Sunday, March 11, 2012

ശെല്‍വരാജിനേക്കാള്‍ ഇരട്ടി തുക കൈപ്പറ്റിയ ഇടത് എം.എല്‍.എമാര്‍


രാജി വച്ച സി.പി.എം എം.എല്‍.എ, ആര്‍. ശെല്‍വരാജിന്റെ മണ്ഡലമായ നെയ്യാറ്റിന്‍കരയിലെ പദ്ധതികള്‍ക്കായി യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച 19 കോടി രൂപ വശത്താക്കാന്‍ നല്‍കിയതാണെന്ന ആരോപണം സിപിഎമ്മിന്റെ തന്നെ നേതാക്കളെ തിരിഞ്ഞു കൊത്തുന്നു. പാഞ്ചിക്കാട്ട് കടവ് പാലത്തിന് 16 കോടിയും നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിന് മൂന്ന് കോടിയും സര്‍ക്കാര്‍ അനുവദിച്ചതാണ് ശെല്‍വരാജിനെ രാജിവയ്പിക്കാനായി നല്‍കിയതെന്ന രീതിയിലുള്ള പ്രചരണം നടത്തുവാന്‍ സി.പി.എം നേതാക്കന്മാരെ പ്രേരിപ്പിച്ചത്. കഴിഞ്ഞ നാലുമാസത്തിനിടെ 65 പ്രതിപക്ഷ എം.എല്‍എമാര്‍ക്ക് പൊതുമാരാമത്ത് വകുപ്പ് വിവിധ പദ്ധതികള്‍ക്കായി 264 കോടി രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് രേഖകള്‍ പുറത്തുവിട്ടതോടെ സിപിഎമ്മിന്റെ ആരോപണത്തിന്റെ മുനയൊടിഞ്ഞു എന്നു മാത്രമല്ല, ഇപ്പോള്‍ അത് അവര്‍ക്ക് തന്നെ പാരയായി മാറിയിരിക്കുകയാണ്.

ആര്‍. ശെല്‍വരാജിനേക്കാള്‍ ഇരട്ടി തുക വരെ കൈപ്പറ്റിയ ഇടത് എം.എല്‍.എമാരുണ്ട്. സ്വന്തം മണ്ഡലത്തിന്റെ വികസനത്തിന് പണം ചോദിച്ചു വാങ്ങിയ എല്ലാ എം.എല്‍.എമാരെയും സംശയിക്കേണ്ട സ്ഥിതിയിലാണ് ഇപ്പോള്‍ നേതാക്കന്മാരും അണികളും. എം.എല്‍.എമാര്‍ക്ക് പണം അനുവദിച്ചത് സംബന്ധിച്ച സര്‍ക്കാരിന്റെ വിശദീകരണം പല എം.എല്‍.എമാരെയും വെട്ടിലാക്കി. ശെല്‍വാരാജിനെ വശീകരിക്കാന്‍ നല്‍കിയതുപോലെയല്ല, തനിക്ക് നല്‍കിയ 49 കോടിയെന്ന് അരൂര്‍ എം.എല്‍എ. എ.എം.ആരിഫ് പറഞ്ഞു. നെയ്യാറ്റിന്‍കരയുടെ വികസനത്തിന് അനുവദിച്ച് കിട്ടിയ പണം തന്റെ രാജിക്കുള്ള പോക്കറ്റ് മണിയല്ലെന്ന് ആര്‍ ശെല്‍വരാജ് തറപ്പിച്ച് പറയുന്നു.

നിയമസഭയില്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നെയ്യാറ്റികരയില്‍ പാലം പണിക്ക് 16 കോടി അനുവദിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണം. അരൂര്‍ എം.എല്‍എ. ആരിഫിന്റെ മണ്ഡലത്തിലെ പാലത്തിന് അനുവദിച്ച 49 കോടിയും വിവാദമായതോടെ ആരുടെയും ഔദാര്യമല്ല വികസനത്തിന് അനുവദിച്ച തുകയെന്ന് ആരിഫ് പറയുന്നു. 264 കോടി രൂപയാണ് 65 പ്രതിപക്ഷ എം.എല്‍.എമാര്‍ക്കായി നാലുമാസത്തിനിടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ചത്. വിഎസ്സിന്റെ മണ്ഡലത്തില്‍ 8.4 കോടിയും കോടിയേരിയുടെ മണ്ഡലത്തില്‍ 8.5 കോടിയും നല്‍കിയതും ഇതില്‍ പെടുന്നുണ്ട്.

