സി പി എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ത്യന്‍ മാതൃകയെപ്പറ്റി എത്രത്തോളം വാചാലരായാലും പുള്ളിപ്പുലിയുടെ പുള്ളിപോലെ മായാത്ത ചില വിദേശ മുദ്രകള്‍ അവരുടെ നിലപാടില്‍ െതളിഞ്ഞു കാണും. ചൈനയുടെ താത്പര്യത്തിനുവേണ്ടി ഇന്ത്യ-യു എസ് ആണവക്കരാറിനെ അന്ധമായി എതിര്‍ത്തവരെന്ന പഴി സി പി എം ഇപ്പോഴും കേള്‍ക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏത് പാര്‍ട്ടി കോണ്‍ഗ്രസും കുമ്പസാരത്തിന്റെ കൂടി വേദികളാവാറുണ്ട്. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപത്തി രണ്ടാം കോണ്‍ഗ്രസില്‍ ക്രൂഷ്‌ച്ചേവിന്റെ അതിഥിയായി എത്തിയ ലസൂര്‍ക്കിന പാര്‍ട്ടിയിലെ 'വിഭാഗീയത'യ്ക്ക് ആക്കം നല്‍കിയത്. 'പ്രേത'ത്തെ കൂട്ടുപിടിച്ചായിരുന്നു. ''റെഡ്‌സ്‌ക്വയറിലെ മുസോളിയത്തില്‍ സ്റ്റാലിന്റെ പ്രേതത്തിനടുത്ത് കിടക്കാന്‍ തനിക്കിഷ്ടമില്ലെന്ന് ലെനിന്റെ പ്രേതം കഴിഞ്ഞ ദിവസം എന്റെ അടുത്തുവന്നറിയിച്ചു!''-എന്നായിരുന്നു ലസൂര്‍ക്കിനയുടെ പ്രസംഗം. തദ്വരാ, വര്‍ഷങ്ങളായി പാര്‍ട്ടി സൂക്ഷിച്ചുവെച്ചിരുന്ന ജോസഫ് സ്റ്റാലിന്റെ മൃതദേഹം കോണ്‍ക്രീറ്റ് കുഴിയിലേക്ക് എടുത്തെറിയപ്പെട്ടു!! ഒപ്പം റഷ്യയില്‍ സ്റ്റാലിന്റെ പേരിലുള്ള പല പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരും മാറ്റി. ഉള്‍ക്കൊള്ളാനാവാത്തതിനെ ഉന്മൂലനം ചെയ്യുകയെന്ന 'സ്റ്റാലിന്‍ സിദ്ധാന്തം' അദ്ദേഹത്തിനെതിരായി തന്നെ പ്രയോഗിക്കപ്പെട്ടു.
ഹംഗേറിയന്‍ പാര്‍ട്ടി നേതാവ് ജാനൂസ് കാതറും യൂഗ്ലോസ്ലോവിയായിലെ മാര്‍ഷല്‍ ടിറ്റോയും യൂറോ കമ്യൂണിസത്തിന്റെ ഉപജ്ഞാതാവായിരുന്ന സാന്റിയാഗോ കാരില്ലോയും ഇന്ത്യയില്‍ കമ്യൂണിസം സൃഷ്ടിക്കാനെത്തിയ സ്പ്രാറ്റും പാര്‍ട്ടിയിലെയും അനുഭാവ സംഘടനകളിലേയും ഛിദ്രപ്രവണതമൂലം കുമ്പസരിച്ച് പുറത്തു പോയവരാണ്. സ്റ്റാലിന്‍ ഭരണകാലത്തെ കൊടു ക്രൂരതകളെക്കുറിച്ചും അനേകലക്ഷം കര്‍ഷകരെ കൂട്ടത്തോടെ കൊന്നൊടുക്കിയ നടപടികളെക്കുറിച്ചും ലോകത്തിലെ ആദ്യ കമ്യൂണിസ്റ്റ് രാജ്യം സ്ഥാപിച്ച ലെനിനോടും അദ്ദേഹത്തിന്റെ ഭാര്യയോയും സ്റ്റാലിന്‍ കാണിച്ച ദ്രോഹകരമായ നിലപാടിനെക്കുറിച്ചും ട്രോഡ്‌സ്‌ക്കി ലോകത്തോട് കുമ്പസരിച്ചിട്ടുണ്ട്. സിയാനോവും സുമാരിനുമുള്‍പ്പെടെ സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കേന്ദ്ര കമ്മിറ്റിയിലെ 90 അംഗങ്ങള്‍ക്ക് സ്റ്റാലിന്റെ 'അസഹിഷ്ണുതയും ക്രൂരതയും' കൊണ്ട് ജീവന്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചും, എത്രയോ വര്‍ഷങ്ങളായി പാര്‍ട്ടി കമ്മിറ്റിയോ കോണ്‍ഗ്രസോ ചേരാത്തതിനെപ്പറ്റിയും ചോദ്യം ചെയ്യാന്‍ ഒരു ക്രൂഷ്‌ച്ചേവ് ഉണ്ടായിരുന്നു.
