Sunday, June 12, 2011

സര്‍ക്കാരിന്‍റെ കരം കുറുകിയാല്‍...


നൂറുദിന കര്‍മപരിപാടി പ്രഖ്യാപനം മാത്രമായി ഒതുങ്ങില്ലെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തെളിയിക്കുകയാണ്. കര്‍മപരിപാടിയില്‍ ഏറ്റവും പ്രാധാന്യം നല്‍കിയ ഇനങ്ങള്‍ നടപ്പിലാക്കിത്തുടങ്ങി. അല്ലെങ്കില്‍ പൂര്‍ണതോതില്‍ നടപ്പിലാക്കാന്‍ തീവ്രശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളിലും ശതദിന കര്‍മപരിപാടിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സജീവം. 

പക്ഷേ, ഏതു സര്‍ക്കാരും നേരിടേണ്ടിവരാറുള്ള ഒരു വെല്ലുവിളി പുതിയ സര്‍ക്കാരിനുമുണ്ട്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ മാതൃകാപരമായിത്തന്നെ പ്രവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാരിനെതിരായ വികാരം സൃഷ്ടിക്കപ്പെടുന്ന വിധത്തില്‍ താഴേക്കിടയിലെ ചില ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ നീങ്ങുന്നു. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങളില്‍ അവര്‍ക്കു നേരിട്ടു ബന്ധപ്പെടേണ്ടിവരുന്ന ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടുകളാണ് സര്‍ക്കാര്‍ നിരീക്ഷണവിഷയമാക്കേണ്ടത്. ഭരണതലത്തില്‍ എത്ര മാതൃകാപരവും ജനസൗഹാര്‍ദപരവുമായ നടപടികള്‍ സ്വീകരിച്ചാലും, അതു ജനങ്ങളിലെത്തുന്നില്ലെങ്കില്‍, ഉദ്യോഗസ്ഥരുടെ പെരുമാറ്റവും പ്രവൃത്തിയും നിഷേധാത്മകമായാല്‍ എല്ലാം ഫലശൂന്യമാകും. സര്‍ക്കാരിന് ഇമേജ് തകര്‍ച്ചയും ജനങ്ങള്‍ക്ക് ഇച്ഛാഭംഗവും ദുരിതവും ആകും ഫലം. 

ഏറെ ശ്രദ്ധിക്കേണ്ട വകുപ്പാണു പൊലീസ്. ജനങ്ങളോടു സൗഹാര്‍ദപരമായി ഇടപെടാന്‍ പൊലീസിന് എല്ലാ സര്‍ക്കാരുകളും പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ ചില ഉദ്യോഗസ്ഥരെങ്കിലും ജനമര്‍ദക സ്വഭാവം വിടാന്‍ ഇനിയും തയാറാകുന്നില്ല. ഇടതുസര്‍ക്കാരിന്‍റെ കാലത്തു ഹെല്‍മറ്റ് വേട്ടയുടെ പേരില്‍ പൊലീസിന്‍റെ നരവേട്ട നടത്തി. വഴിയില്‍ പതുങ്ങിനിന്നു കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയവരെ ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തിയ പൊലീസിന്‍റെ നടപടി ആഭ്യന്തരവകുപ്പിനെ നാണം കെടുത്തി. ഒറ്റപ്പെട്ട സംഭവങ്ങള്‍ വരെ വാര്‍ത്താപ്രാധാന്യം നേടിയപ്പോള്‍ മറുപടി പറയാന്‍ കഴിയാതെ വിഷമിച്ചത് ആഭ്യന്തരമന്ത്രിയാണ്. ലോക്കപ്പുകളില്‍ പൊലീസുകാര്‍ കൈക്കരുത്ത് പ്രകടിപ്പിച്ചപ്പോഴും പ്രതിക്കൂട്ടിലായത് സെക്രട്ടേറിയറ്റിലെ ഓഫിസിലിരുന്ന ആഭ്യന്തരമന്ത്രി. 

