Saturday, April 21, 2012

അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി


തിരുവനന്തപുരം: കടല്‍ക്കൊല കേസില്‍ സംസ്‌ഥാനത്തിന്റെ താല്‍പര്യത്തിനു വിരുദ്ധമായി സുപ്രീം കോടതിയില്‍ നിലപാട് സ്വീകരിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശക്തമായ പ്രതിഷേധം അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായി സുപ്രീം കോടതിയില്‍ നിലപാട് സ്വീകരിച്ച അഡീ. സോളിസിറ്റര്‍ ജനറലിനെ നീക്കം ചെയ്യണമെന്ന് അറ്റോര്‍ണി ജനറലിനോടും കേന്ദ്ര നിയമമന്ത്രിയോടും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

ഇതോടെ കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി റാവലിന്റെ സ്‌ഥാനം തെറിച്ചേക്കുമെന്ന്‌ അറിയുന്നു. ഇനി കേസില്‍ സോളിസിറ്റര്‍ ജനറലോ അറ്റോര്‍ണി ജനറലോ സുപ്രീം കോടതിയില്‍ ഹാജരായേക്കും. ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ്‌ മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ സുപ്രീം കോടതിയില്‍ വിവാദ പരാമര്‍ശം നടത്തിയ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി. റാവലിനെ ഈ കേസ്‌ കൈകാര്യം ചെയ്യുന്നതില്‍ നിന്ന്‌ ഒഴിവാക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആവശ്യത്തെ തുടര്‍ന്നാണിത്. സോളിസിറ്റര്‍ ജനറല്‍ റോഹിന്‍ടണ്‍ നരിമാനോടാണ് ഉമ്മന്‍ ചാണ്ടി ആദ്യം ആവശ്യം ഉന്നയിച്ചത്. സുപ്രീം കോടതിയെ കേന്ദ്രത്തിന്റേതല്ലാത്ത നിലപാടായിരുന്നു റാവല്‍ അറിയിച്ചത്.

നിയമമന്ത്രാലയവുമായി കൂടിയാലോചിച്ച്‌ കേരളത്തിനെതിരായ പരാമര്‍ശങ്ങള്‍ തിരുത്താന്‍ ശ്രമിക്കാമെന്നു നരിമാന്‍ അറിയിച്ചതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ കേസില്‍ കേരളത്തിന്‌ അനുകൂലമായ നിലപാടാണു കേന്ദ്രം ഹൈക്കോടതിയില്‍ സ്വീകരിച്ചത്‌. നിലപാടില്‍ മാറ്റമില്ലെന്നു സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ച സാഹചര്യത്തില്‍ റാവല്‍ കോടതിയില്‍ പറഞ്ഞതു സ്വന്തം അഭിപ്രായമാണെന്നു വ്യക്‌തമായി. നിയമപരമായി ശരിയാണെന്ന്‌ ഉറപ്പിച്ചശേഷം, കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം കൂടി ആരാഞ്ഞുകൊണ്ടാണ്‌ കേസില്‍ മുന്നോട്ടു പോകുന്നത്‌.

സുപ്രീം കോടതിയിലെ സം സ്ഥാന സര്‍ക്കാരിന്റെ സ്‌റ്റാന്‍ഡിംഗ്‌ കോണ്‍സല്‍ എം.ആര്‍. രമേശ്‌ ബാബുവില്‍ നിന്നു കേസിന്റെ ചുമതല കഴിഞ്ഞ ദിവസം എം.ടി.ജോര്‍ജിനെ ഏല്‍പ്പിച്ചതില്‍ അസ്വഭാവികമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് അനുകൂലമായ കേന്ദ്ര നിലപാടില്‍ മാറ്റമില്ലെന്നു വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്‌ണ വ്യക്‌തമാക്കിയതായി ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. സ്‌പെയിന്‍ സന്ദര്‍ശിക്കുന്ന കൃഷ്‌ണയോടു ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. കേന്ദ്രം കേരളത്തിന്റെ നിലപാടിനൊപ്പമാണെന്നും ഇന്ത്യയില്‍ മടങ്ങിയെത്തിയശേഷം കാര്യങ്ങള്‍ വിശദമാക്കുമെന്നും എസ്‌.എം. കൃഷ്‌ണ വേണുഗോപാലിനെ അറിയിച്ചു.

ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ്‌ മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ നാവികര്‍ക്കെതിരേ കേസെടുക്കാന്‍ കേരളാ പോലീസിന്‌ അധികാരമില്ലെന്ന്‌ അഡീ. സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ അറിയിക്കുകയായിരുന്നു. ഈ നിലപാടിനെ സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സംഭവം നടന്നത്‌ കേരളത്തിന്റെ അധികാരപരിധിക്കു പുറത്താണെന്നും കേസെടുത്ത്‌ നാവികരെ ജയിലിലിടാന്‍ കേരള പോലീസിന്‌ അധികാരമില്ലെന്നും ചോദിക്കാതെ തന്നെ അഡീ. സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി. റാവല്‍ കോടതിയില്‍ അറിയിക്കുകയായിരുന്നു.

