ഗുജറാത്ത് എന്ന സംസ്ഥാനം രാജ്യത്തിന് മാതൃകയാക്കാവുന്ന പല നന്മകളും ചരിത്രത്തിന് സംഭാവന ചെയ്തിട്ടുണ്ട്. മഹാത്മജി ജനിച്ച പോര്‍ബന്തര്‍ ഗുജറാത്തിലാണെന്ന് ഏവര്‍ക്കുമറിയാം. ദേശപ്രേമികളും മഹാത്യാഗികളും പിറവിയെടുത്ത നാടാണ് ഗുജറാത്ത്.
സാമ്പത്തിക വിനിമയക്രമങ്ങളെ അര്‍ത്ഥവത്തായി വിനിയോഗിച്ച് സമ്പല്‍സമൃദ്ധി കൈവരിക്കാന്‍ ഗുജറാത്തികളെപ്പോലെ മിടുക്കരായവര്‍ കുറവാണ്. അങ്ങനെ രാജ്യത്തെ രണ്ടാമത്തെയോ ഒന്നാമത്തെയോ സംസ്ഥാനം എന്നതരത്തില്‍ ശ്രദ്ധനേടിയ ഒരു നാട്ടില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എന്താണ് സംഭവിക്കുന്നത്? ബി.ജെ.പി നേതാവ് നരേന്ദ്രമോഡി ഇന്നത്തെ ഗുജറാത്തിനെ ഒരു മാതൃകാ സംസ്ഥാനമാക്കി വളര്‍ത്തിയെന്ന് പ്രചരിപ്പിക്കാന്‍ ചില തല്‍പരകക്ഷികള്‍ ഇറങ്ങിയിട്ടുണ്ട്. ഗുജറാത്തിന്റെ ചരിത്രവും അവിടുത്തെ ജനങ്ങളുടെ സ്വഭാവവും തിരിച്ചറിഞ്ഞിട്ടില്ലാത്തവരാണ് മോഡിയെ കണ്ണടച്ച് പുകഴ്ത്തുന്നത്. സ്വന്തം പാര്‍ട്ടിയിലെ ചില ദേശീയ നേതാക്കളുടെ കുതികാല്‍വെട്ടി രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രിയാകാന്‍ താറുടുത്ത് കുറിയിട്ട് നില്‍ക്കുന്ന നരേന്ദ്രമോഡി ഒരു ഭരണാധികാരിയെന്ന നിലയില്‍ എത്രമാത്രം മനുഷ്യവിരുദ്ധനാണെന്ന് കഴിഞ്ഞദിവസം രണ്ട് കോടതിവിധികളിലൂടെ പുറത്തുവന്നു. വ്യാജ ഏറ്റമുട്ടല്‍ കൊലപാതക കേസുകളില്‍ സുപ്രീംകോടതിയുടെയും ഗുജറാത്ത് ഹൈക്കോടതിയുടെയും രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി നരേന്ദ്രമോഡി.
സൊഹറാബ്ദ്ദീന്‍ കൊലപാതകക്കേസും ഇസ്രത്ത് ജഹാന്‍ വധക്കേസും ഗുജറാത്ത് പൊലീസ് ആസൂത്രണം ചെയ്ത വ്യാജ ഏറ്റുമുട്ടല്‍ കേസുകളാണെന്ന് ന്യായാസനങ്ങള്‍ നിരീക്ഷിച്ചു. സൊഹറാബ്ദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐ അന്വേഷണം വൈകിപ്പിക്കുന്നതിനെതിരെയാണ് ഗുജറാത്ത് ഗവണ്‍മെന്റിനെ സുപ്രീംകോടതി അപലപിച്ചത്. ഗുജറാത്തിലെ പൊലീസിനെ വിശ്വസിക്കാനാവില്ലെന്ന നിരീക്ഷണവും കോടതിയില്‍ നിന്നുമുണ്ടായി. കേസില്‍ ആരോപണവിധേയരായ എ.ടി.എസ് തലവന്‍ ഡി.ജി വന്‍സാര, ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രി അമിത് ഷാ എന്നിവരുടെ ഫോണ്‍ സംഭാഷണം അടങ്ങിയ സി.ഡി രേഖ കൈമാറാന്‍ വൈകുന്നതിന്റെ പേരിലും മോഡി സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം ഏല്‍ക്കേണ്ടിവന്നു. 2004 ജൂണ്‍ പതിനഞ്ചിന് ഇസ്രത്ത് ജഹാനും ഭര്‍ത്താവ് ജാവേദ് ഗുലാം ഷൈഖ് എന്ന പ്രണേഷ്‌കുമാര്‍ പിള്ളയും ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. നരേന്ദ്രമോഡിയെ കൊല്ലാന്‍ എത്തിയ ലഷ്‌കര്‍ ഭീകരര്‍ എന്നാരോപിച്ച് പൊലീസ് ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. 2005 നവംബറിലാണ് സൊഹറാബ്ദ്ദീന്‍ സമാന സാഹചര്യത്തില്‍ വധിക്കപ്പെട്ടത്. ഏതാനും ദിവസങ്ങള്‍ക്കുശേഷം സൊഹറാബ്ദ്ദീന്റെ ഭാര്യ കൗസര്‍ബിയും കൊല്ലപ്പെടുകയുണ്ടായി.