സ്റ്റാലിനില്‍ നിന്ന് ക്രൂഷ്‌ച്ചേവിലൂടെ ബ്രെഷ്‌നേവിലൂടെ ആന്ത്രപ്പോവിലൂടെ ചെര്‍ണങ്കോവിലൂടെ ഗോര്‍ബച്ചേവിലേക്ക് കടന്നപ്പോള്‍ റഷ്യന്‍ ജനത 'സ്വാതന്ത്ര്യദാഹ'വുമായി തെരുവുകളിലേക്ക് ഓടിയ ചിത്രം മറക്കാന്‍ കഴിയില്ല. ഗ്ലാസ്‌നോസ്തും പെരിസ്‌ട്രോയിക്കയും കൊടുങ്കാറ്റഴിച്ചു വിട്ട സോവിയറ്റ് യൂണിയനില്‍ കമ്യൂണിസത്തിന്റെ വക്താക്കളുടെ, പ്രയോക്താക്കളുടെ പ്രതിമകളും വാഗ്ദാനങ്ങളും കടപുഴകി വീണപ്പോള്‍ സ്വാതന്ത്ര്യദാഹവുമായി പരസഹസ്രം ജനങ്ങള്‍ സ്വയം രക്തസാക്ഷികളാകാന്‍ ഒരുങ്ങി. ഒരുപാട് 'വിമത'രുടെ ധൈഷനിക പരിശ്രമത്തിനൊടുവിലാണ് ഗോര്‍ബച്ചേവിനുശേഷം റഷ്യ സ്വതന്ത്രമായത്. പെരിസ്‌ട്രോയ്ക്കയും ഗ്ലാസ്‌നോസ്തും റഷ്യകൊണ്ട് അവസാനിച്ചില്ല. അത് പുതിയ ചിന്തയായി, വിഭാഗീയതയായി ദേശാന്തരങ്ങളിലേക്ക് വ്യാപിച്ചു. ആ മാറ്റം ഉള്‍ക്കൊള്ളാന്‍പോലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക്, പ്രത്യേകിച്ച് സി പി എമ്മിന് സാധിച്ചില്ല.
സാങ്കല്‍പ്പിക രക്തരക്ഷസ്സ്- ഡ്രാക്കുള ജീവിച്ചിരുന്ന കാര്‍പാര്‍ട്ടിയന്‍ മലയിടുക്കില്‍ അധിവസിച്ച റുമേനിയയിലെ ചൗഷസ്‌ക്യുവിനെ കമ്യൂണിസ്റ്റുകാര്‍ നടുറോഡില്‍വെച്ച് വെട്ടിനുറുക്കി. ബര്‍ലിന്‍ മതില്‍ അടിച്ചു തകര്‍ത്തുകൊണ്ട് ജനം കിഴക്കന്‍ ജര്‍മ്മനിയിലെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ കഥ കഴിച്ചു!-ഇതെല്ലാം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാത്തവര്‍ക്ക് കാലം നല്‍കുന്ന ശിക്ഷയാണ്. ഇന്ത്യന്‍ സാഹചര്യത്തെപ്പറ്റി രാഷ്ട്രീയ നയംമാറ്റത്തില്‍ അധരവ്യായാമം ചെയ്യുന്ന സി പി എം ആരെയാണ് തങ്ങളുടെ കൂടാരത്തിലേക്ക് സ്വാഗതം ചെയ്യുന്നതെന്നുകൂടി വിശദീകരിക്കേണ്ടി വരും. പി സി ജോഷിയും ഡാെങ്കയും വിഭാവനം ചെയ്ത 'കോണ്‍ഗ്രസുമായുള്ള സഹകരണം' പില്‍ക്കാലത്ത് നൃപന്‍ ചക്രവര്‍ത്തിയും ജ്യോതി ബസുവും സോമനാഥ് ചാറ്റര്‍ജിയുമുള്‍പ്പെടെയുള്ള എത്രയോ നേതാക്കള്‍ ആവര്‍ത്തിച്ചിരുന്നു. നൃപന്‍ ചക്രവര്‍ത്തിയെ പുറത്തെറിഞ്ഞ പാര്‍ട്ടി ഹിമാലയന്‍ മണ്ടത്തരങ്ങള്‍ ആവര്‍ത്തിച്ചു. ജ്യോതിബസുവിന്റെയും ബുദ്ധദേവ് ഭട്ടാചാര്യയുടെയും ഹര്‍ക്കിഷന്‍സിംഗ് സുര്‍ജിത്തിന്റെയും എതിര്‍പ്പിനെ തൃണവത്ഗണിച്ചാണ് ഒന്നാം യു പി എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാന്‍ പ്രകാശ് കാരാട്ട് മുതിര്‍ന്നത്.
പ്രകാശ് കാരാട്ട് തന്നെ നേതൃതലത്തിലുള്ളപ്പോള്‍, പ്രാദേശികവും ജാതീയവുമായ താത്പര്യങ്ങളുള്ള ജയലളിതയുടെയും മായാവതിയുടെയും ലാലുയാദവിന്റെയും നവീന്‍ പട്‌നായകിന്റെയും ചൗട്ടാലയുടെയും പ്രഫുല്ലകുമാര്‍ മൊഹന്തയുടെയും ചന്ദ്രബാബു നായിഡുവിന്റെയും പാര്‍ട്ടികളെയാണോ കൂട്ടുപിടിക്കാന്‍ ഉദ്ദേശിക്കുന്നത്? അതൊരിക്കലും ഇടതുപക്ഷ ബദലാവില്ല; മറിച്ച് ബി ജെ പിയെ സഹായിക്കാനുള്ള വഴിവെട്ടലാവും. കോണ്‍ഗ്രസുമായി വിയോജിച്ചുകൊണ്ട് സഹകരിക്കാനുള്ള വിശാലകാഴ്ചപ്പാട് പാര്‍ട്ടി നേതൃത്വം സ്വീകരിക്കുമെന്ന് തോന്നുന്നില്ല. എങ്കിലും ചരിത്രപരമായ ഹിമാലയന്‍ ബ്ലണ്ടറുകള്‍ക്ക് കോഴിക്കോട് വേദിയാകില്ലെന്ന് പ്രതീക്ഷിക്കാം.
No comments:
Post a Comment
Note: Only a member of this blog may post a comment.