രണ്ട്‌ ഇന്ത്യന്‍ പൗരന്മാരാണു കൊല്ലപ്പെട്ടതെന്ന്‌ ഓര്‍ക്കണമെന്നു കോടതി അമര്‍ഷത്തോടെ അറിയിച്ചെങ്കെിലും നിലപാടു തിരുത്താന്‍ റാവല്‍ തയാറായില്ല. ഈ നിലപാട്‌ അംഗീകരിക്കാനാവാത്തതും നിര്‍ഭാഗ്യകരവുമാണെന്നു കേസ്‌ പരിഗണിച്ച ജസ്‌റ്റിസ്‌ എച്ച്‌.എല്‍. ഗോഖലെ പറഞ്ഞു. കപ്പല്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ കപ്പലുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ്‌ ഇറ്റലിക്ക്‌ അനുകൂലമായ നിലപാടു റാവല്‍ സ്വീകരിച്ചത്‌. കോടതി നടപടികള്‍ ഏകദേശം പൂര്‍ത്തിയായി ഇനി എന്തെങ്കിലും പറയാനുണ്ടോ എന്നു ചോദിച്ചപ്പോള്‍ അപ്രതീക്ഷിതമായാണ്‌ കേരളത്തിന്‌ എതിരായ വാദമുഖങ്ങള്‍ ഉന്നയിച്ചത്‌.

സംഭവം നടന്നതു കരയില്‍ നിന്ന്‌ 20.5 നോട്ടിക്കല്‍ മൈല്‍ അകലെയാണ്‌. സമുദ്രത്തില്‍ 12 നോട്ടിക്കല്‍ മൈലിനുളളില്‍ നടക്കുന്ന സംഭവത്തില്‍ മാത്രമാണ്‌ കേസെടുക്കാന്‍ പോലീസിന്‌ അധികാരമുളളതെന്നും റാവല്‍ പറഞ്ഞു. നാവികര്‍ക്കെതിരായി പോലീസ്‌ എടുത്ത കേസുകള്‍ നിലനില്‍ക്കുന്നതല്ലെന്നാണോ അഭിപ്രായം എന്നു ചോദിച്ചപ്പോള്‍ 'അതെ'എന്നായിരുന്നു റാവലിന്റെ ഉത്തരം. എങ്ങനെയാണ്‌ നിങ്ങള്‍ക്ക്‌ ഇങ്ങനെയൊരു നിലപാടു സ്വീകരിക്കാനാവുന്നതെന്ന്‌ കോടതി ചോദിച്ചു. വെടിവയ്‌പ് നടന്ന സ്‌ഥലത്തെക്കുറിച്ചുളള തര്‍ക്കം തുടരുകയാണ്‌. ''മരിച്ചത്‌ ഇന്ത്യന്‍ പൗരന്മാരാണെന്ന്‌ ഓര്‍മ്മ വേണം''- കോടതി പറഞ്ഞു. കപ്പലില്‍നിന്നു വെടിയേറ്റു മരിച്ചവര്‍ ഇന്ത്യന്‍ രജിസ്‌ട്രേഷനിലുളള ബോട്ടിലുളളവരായിരുന്നു. കപ്പല്‍ വിട്ടു നല്‍കുന്നതു സംബന്ധിച്ച കേസ്‌ ഈ മാസം 30 നു മാറ്റി.

കപ്പല്‍ കേസില്‍ പ്രതിയല്ലെന്നും ഉടമകള്‍ക്കു വിട്ടുനല്‍കണമെന്നും കപ്പലുടമകള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ കെ.കെ. വേണുഗോപാല്‍ വാദിച്ചു. കപ്പല്‍ വിട്ടു നല്‍കാമെന്ന നിലപാടാണു കോടതിയും കേന്ദ്രസര്‍ക്കാരും സ്വീകരിച്ചത്‌. കപ്പല്‍ വിട്ടു നല്‍കണമെങ്കില്‍ മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിക്കണമെന്ന ന്യായമാണു കേരളം ചൂണ്ടിക്കാട്ടിയത്‌. ഓടുന്ന ട്രെയിനില്‍ കൊലപാതകം നടന്നാല്‍ ട്രെയിന്‍ പിടിച്ചെടുക്കാറില്ലല്ലോ എന്നു കോടതി തിരിച്ചു ചോദിച്ചു. കപ്പല്‍ വിട്ടുനല്‍കിയാല്‍ പിന്നീടു തിരിച്ചുകൊണ്ടു വരാനാകില്ലെന്നും കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും കേരളം അറിയിച്ചു. കപ്പല്‍ വിട്ടുനല്‍കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ വിധിയുണ്ടെങ്കിലും ഡിവിഷന്‍ ബെഞ്ച്‌ എതിരായി വിധിച്ചിരുന്നു.

