Monday, June 6, 2011

സന്ന്യാസി എന്നാല്‍ സര്‍വസംഗപരിത്യാഗി എന്നര്‍ഥം


സന്ന്യാസി എന്നാല്‍ സര്‍വസംഗപരിത്യാഗി എന്നര്‍ഥം. സര്‍വവും പരിത്യജിച്ചവന് ലൗകികമോഹങ്ങളില്ല. രാംകൃഷ്ണയാദവ് എന്ന ബാബാ രാംദേവിന് സ്വന്തമായി ഒന്നുമില്ല. കാഷായവേഷം. നീണ്ട താടി. പിറകിലേക്ക് കെട്ടിവെച്ച മുടി. ഒരു കമണ്ഡലു പോലും കൈയിലില്ല. വസിഷ്ഠന്‍, വിശ്വാമിത്രന്‍, അഗസ്ത്യന്‍, കശ്യപന്‍ ഇത്യാദിയായ സപ്തര്‍ഷിമാരെപ്പോലെ നിര്‍ഭാഗ്യവാനല്ല. ആരും കാണാതെ കാട്ടിലും ഗുഹയിലും തപസ്സിരിക്കേണ്ടതില്ല. ഫുള്‍ടൈം ടി.വിയിലാണ് ധ്യാനമിരിപ്പ്. അതുകൊണ്ട് ദര്‍ശനം ഫ്രീയായി കിട്ടും. സോപ്പ് ഓപറകളും സീരിയലുകളും കണ്ടുമടുത്താല്‍ ആത്മീയതയുടെ ഒരു ഡോസ് വേണമെന്നുള്ളവര്‍ക്ക് വേദവിജ്ഞാന്‍, ദര്‍ശന്‍ബോധ്, രാഷ്ട്രചേതന, സഹാറ സമയ്, മനുസ്മൃതിമീമാംസ തുടങ്ങിയ ചാനലുകള്‍ കാണാവുന്നതാണ്. യോഗ പഠിക്കാം. ലൗകികസുഖഭോഗങ്ങളില്‍നിന്ന് താല്‍ക്കാലികമായ വിമുക്തിനേടി ആത്മീയതയുടെ അനുഭൂതിയില്‍ വിലയം പ്രാപിക്കാം.
ത്രേതായുഗത്തിലെയും ദ്വാപരയുഗത്തിലെയും സ്ഥിതിയല്ല കലിയുഗത്തില്‍. ഒന്നുമങ്ങനെ വെറുതെ കിട്ടില്ല. യോഗ ക്യാമ്പില്‍ ചേര്‍ന്ന് പഠിക്കണമെങ്കില്‍ കാശു കൊടുക്കണം. കാശു കൊടുത്ത് ശ്വാസം കഴിക്കാന്‍ പഠിപ്പിക്കുന്ന ജീവനകലയും കലിയുഗ ആത്മീയ വിപണിയുടെ ലൗകികഅപഭ്രംശമാണല്ലോ. ഇന്ത്യന്‍ മധ്യവര്‍ഗം എപ്പോഴും ടെന്‍ഷനിലാണ്. വെറുതെയിരുന്ന് ടെന്‍ഷനടിക്കുന്നതുകൊണ്ട് അവരുടെ മാനസിക സമ്മര്‍ദങ്ങള്‍ ലഘൂകരിക്കുന്ന ഗുരുക്കള്‍ നാട്ടില്‍ പെരുകി വരുന്നുണ്ട്. കേവലം രണ്ടു ദശകം കൊണ്ട് കോടികളുടെ സമാന്തരസാമ്പത്തിക സാമ്രാജ്യം പടുത്തുയര്‍ത്തിയ ഒരു യോഗിയുടെ കഥക്കു പിന്നില്‍ യുക്തിചിന്തയും ശാസ്ത്രാവബോധവും നഷ്ടമായ ഇന്ത്യന്‍ജനതയുടെ നാണംകെട്ട തോല്‍വിയുണ്ട്. ഏകാന്തമായ അനുധ്യാനങ്ങളില്‍നിന്നും മെയ്‌വഴക്കത്തില്‍നിന്നും ഉണര്‍വും ഊര്‍ജവും ആര്‍ജിച്ചെടുക്കാമെന്നത് പതഞ്ജലി ആര്‍ഷപാരമ്പര്യത്തിനു പകര്‍ന്നുനല്‍കിയ മഹാജ്ഞാനം. യോഗസൂത്രങ്ങള്‍ പിറവികൊണ്ട പുരുഷാന്തരങ്ങള്‍ക്കിപ്പുറം അത് കോടികളുടെ ആസ്തിയുള്ള ബിസിനസ് ആവുന്നുവെന്നത് ചരിത്രത്തിന്റെ വിപര്യയം.