അഞ്ചു വര്‍ഷം മുന്‍പ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഏറ്റവും കൂടുതല്‍ വിവാദമായതാണു ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊല. നാലോ അഞ്ചോ പൊലീസുകാരുടെ ക്രിമിനല്‍ സ്വഭാവത്തിനു ബലിയാടായ ഉദയകുമാറിന്‍റെ ചിത്രം ഉപയോഗിച്ച് അത്തവണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരേ ഇടതുപക്ഷം പ്രചാരണം നടത്തി. ഇടതു സര്‍ക്കാരും തങ്ങളുടെ ഭരണകാലത്ത് പൊലീസ് അതിക്രമങ്ങളുടെ പേരില്‍ പ്രതിക്കൂട്ടിലായി. അപ്പോള്‍ വാദിപക്ഷത്തു യുഡിഎഫ് ആയിരുന്നു. ഇപ്പോള്‍ വീണ്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തി ആഴ്ചകള്‍ പിന്നിടുന്നതിനു മുന്‍പു തന്നെ പൊലീസ് തനിനിറം കാണിച്ചു തുടങ്ങി. രാത്രി വാഹന പരിശോധനയുടെ പേരിലുള്ള പീഡനം, വഴിയാത്രക്കാരെ അസഭ്യവര്‍ഷത്തോടെ നേരിടല്‍, പൊലീസ് സ്റ്റേഷനിലെത്തുന്ന സാധാരണക്കാരെ മാനസികമായി പീഡിപ്പിക്കല്‍, നിരപരാധികളെ അപമാനിക്കല്‍ തുടങ്ങിയ നടപടികള്‍ തുടരുകയാണ്. 

പൊലീസിന്‍റെ പീഡനം ഇങ്ങനെ തുടരുമ്പോള്‍ വിസ തട്ടിപ്പുകാരും ഫ്ളാറ്റ് തട്ടിപ്പുകാരും നിക്ഷേപതട്ടിപ്പുകാരും ജനങ്ങളെ തരംപോലെ പറ്റിച്ചു വിലസുന്നു. അടുത്തയിടെ തിരുവനന്തപുരത്ത് അംഗീകാരമില്ലാത്ത ഒരു ട്രാവല്‍ ഏജന്‍സി അനധികൃത റിക്രൂട്ട്മെന്‍റ് നടത്തി ഇരുനൂറോളം പേരില്‍ നിന്നു ലക്ഷങ്ങള്‍ കൈപ്പറ്റി മുങ്ങി. അവരെപ്പറ്റി നാട്ടുകാരും ചില ഉദ്യോഗാര്‍ത്ഥികളും പൊലീസിനു മുന്നറിയിപ്പു നല്‍കിയിട്ടും പൊലീസ് അനങ്ങിയില്ല. ഒരു സുപ്രഭാതത്തില്‍ സാധാരണക്കാരുടെ പണവുമായി അവര്‍ കടന്നുകളഞ്ഞിട്ടും സ്വന്തം വീഴ്ചയെക്കുറിച്ചു പൊലീസ് ഉദ്യോഗസ്ഥനു യാതൊരു മനശ്ചാഞ്ചല്യവും അഭിമാനക്ഷതവുമില്ല. എന്നാല്‍ പിടിപ്പുകേടിന്‍റെ ആരോപണം പേറേണ്ടിവന്നതു സര്‍ക്കാര്‍. തിരുവനന്തപുരത്തും കൊച്ചിയിലും മലപ്പുറത്തും ലക്ഷങ്ങളുടെ നിക്ഷേപതട്ടിപ്പുകളാണ് നടന്നത്. ഇത്തരം തട്ടിപ്പുകാരുടെ സമ്മാനങ്ങള്‍ പറ്റുന്ന പൊലീസിന്‍റെ നിഷ്ക്രിയത്വം ജനങ്ങളുടെ മുന്നില്‍ പ്രതിക്കൂട്ടിലേറ്റുക സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിയെയും ആയിരിക്കും.