ഈ കൊലപാതകങ്ങളെല്ലാം ആസൂത്രിതവും വ്യാജ ഏറ്റുമുട്ടലുകളിലൂടെ പൊലീസ് നടത്തിയ ഭീകരമായ നരനായാട്ടുമായിരുന്നു എന്ന് പ്രത്യേക അന്വേഷണസംഘം ഈയിടെയാണ് കണ്ടെത്തിയത്. കോടതിയുടെ സമയോചിതമായ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ മോഡി സര്‍ക്കാര്‍ ഈ കൊലപാതകങ്ങളെല്ലാം മായ്ച്ചുകളയുമായിരുന്നു. കേസില്‍ ഉള്‍പ്പെട്ട പതിനാല് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ നിര്‍ദ്ദേശിക്കുക വഴി ഗുജറാത്തിലെ മോഡി ഭരണകൂടത്തിന്റെ വിശ്വാസ്യതയാണ് നീതിപീഠം ചോദ്യം ചെയ്തിരിക്കുന്നത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെയും ഗുജറാത്ത് ഹൈക്കോടതിയുടെയും വിധി തീരുമാനങ്ങള്‍ ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷാനിര്‍ഭരമാണ്. ഭരണഘടനാനുസൃതമായ സെക്യുലര്‍ വ്യവസ്ഥകളെ കാറ്റില്‍പറത്തി ഒരു തികഞ്ഞ ഏകാധിപതിയെപ്പോലെ ഗുജറാത്ത് വാഴുന്ന നരേന്ദ്രമോഡി ചിലര്‍ക്കെങ്കിലും ഒരു മാതൃകാപുരുഷനായി മാറിയതെങ്ങനെ എന്നത് വിസ്മയകരമാണ്. എന്നാല്‍ മോഡിയെ അടുത്തറിഞ്ഞവരും അയാളിലെ രാക്ഷസനെ തിരിച്ചറിഞ്ഞവരും ഗുജറാത്തില്‍ തന്നെ ധാരാളമുണ്ട്. മലയാളിയായ റിട്ട. പൊലീസ് ഓഫീസര്‍ ആര്‍.ബി ശ്രീകുമാര്‍, കുല്‍ദീപ് ശര്‍മ്മ, രാഹുല്‍ ശര്‍മ്മ, സഞ്ജീവ് ഭട്ട്, രജനീഷ് റായ് തുടങ്ങിയവര്‍ ഉയര്‍ത്തിപ്പിടിച്ച ധാര്‍മികമൂല്യങ്ങളും മോഡിയ്‌ക്കെതിരെ നടത്തിയ ധര്‍മ്മയുദ്ധങ്ങളും മഹാത്മജിയുടെ ജന്മനാട്ടില്‍ നന്മയുടെ വെളിച്ചം അണഞ്ഞുപോയിട്ടില്ലെന്ന വസ്തുത പുറത്തുകൊണ്ടുവന്നു. ഏറ്റുമുട്ടല്‍ കൊലകള്‍ അടിക്കടി നടത്തി വംശഹത്യാ സംസ്‌കാരത്തിന് ചൂട്ടുകത്തിച്ചുപിടിച്ച നരേന്ദ്രമോഡിയെ രാജ്യത്തെ ജനാധിപത്യ പ്രണയികള്‍ വെറുതെവിടില്ല
No comments:
Post a Comment
Note: Only a member of this blog may post a comment.