ഹരിദ്വാറിലെ പതഞ്ജലി യോഗപീഠട്രസ്റ്റില്‍ നിന്നും ദിവ്യയോഗി മന്ദിര്‍ ട്രസ്റ്റില്‍നിന്നുമുള്ള വാര്‍ഷിക ടേണോവര്‍ 1100 കോടി. യോഗ പഠിപ്പിക്കുന്ന ദേശവ്യാപകമായ ക്യാമ്പുകളില്‍നിന്നുള്ള പ്രതിവര്‍ഷ ലാഭവിഹിതം അമ്പതുകോടി. മരുന്നുവില്‍പനയില്‍നിന്ന് അമ്പതുകോടി. പുസ്തകങ്ങളും ആത്മീയ പ്രഭാഷണങ്ങളുടെ സീഡി വില്‍പനയില്‍നിന്നും 2.3 കോടി വേറെയും. സ്‌കോട്ടിഷ് തീരത്ത് ലിറ്റില്‍ കുമ്പ്രെ ദ്വീപില്‍ 300 ഏക്കര്‍ നിലം. 17 കോടിയുടെ ഈ വസ്തു വിദേശ ഇന്ത്യന്‍ ദമ്പതികളുടെ സമ്മാനം. ട്രസ്റ്റുകളുടെ പ്രവര്‍ത്തനം നടക്കുന്ന ഹരിദ്വാ റില്‍ 1115 കോടി രൂപ വിലമതിക്കുന്ന 1000 ഏക്കര്‍ ഭൂമി. ഹരിദ്വറിലെ ഫുഡ് പാര്‍ക്കില്‍ 500 കോടിയുടെ നിക്ഷേപം. ഝാര്‍ഖണ്ഡിലെ ഫുഡ് പാര്‍ക്കില്‍ 44 കോടി വരുന്ന 40 ശതമാനം നിക്ഷേപം. ഹരിദ്വാറിലെ പതഞ്ജലി സര്‍വകലാശാലയില്‍ 100 കോടിയുടെ നിക്ഷേപം. 90 കോടി വിലമതിക്കുന്ന ഹിമാചല്‍ പ്രദേശിലെ സോളാനിലെ 38 ഏക്കര്‍ ഭൂമി. എണ്ണമറ്റ ബിസിനസ് സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോവാന്‍ ഇന്ത്യയിലെ തന്നെ മിടുക്കന്മാരായ പ്രഫഷനല്‍ മാനേജര്‍മാര്‍. ടെലിവിഷന്‍ അഭിമുഖങ്ങളില്‍ സംസാരിക്കാന്‍ വേണ്ട വസ്തുതകളും വിവരങ്ങളും തയാറാക്കാന്‍ മീഡിയാ മാനേജര്‍മാര്‍. വിമാനത്താവളത്തില്‍ നിന്നു വരുമ്പോള്‍ കാവലായി എണ്ണമറ്റ അകമ്പടി വാഹനങ്ങള്‍.