ഇതുപോലെ തന്നെ ആരോഗ്യവകുപ്പും. സംസ്ഥാനത്തെ ഭൂരിഭാഗം സാധാരണക്കാരും ചികിത്സയ്ക്കായി ആശ്രയിക്കുന്നതു സര്‍ക്കാര്‍ ആശുപത്രികളെ. ഇവിടങ്ങളിലെ മിക്ക ജീവനക്കാരുടെയും പെരുമാറ്റവും പ്രവര്‍ത്തന രീതിയും സര്‍ക്കാരിനെതിരേ ജനവികാരം സൃഷ്ടിക്കാന്‍ പോന്നതാണ്. മരുന്നുകള്‍ സ്റ്റോക്കുണ്ടെങ്കിലും കൊടുക്കാത്തവര്‍, അര്‍ഹതപ്പെട്ട ചികിത്സയ്ക്കു കൈമടക്കു വാങ്ങുന്നവര്‍, സമയത്തു ഡ്യൂട്ടിക്കു ഹാജരാകാത്തവര്‍... ഇവര്‍ക്കു ശമ്പളം നല്‍കുന്ന സര്‍ക്കാരിനെയല്ലാതെ മറ്റാരെയാണു ജനങ്ങള്‍ പഴിക്കുക. 

പനി ബാധിച്ച ഒരു പന്ത്രണ്ടുകാരന്‍റെ കാര്യത്തില്‍ മൂന്നോ നാലോ മണിക്കൂര്‍ കൊണ്ടു ഫലം നിര്‍ണയിക്കാവുന്ന പരിശോധനയ്ക്ക് മൂന്നു ദിവസമെടുത്തതും ചികിത്സ വൈകിയതിനാല്‍ ജീവന്‍ നഷ്ടമാകുന്ന അവസ്ഥയിലെത്തിയതും സംസ്ഥാനത്തെ ഒരു മെഡിക്കല്‍ കോളെജില്‍ നടന്ന സംഭവം. ഇതിനൊക്കെ ഉത്തരവാദികളായ സര്‍ക്കാര്‍ സേവകര്‍ക്ക്, എന്തു ചെയ്താലും എല്ലാ മാസവും കുറവില്ലാതെ ശമ്പളം ലഭിക്കും. സര്‍ക്കാരിന് നയം ഇല്ലാത്തതു കൊണ്ടോ നിലപാടു പ്രഖ്യാപിക്കാത്തതു കൊണ്ടോ അല്ല ഇതു സംഭവിക്കുന്നത്. ഉദ്യോഗസ്ഥരുടെ മനോഭാവം മാറുന്നില്ല. അതു മാറ്റിക്കണം എന്നതാണു സര്‍ക്കാരിന്‍റെ വെല്ലുവളി. 

സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ചൂണ്ടിക്കാട്ടി, അവിടങ്ങളിലെ ചതിക്കുഴികളില്‍ പൊലിഞ്ഞ ജീവനുകളുടെയും ജീവച്ഛവങ്ങളായവരുടെയും എണ്ണം പറഞ്ഞാണ് ഓരോ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രചാരണം സജീവമാക്കുന്നത്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന റോഡുകള്‍ കുറവുതീര്‍ത്തു പരിപാലിക്കാന്‍ ഉദ്യോഗസ്ഥരും പണവും പദ്ധതിയുമുണ്ട്. വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നുമുണ്ട്. എന്നിട്ടും സംഭവിക്കുന്നതു മറിച്ച്. 

സെക്രട്ടേറിയറ്റിലെ മുറിയിലിരിക്കുന്ന മന്ത്രിക്ക് കേരളത്തിലെ എല്ലാ റോഡുകളുടെയും അവസ്ഥ അറിയാന്‍ കഴിയില്ല. നേരിട്ടു പരിശോധിക്കാനും കഴിയില്ല. ഇവിടെ മന്ത്രിയെ അറിയിക്കേണ്ട ഉദ്യോഗസ്ഥരുണ്ട്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി തന്നെ നേരിട്ട് ആജ്ഞാപിക്കണമെന്നില്ല. ഉദ്യോഗസ്ഥര്‍ക്കു നേരിട്ടു നടത്താം. അവരുടെ പരിധിക്കു മുകളിലുള്ള പണികളാണെങ്കില്‍ മന്ത്രിയുടെ അംഗീകാരം വാങ്ങാനും സംവിധാനമുണ്ട്. എന്നാല്‍ ഇതൊന്നും ചെയ്യില്ലെന്നു പ്രതിജ്ഞയെടുത്ത മട്ടിലാണ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം. വേണമെങ്കില്‍ മന്ത്രി കണ്ടുപിടിച്ചു പറഞ്ഞാല്‍ ചെയ്യാമെന്ന നിലപാട്. ശമ്പളവും കിമ്പളവും വാങ്ങാന്‍ പക്ഷേ, ആരുടെയും സമ്മര്‍ദവും നിര്‍ബന്ധവുമൊന്നും ആര്‍ക്കും വേണ്ടാ. 