രാജിവച്ച സിപിഎമ്മിന്റെ ശെല്‍വരാജിനെ പ്രലോഭിപ്പിക്കാന്‍ അദ്ദേഹത്തിന്റെ നിയോജകമണ്ഡലത്തിലെ പാലത്തിന് കഴിഞ്ഞ ദിവസം വന്‍ തുക അനുവദിച്ചു എന്ന ഇടത് ആരോപണം ശരിയല്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ സര്‍ക്കാര്‍ വന്നശേഷം ആദ്യ നിയമസഭാ സമ്മേളനത്തില്‍ തന്നെ പൊതുമരാമത്തു മന്ത്രി പി.കെ. ഇബ്രാഹിംകുഞ്ഞ് പദ്ധതിക്ക് അനുമതി നല്‍കിയതാണെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി. നിയമസഭാ രേഖകള്‍ തന്നെ ഇതിനു തെളിവുണ്ട്. നിയമസഭയില്‍ ചട്ടം 304 പ്രകാരം സെല്‍വരാജ് എംഎല്‍എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയില്‍ 2011 ജൂലൈ 11നു മന്ത്രി ഉറപ്പു നല്‍കിയിരുന്നു. പാഞ്ചിക്കാട് പാലത്തിന് 2005ല്‍ 526 ലക്ഷം രൂപയുടെ ഭരണാനുമതിയും പ്രത്യേകാനുമതിയും നല്‍കിയിരുന്നു.

എന്നാല്‍ മരാമത്തു വകുപ്പിന്റെ നിരക്ക് പുതുക്കിയതിനെ തുടര്‍ന്ന് ഈ തുകയ്ക്കു പാലം പണി തുടങ്ങാന്‍ സാധിക്കാത്തതിനാല്‍ തുക ലാപ്‌സായി. 2009ല്‍ 840 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ചീഫ് എന്‍ജിനീയര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നെങ്കിലും ഭരണാനുമതി നല്‍കിയില്ല. ഇടതു സര്‍ക്കാര്‍ വേണ്ടെന്നുവച്ച പാലത്തിനുവേണ്ടി ശെല്‍വരാജ് 13-ാം നിയമസഭ തുടങ്ങിയപ്പോള്‍ത്തന്നെ സബ്മിഷന്‍ അവതരിപ്പിച്ചിരുന്നു. 16 കോടി രൂപയുടെ എസ്റ്റിമേറ്റ് ചീഫ് എന്‍ജിനീയര്‍ തയാറാക്കി വരികയാണെന്നും ഇതു ലഭിക്കുന്ന മുറയ്ക്കു ഫണ്ടിന്റെ ലഭ്യത കൂടി കണക്കിലെടുത്ത് ഈ പണിക്കു ഭരണാനുമതിയും പ്രത്യേകാനുമതിയും നല്‍കുമെന്നും മരാമത്ത് മന്ത്രി 2011 ജൂലൈ 11നു മറുപടി നല്‍കി.

നിയമസഭയില്‍ നല്‍കിയ ആ ഉറപ്പാണ് നിയമങ്ങളും ചട്ടങ്ങളും പാലിച്ച് ഉത്തരവായത്. 22.32 മീറ്റര്‍ വീതം നീളമുള്ള നാലു സ്പാനോടുകൂടിയ ഈ പാലം പണിയുന്നതിനു സ്ഥലമെടുപ്പ് ഉള്‍പ്പെടെ അനുബന്ധ ജോലികള്‍ക്കാണു 16 കോടി അനുവദിച്ചത്. ഈ പ്രദേശത്തിന്റെ ദീര്‍ഘകാലത്തെ മുറവിളിയായിരുന്നു ഈ പാലം. തകര്‍ന്നു വീഴാറായ നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസ് കെട്ടിടം പുതുക്കിപ്പണിയണമെന്നതും ദീര്‍ഘകാല ആവശ്യമാണ്. ചീഫ് എന്‍ജിനീയര്‍ (കെട്ടിട വിഭാഗം) സമര്‍പ്പിച്ച എസ്റ്റിമേറ്റ് പ്രകാരമാണ് കെട്ടിട നിര്‍മാണത്തിനു മൂന്നുകോടി രൂപയുടെ ഭരണാനുമതി നല്‍കിയത്.

