Pages

Thursday, June 23, 2011

ഗ്രഹണകാലത്ത് ശ്രീമതിയും തലപൊക്കി


സിപിഎമ്മിനെ രാജ്യത്ത് മൊത്തം നിയന്ത്രിക്കുന്ന നേതാക്കന്മാരുള്ളത് കണ്ണൂരിലാണ്. സി പി എമ്മിലെ ഔദ്യോഗികപക്ഷം എന്ന് വിളിക്കുന്ന കരുത്തുള്ള പക്ഷത്തിന്റെ ആസ്ഥാനപദവി അങ്ങനെ കണ്ണൂരിന് കൈവന്നു.
 ഔദ്യോഗികപക്ഷം ഒന്ന് തീരുമാനിച്ചാല്‍ അതു നടപ്പിലായിരിക്കും. തിരുവായ്ക്ക് (പിണറായിക്ക്) എതിര്‍വായില്ലെന്ന് ചുരുക്കം. പക്ഷേ കാലം മാറുകയാണ്. ഔദ്യോഗിക പക്ഷത്ത് എതിര്‍വാക്കു പറയാന്‍ പ്രബലരായി ചിലരെങ്കിലും രംഗത്ത് വന്നിരിക്കുന്നു. 'ശശിവക്കീല്‍' പ്രശ്‌നത്തില്‍ ഇപ്പോള്‍ സംഭവിച്ചതും അതുതന്നെ.പി ശശിക്കെതിരെ നടപടി ഉറപ്പെന്ന് പറയാന്‍ സി പി എം കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി ധൈര്യം കാണിച്ചിരിക്കുന്നു. ഇത് ശ്രീമതിയുടെ മാത്രം ധൈര്യമല്ല എന്ന് പലര്‍ക്കുമറിയാം. മറ്റു ചില കേന്ദ്രകമ്മിറ്റിക്കാരുടെ ധൈര്യത്തില്‍ ശ്രീമതി ധൈര്യം കാണിച്ചുവെന്ന് പറയുന്നതാകും ശരി. അല്ലെങ്കില്‍ ഈ ധൈര്യം ഇത്ര വൈകിയാണോ ശ്രീമതി ടീച്ചര്‍ പുറത്തെടുക്കേണ്ടത് ?ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയെ പാര്‍ട്ടി ജില്ലാ സെക്രട്ടറി സദാചാരവിരുദ്ധമായി കൈകാര്യം ചെയ്തത് ഇപ്പോഴൊന്നുമല്ലല്ലോ. സംഭവം നടക്കുമ്പോള്‍ ശ്രീമതി മന്ത്രിയായിരുന്നു. സ്റ്റേറ്റ് കാറും പത്രാസുമൊക്കെയായി തിരക്കുള്ളപ്പോള്‍ പാര്‍ട്ടിയിലെ വനിതാ സഖാവിന്റെ കാര്യമന്വേഷിക്കാന്‍ എവിടെയാ നേരം. 
രണ്ടും മൂന്നും തവണ എംഎല്‍എ ആയവര്‍ക്കൊക്കെ പാര്‍ട്ടി മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കിയപ്പോള്‍ ടിക്കറ്റില്ലാതെ മൂലയിലായ ശ്രീമതിക്ക് സങ്കടമുണ്ടാകും. പാര്‍ട്ടി നേതൃത്വത്തിനെതിരേ അതൃപ്തി കൂടി. ഔദ്യോഗികപക്ഷത്തെ പ്രമുഖര്‍ തന്നെ പരിഗണിക്കാതിരുന്നതിലെ അമര്‍ഷം നുരഞ്ഞു പൊന്തി. മന്ത്രിയാകുമ്പോഴില്ലാതിരുന്ന 'ജനാധിപത്യ മഹിളാ ബോധം'  അങ്ങനെ ഉണര്‍ന്നു. എംഎല്‍എ പോലുമല്ലാത്ത ഇപ്പോഴത്തെ അവസ്ഥയില്‍ 'ജനാധിപത്യ മഹിളാ ബോധ'ത്തില്‍ പിടിച്ചുനിന്നാലേ രക്ഷയുള്ളുവെന്ന് ശ്രീമതിക്കറിയാം. മഹിളകളെ ഉണര്‍ത്തി ശശിവക്കീലിനെ തന്നെ ലക്ഷ്യം വെച്ച് നിറയൊഴിച്ചു ശ്രീമതിയും സഹമഹിളകളും. പിണറായി വിജയന്റെ കഷ്ടകാലം കാത്തിരിക്കുന്ന ഔദ്യോഗികപക്ഷത്തെ  കുറുമുന്നണിയില്‍ അങ്ങനെ ശ്രീമതിയും മെമ്പര്‍ഷിപ്പ് നേടിയെന്ന് ചുരുക്കം.

No comments:

Post a Comment

Note: Only a member of this blog may post a comment.