വാഹനങ്ങളുടെ എണ്ണം പ്രതിവര്‍ഷം 12% മുതല്‍ 15% വരെ വര്‍ധിക്കാറുണ്ട്. ഇതു മുന്നില്‍ക്കണ്ടുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍, അഞ്ചും ആറും അക്ക ശമ്പളത്തോടെ പല പേരുകളില്‍ പലയിടങ്ങളിലായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുമുണ്ട്. എന്നാല്‍ കേരളപ്പിറവി മുതല്‍ ഇന്നുവരെ ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ വിരലില്ലെണ്ണാന്‍ മാത്രം. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം റോഡുകളില്‍ പൊലിഞ്ഞത് 3922 ജീവനുകളാണ്. ഓരോ അപകടത്തിലും ഓരോ കുടുംബത്തിനുമുണ്ടാകുന്നു നഷ്ടം നികത്താന്‍ ഉദ്യോഗസ്ഥര്‍ക്കോ സര്‍ക്കാരിനോ കഴിയില്ല. ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പക്ഷേ, ഇത്തരം ദുരന്തങ്ങള്‍ പരമാവധി ഒഴിവാക്കാം. ഇന്നത്തെ ഭരണപക്ഷം പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇന്നത്തെ പ്രതിപക്ഷത്തിന് ഉന്നയിക്കേണ്ടിവരുന്നു. ഇതു ചാക്രികമായി തുടരുന്നു. രാഷ്ട്രീയ നേതാക്കളുടെ ഇച്ഛാശക്തിയില്ലായ്മയോ പദ്ധതികള്‍ നടപ്പിലാക്കരുതെന്ന വാശിയോ അല്ല, ഉദ്യോഗസ്ഥരുടെ സമീപനങ്ങളിലെ പാളിച്ചകളാണ് ഈ അവസ്ഥ സൃഷ്ടിക്കുന്നത്. 

ശതദിന കര്‍മപദ്ധതി പ്രകാരം നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. എല്ലാം നടപ്പിലാക്കാനുള്ള ആര്‍ജവവും സര്‍ക്കാരിനുണ്ട്. നടപ്പാക്കണമെന്ന വാശിയും പ്രകടമാക്കിയിട്ടുണ്ട്. എന്നാല്‍ ആദ്യമേ മറ്റൊരു പദ്ധതി വേണ്ടിയിരുന്നു. ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ മാറ്റം വരുത്താനുള്ള കര്‍മപദ്ധതി. സര്‍ക്കാരിന്‍റെ താത്പര്യങ്ങള്‍ ഹനിക്കുന്നവരെയും ജനങ്ങളോടു ശത്രുതാമനോഭാവത്തില്‍ പെരുമാറുന്നവരെയും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിടുകയോ ജയിലിലയയ്ക്കുകയോ ചെയ്യാനുള്ള സംവിധാനം നമുക്കും ആവശ്യം. അതുണ്ടായാല്‍ പ്രത്യേകിച്ചു കര്‍മപദ്ധതിയൊന്നും ഇല്ലാതെതന്നെ ജനങ്ങള്‍ക്ക് അര്‍ഹമായ സേവനം യഥാസമയം ലഭിക്കും. ഈ നാടു നന്നാകും. 

ഏതു സര്‍ക്കാര്‍ വന്നാലും ആരു മുഖ്യമന്ത്രിയായാലും ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന ഉദ്യോഗസ്ഥനായിരിക്കും സര്‍ക്കാരിന്‍റെ മുഖച്ഛായ നന്നാക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത്. ഇതു തിരിച്ചറിഞ്ഞാലേ സര്‍ക്കാരിന്‍റെ ലക്ഷ്യങ്ങള്‍ നിറവേറുകയും യത്നങ്ങള്‍ ഫലമണിയുകയും ചെയ്യൂ, ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള അകലം ഇല്ലാതാകുകയുമുള്ളു.

No comments:

Post a Comment

Note: Only a member of this blog may post a comment.