കൗപീനമുടുത്താല്‍ മഹാത്മാവാകില്ലെന്ന് തരുണ്‍ തേജ്പാലിന്റെ ഇംഗ്ലീഷ് നോവലിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. അഴിമതിക്കെതിരെ കാവിപുതച്ച ഗാന്ധിയന്മാര്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ തേജ്പാലിന്റെ ഗുരുജി പറയുന്ന വാക്കുകള്‍ക്ക് പ്രസക്തിയുണ്ട്. രണ്ടുകോടിരൂപക്ക് ഒരു മാസത്തേക്കു വാടകക്കെടുത്ത ഹൈടെക് പന്തലില്‍ ഉപവാസമിരിക്കാനാണ് ബാബാ രാംദേവ് തയാറായത്. അയ്യായിരം ഫാനുകളും ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷനുകളും ഐ.സി.യു സൗകര്യവുമെല്ലാമുള്ള സത്യഗ്രഹപ്പന്തല്‍ ചരിത്രത്തിലിതുവരെ ഇന്ത്യ കണ്ടിട്ടില്ല. രാംലീലാ മൈതാനത്ത് 18 കോടി രൂപ ചെലവില്‍ നടക്കുന്ന പഞ്ചനക്ഷത്ര സത്യഗ്രഹം ബാബാ രാംദേവിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ ചില സൂചനകള്‍ നല്‍കുന്നുണ്ട്.
വയസ്സ് നാല്‍പത്തിയഞ്ച്. സഹസ്രകോടിയിലേക്കുള്ള ലൗകികവളര്‍ച്ച നേടാന്‍ ആത്മീയവാദിക്ക് വേണ്ടിവന്നത് കേവലം പതിനഞ്ചു വര്‍ഷങ്ങള്‍. ഹരിയാനയിലെ ഒരു കര്‍ഷകകുടുംബത്തിന്റെ കഷ്ടപ്പാടുകളില്‍നിന്നാണ് ഏതു ബിസിനസുകാരനും കൊതിച്ചുപോവുന്ന മഹാസമൃദ്ധിയിലേക്കുള്ള വിസ്മയവളര്‍ച്ച. മഹേന്ദ്രഗഢ് ജില്ലയിലെ അലി സയ്യിദ് ഗ്രാമത്തില്‍ 1965 ഡിസംബര്‍ 25ന് ജനനം. പിതാവ് രാംനിവാസ് യാദവ്, മാതാവ് ഗുലാബോ ദേവി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടനയിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും രാംപ്രസാദ് ബിസ്മിലിന്റെയും ചിത്രങ്ങള്‍ കുട്ടിക്കാലത്ത് മുറിയിലെ ചുമരില്‍ തൂക്കിയിട്ടിരുന്നു. രാംപ്രസാദിന്റെ ജീവചരിത്രം വായിച്ച് വിപ്ലവവീര്യം ഉള്‍ക്കൊണ്ട കൗമാരം. ഷാജദ്പൂരില്‍നിന്നും എട്ടാം ക്ലാസ് പാസായി. കാണ്‍പൂരിലെ ആര്‍ഷഗുരുകുലത്തില്‍ ചേര്‍ന്ന് സംസ്‌കൃതവും യോഗയും പഠിച്ചു. ആചാര്യ ബല്‍ദേവ്ജിയുടെ സാന്നിധ്യം ജീവിതത്തിലെ വഴിത്തിരിവായി. ലൗകിക സുഖഭോഗങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നത് അവിടെ വെച്ച്. സന്ന്യാസദീക്ഷയെടുത്ത് രാംകൃഷ്ണന്‍ സ്വാമി രാംദേവ് ആയി. ഹരിയാനയിലെ ജിന്ധ് ജില്ലയിലെ കല്‍വ ഗുരുകുലത്തില്‍ കുറച്ചുകാലം ഗ്രാമവാസികള്‍ക്ക് സൗജന്യമായി യോഗ പരിശീലിപ്പിച്ചു. പിന്നീട് ഹരിദ്വാറിലേക്കുപോയി. അവിടെ കംഗാരി ഗുരുകുലത്തില്‍ വേദങ്ങളും ഉപനിഷത്തുക്കളും പഠിച്ചു. അരബിന്ദഘോഷിന്റെ യോഗിക് സാധന്‍ എന്ന അപൂര്‍വഗ്രന്ഥമാണ് യോഗയുടെ പലവിധ സാധ്യതകള്‍ അന്വേഷിക്കാന്‍ പ്രേരകമായത്. ആ പുസ്തകം വായിച്ച് ഹിമാലയത്തില്‍ പോയി കുറച്ചുകാലം ധ്യാനമിരുന്നു.