ഒറ്റപ്പാലം എംഎല്‍എ എം. ഹംസ(സിപിഎം)യുടെ ദീര്‍ഘകാല ആവശ്യമായിരുന്നു അവിടെ ഫിലിം സിറ്റിക്കു സ്ഥലം അനുവദിക്കണമെന്നത്. സ്ഥലം പോലും എടുക്കാതെ കഴിഞ്ഞ സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ച് ബജറ്റില്‍ 50 ലക്ഷം രൂപ വകയിരുത്തി ലാപ്‌സാക്കുകയും ചെയ്തു. തുടര്‍ന്നു ഹംസ മുഖ്യമന്ത്രിക്കു നിവേദനം നല്‍കുകയും മുഖ്യമന്ത്രി യോഗം വിളിച്ചു ജലസേചന വകുപ്പിന്റെ പക്കലുള്ള നാലേക്കര്‍ സ്ഥലം വിട്ടുകൊടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കണയാമ്പുറത്ത് 12.50 കോടി രൂപയുടെ ഫിലിം സിറ്റിയുടെ പ്രവര്‍ത്തനത്തിനു തുടക്കമിടുകയും ചെയ്തു.

അരൂര്‍ എംഎല്‍എ എ.എം. ആരിഫിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നു തൈക്കാട്ടുശേരി പാലത്തിനു 49.50 കോടി അനുവദിച്ചു. കൂടാതെ ഈ മണ്ഡലത്തിലുള്ള വക്കയില്‍ പാലത്തിന് ഒരു കോടിയും അനുവദിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയില്‍ 8.40 കോടിയും ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ മണ്ഡലമായ തലശേരിയില്‍ 8.50 കോടിയും അനുവദിച്ചു. എം.എ. ബേബിയുടെ കുണ്ടറ മണ്ഡലത്തിനു 11.70 കോടി ലഭിച്ചു. പി.കെ. ഗുരുദാസന്‍ കൊല്ലം 23.25 കോടി, ജി.എസ്. ജയലാല്‍ ചാത്തന്നൂര്‍ 11.20 കോടി, കെ. കുഞ്ഞിരാമന്‍ തൃക്കരിപ്പൂര്‍-7.30 കോടി, ഇ.കെ. വിജയന്‍ നാദാപുരം -6.15 കോടി, തോമസ് ഐസക്കിന്റെ ആലപ്പുഴയ്ക്കു 3.40 കോടിയും ലഭിച്ചു.

സാധാരണ സാഹചര്യങ്ങളില്‍ പ്രതിപക്ഷ എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ സഹായം ലഭിക്കുന്നതില്‍ തെറ്റില്ല. പക്ഷെ നെയ്യാറ്റിന്‍കരക്കു ശേഷം പദ്ധതി തുക ആര് , ആര്‍ക്ക്, എന്ന് അനുവദിച്ചു എന്നൊക്കെ ഭൂതക്കണ്ണാടിയിലൂടെ പരിശോധിച്ചു വരികയാണ് ഇടത് നേതൃത്വം. ഘടകകക്ഷിക്കാരെ മാത്രമല്ല സംശയം, ഇനിയും പാലം വലിക്കാനിടയുള്ള കൂറുമാറ്റക്കാരും ജനവഞ്ചകരുമായ സഖാക്കളുണ്ടോ എന്നും കണ്ടെത്തണം. ഗ്രൂപ്പിസം കൊടികുത്തി വാഴുന്ന സി.പി.എമ്മിനുള്ളില്‍ മറ്റൊരു പ്രശ്നം കൂടിയുണ്ട്. കൂടൂതല്‍ ഫണ്ട് ലഭിക്കുന്ന എം.എല്‍.എമാര്‍ക്കെതിരേ പ്രാദേശികതലത്തില്‍ വിരുദ്ധ ചേരിയില്‍ നില്‍ക്കുന്നവര്‍ ഇയാള്‍ മറുകണ്ടം ചാടാന്‍ പോവുകയാണെന്ന തരത്തില്‍ പ്രചരണം നടത്താന്‍ ഇടയുണ്ട്. അതുകൊണ്ട് പല എം.എല്‍.എമാര്‍ക്കും സ്വന്തം മണ്ഡലത്തില്‍ എന്തെങ്കിലും വികസന പ്രവര്‍ത്തനം നടത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനായി സര്‍ക്കാര്‍ ഫണ്ട് ചോദിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.