നാവിക കേസുകളില്‍ അഡിമിറാല്‍റ്റി കോടതി വിധിയെ മറികടക്കാന്‍ ഡിവിഷന്‍ ബെഞ്ചിനാവില്ലെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. കപ്പല്‍ വിട്ടുനല്‍കാന്‍ കൂടുതല്‍ നിബന്ധനകള്‍ ആവശ്യമെങ്കില്‍ നിര്‍ദേശിക്കാനും ആവശ്യപ്പെട്ടു. കപ്പലില്‍നിന്നു വെടിയേറ്റ്‌ മരിച്ച സെലസ്‌റ്റ്യന്റെ ഭാര്യ ഡോറയ്‌ക്കു വേണ്ടി ആരും ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന്‌ വീണ്ടും നോട്ടീസ്‌ അയക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലായിരുന്നു വെടിവയ്‌പെന്ന ഇന്ത്യന്‍ വാദം നേരത്തെ ഇറ്റലിയും അംഗീകരിച്ചിരുന്നു.

ഇതിനിടെ എന്റിക്ക ലെക്‌സിയില്‍നിന്നുള്ള വെടിയേറ്റ്‌ രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിട്ടില്ലെന്നു കേന്ദ്ര ഷിപ്പിംഗ്‌ മന്ത്രാലയം വ്യക്തമാക്കി. കപ്പല്‍ തടഞ്ഞുവയ്‌ക്കാന്‍ കേരളാ പോലീസിന്‌ അധികാരമില്ലെന്നു സുപ്രീം കോടതിയെ അറിയിക്കാന്‍ അഭിഭാഷകനു നിര്‍ദേശം നല്‍കിയിരുന്നില്ലെന്നും ഇക്കാര്യത്തില്‍ കേരള സര്‍ക്കാരുമായി അഭിപ്രായവ്യത്യാസമില്ലെന്നും ഇന്നലെ വൈകുന്നേരം പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ ഷിപ്പിംഗ്‌ മന്ത്രാലയം വ്യക്‌തമാക്കി. സംഭവത്തില്‍ കേസെടുക്കാന്‍ കേരളാ പോലീസിന്‌ അധികാരമില്ലെന്നു കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ റാവല്‍ സുപ്രീം കോടതിയെ അറിയിച്ചതു വിവാദമായ പശ്‌ചാത്തലത്തിലാണു ഷിപ്പിംഗ്‌ മന്ത്രാലയത്തിന്റെ വിശദീകരണം.

കടലിലെ വെടിവയ്‌പില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക്‌ ഒരു കോടി രൂപ വീതം നഷ്‌ടപരിഹാരം നല്‍കുമെന്ന്‌ ഇറ്റാലിയന്‍ സര്‍ക്കാര്‍ കേരളാ ഹൈകോടതിയില്‍ ഉറപ്പു നല്‍കി. തുടര്‍ന്ന്‌ നഷ്‌ടപരിഹാരക്കേസുകള്‍ ലോക്‌ അദാലത്തിന്റെ പരിഗണനയ്‌ക്ക് അയയ്‌ക്കാന്‍ കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച നഷ്‌ടപരിഹാര കേസുകളില്‍ കക്ഷി ചേരാന്‍ അനുമതി തേടി ഇന്ത്യയിലെ ഇറ്റാലിയന്‍ കോണ്‍സല്‍ ജിയാം പൗലേ കുട്ടിലോ ആണ്‌ ഹര്‍ജി നല്‍കിയത്‌. രണ്ടുകോടി രൂപവീതം നഷ്‌ടപരിഹാരം ലഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കപ്പല്‍ ഉടമകള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളിലാണ്‌ ഇറ്റാലിയന്‍ സര്‍ക്കാര്‍ കക്ഷിചേരാന്‍ അനുമതി തേടിയത്‌. കക്ഷി ചേരാന്‍ കോടതി അനുമതി നല്‍കി. ചൊവ്വാഴ്‌ച നടക്കുന്ന ലോക്‌ അദാലത്തില്‍ നഷ്‌ടപരിഹാര കേസുകള്‍ പരിഗണിക്കും.

കേരളത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച അഡീഷണല്‍ സോളിസിറ്ററെ നീക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാടിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ ഈ വിഷയത്തില്‍ മുതലെടുപ്പിന് ഇറങ്ങി തിരിച്ചവരുടെ വായ് മൂടിയ അവസ്ഥയിലുമായി.

No comments:

Post a Comment

Note: Only a member of this blog may post a comment.