ആചാര്യ ബാല്‍കൃഷ്ണക്കൊപ്പം ദിവ്യ യോഗമന്ദിര്‍ ട്രസ്റ്റ് രൂപവത്കരിച്ചപ്പോഴാണ് യോഗയുടെ വ്യാപാരസാധ്യതകകള്‍ മനസ്സിലായത്. 2003ല്‍ ആസ്ത ടി.വിയുടെ പ്രഭാതപരിപാടികളില്‍ യോഗദര്‍ശനങ്ങള്‍ അവതരിപ്പിച്ചുതുടങ്ങി. കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ യോഗഗുരു  എന്ന പ്രശസ്തി നേടി. ഇന്ത്യയിലും വിദേശത്തും ബാബാ രാംദേവിന്റെ യോഗക്യാമ്പുകളില്‍ പതിനായിരങ്ങള്‍ സംബന്ധിക്കാന്‍ തുടങ്ങി. 2006ല്‍ പതഞ്ജലി യോഗപീഠം എന്ന ട്രസ്റ്റിനു കൂടി രൂപം കൊടുത്തു. അന്നത്തെ ഉപരാഷ്ട്രപതി ഭൈറോണ്‍ സിങ്് ശെഖാവത്ത് ആണ് ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ആയുര്‍വേദത്തിന്റെയും യോഗയുടെയും ഇന്ത്യയിലെ ഏറ്റവും വലിയ ഗവേഷണപരിശീലനകേന്ദ്രമായി സ്ഥാപനത്തെ വളര്‍ത്തിയെടുക്കുക എന്നതായിരുന്നു ഉദ്ദേശ്യം.ആയുര്‍വേദ കോളജുകള്‍, ചികിത്സാലയങ്ങള്‍, ജൈവകൃഷി ഫാം, ഹെര്‍ബല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഫുഡ് ആന്‍ഡ് ഹെര്‍ബല്‍ പാര്‍ക്ക് എന്നിങ്ങനെ ആ സാമ്രാജ്യവും വിപുലമായി വളര്‍ന്നു.
വിവാദങ്ങളുടെ തോഴനാണ് എന്നും. ആദ്യം ബാബക്കെതിരെ ആഞ്ഞടിച്ചത് വൃന്ദകാരാട്ട്. ദിവ്യ യോഗമന്ദിര്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ദിവ്യഫാര്‍മസി പുറത്തിറക്കുന്ന മരുന്നുകളില്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും അസ്ഥികളുടെ അംശങ്ങള്‍ ഉണ്ടെന്ന് 2006 ജനുവരിയില്‍ വൃന്ദ തുറന്നടിച്ചു. കുല്യഭസ്മം, യൗവനാമൃത് തുടങ്ങിയ മരുന്നുകളിലാണത്രെ ഈ സാന്നിധ്യം കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ മരുന്നുകളില്‍ മൃഗങ്ങളുടെ ഡി.എന്‍.എ കണ്ടെത്തിയിട്ടും കാര്യമായ അന്വേഷണമുണ്ടായില്ല. യോഗയെ പരിപോഷിപ്പിച്ചതിന്റെ പേരില്‍ സര്‍വകലാശാലകള്‍ ഡോക്ടറേറ്റ് ബിരുദം കണ്ടറിഞ്ഞുകൊടുത്തിട്ടുണ്ട്. ഭുവനേശ്വറിലെ കലിംഗ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി, നോയിഡയിലെ ആമിറ്റി യൂനിവേഴ്‌സിറ്റി എന്നിവയാണ് ഓണററി ഡോക്ടറേറ്റ് നല്‍കിയത്.
രാഷ്ട്രീയ മോഹങ്ങള്‍ മറച്ചുവെച്ചിട്ടില്ല. അഴിമതിക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കും വധശിക്ഷ കൊടുക്കുന്ന പാര്‍ട്ടിക്ക് രൂപം കൊടുക്കുമെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ഹൈടെക് സത്യഗ്രഹം ആ വഴിക്കുള്ള നീക്കമാവാം.

No comments:

Post a Comment

Note: Only a member of this blog may post a comment.