണികളെ എത്രമാത്രം പേടിക്കുന്നു
എന്നായിരുന്നു. നേതൃത്വത്തിന്റെ ജാഗ്രത്തായ കണ്ണുകളും തടിമിടുക്കുള്ള
ചുവപ്പ് വളണ്ടിയര്‍മാരും കാവല്‍നിന്നിട്ടും എസ് എം എസ് കളിലൂടെയും സമ്മേളന
രേഖകള്‍ കടത്തിയും അണികള്‍ നേതൃത്വത്തെ ഞെട്ടിച്ചു. സ്വന്തം നിഴലുകളെപോലും
പേടിക്കുന്ന രീതിയില്‍ പാര്‍ട്ടിക്കകത്ത് അവിശ്വാസം പടരുകയാണ്. മൊബൈല്‍
ഫോണും കുപ്പായക്കീശയും ബാഗും പരിശോധിക്കുന്ന തരത്തിലുള്ള നടപടികള്‍ നാളെ
അടിവസ്ത്രംപോലും പരിശോധിച്ചാല്‍ അത്ഭുതപ്പെടാനില്ല.യഥാര്‍ത്ഥത്തില്‍ സി പി
എം സമ്മേളനങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ക്കോ വിയോജിപ്പുകള്‍ക്കോ
പ്രത്യയശാസ്ത്രപരമായ പിന്‍ബലമില്ല. വ്യക്തിവിദ്വേഷത്തിന്റെ വിഷപ്പല്ലുകളും
പകയുടെ പത്തികളുമാണ് എങ്ങും ഉയര്‍ന്ന് കാണുന്നത്. വി എസിന് സൂചി കുത്താന്‍
ഇടം കിട്ടാത്ത കോഴിക്കോട്ട് പിണറായിയുടെ പട പലതായി പഴിചാരുന്ന കാഴ്ചയാണ്
കണ്ടത്.
No comments:
Post a Comment
Note: Only a member of this blog may post a comment.