Thursday, May 10, 2012

കൊലയാളികള്‍ സി പി എമ്മുകാര്‍; സംരക്ഷിച്ചത് പാര്‍ട്ടി ഗ്രാമങ്ങളില്‍


ടി പി ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകം നടത്തിയത് സി പി എമ്മിന്റെ അറിയപ്പെടുന്ന ക്രിമിനലുകളാണെന്ന് പ്രതിപ്പട്ടിക തയ്യാറായതോടെ വ്യക്തമായി.
ഇവരെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സംരക്ഷിച്ചതിന്റെ തെളിവുകള്‍ കൂടി പോലീസിനു ലഭിച്ചതോടെ സി പി എം കൂടുതല്‍ പ്രതിരോധത്തിലകപ്പെടുകയാണ്. പിണറായി വിജയനും കൂട്ടരും ഇനിയെത്ര പ്രസംഗിച്ചാലും ചോരക്കറ മായ്ച്ചു കളയാനാകാത്ത വിധം പാര്‍ട്ടി നേതൃത്വം  കളങ്കപ്പെട്ടു കഴിഞ്ഞു. ജനകീയനായൊരു കമ്യൂണിസ്റ്റ് നേതാവിനെ പൈശാചികമായി കൊലപ്പെടുത്തിയതില്‍ അണികള്‍ക്കുള്ള അടങ്ങാത്ത രോഷം തണുപ്പിക്കാനാണ് പാര്‍ട്ടി ഗ്രാമങ്ങളിലെല്ലാം മാരത്തണ്‍ യോഗങ്ങളുമായി പിണറായി വിജയനും പി ജയരാജനും പാഞ്ഞു നടക്കുന്നത്. കൊലയാളി നേതൃത്വത്തെ തിരിച്ചറിഞ്ഞ പാര്‍ട്ടി അണികളുടെ കൊഴിഞ്ഞുപോക്കും വി എസിനെ പോലുള്ള നേതാക്കളുടേയും സി പി ഐ നേതൃത്വത്തിന്റേയും ഉറച്ച നിലപാടുമൊക്കെ സി പി എമ്മിലെ ഔദ്യോഗികനേതൃത്വത്തെ അമ്പരപ്പിച്ച മട്ടാണ്.
 
ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതില്‍ നേരിട്ടു പങ്കുള്ള ഏഴു പേരടക്കം 12 പേരുടെ പട്ടിക തയ്യാറായപ്പോള്‍ മുഴുവന്‍ പേരും സി പി എമ്മിന്റെ പ്രവര്‍ത്തകരാണ്. നിരവധി രാഷ്ട്രീയ കൊലപാതകങ്ങളിലും ഇവര്‍ പ്രതികളാണ്. എല്ലാം സി പി എമ്മിനു വേണ്ടി ചെയ്ത കൊലപാതകങ്ങള്‍. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ശേഷം ഇവര്‍ക്ക് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ തന്നെയാണ് അഭയം നല്‍കിയിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതൊന്നും സി പി എം നേതൃത്വത്തിന്റെ അറിവോടെയല്ലാതെ നടക്കില്ലെന്ന് ഏതു കൊച്ചുകുട്ടിക്കുമറിയാം.സി പി എം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് ചന്ദ്രശേഖരന്റെ കൊലപാതകമെന്ന് ഉറപ്പിച്ചു പറയാനാകുന്ന തരത്തിലുള്ള തെളിവുകളാണ് ഓരോ ദിവസം പിന്നിടുമ്പോഴും അന്വേഷണസംഘത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതറിഞ്ഞു തന്നെയാണ് പിണറായി വിജയന്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പ്രവര്‍ത്തകരെ പിടിച്ചുനിര്‍ത്താന്‍ വെപ്രാളപ്പെട്ട് പര്യടനം നടത്തുന്നത്.
 
ടി പിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി പി എമ്മില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ രാജിവെക്കുന്ന വലിയൊരു പ്രതിസന്ധി നേരിടവേയാണ് കണ്ണൂര്‍ ലോബിയെ രക്ഷിക്കാന്‍ പിണറായിയുടെ ഒറ്റയാള്‍ പോരാട്ടം. വല്ലാത്തൊരു ഭയം സി പി എം സംസ്ഥാന സെക്രട്ടറിയെ പിടികൂടിയിട്ടുണ്ടെന്ന് വ്യക്തം. വി എസിന്റെ രണ്ടും കല്പിച്ചുള്ള നിലപാടും ടി പി ചന്ദ്രശേഖരന്റെ കൊലയാളികള്‍ക്കെതിരേ ഉയരുന്ന ജനരോഷവും കാണുമ്പോള്‍ പാര്‍ട്ടി ഗ്രാമങ്ങളിലും കലാപമുയരുമോയെന്ന ഭീതിയിലാണ് സി പി എം നേതൃത്വം. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് പറയുന്ന പിണറായി വിജയന്‍ ഇതേ വരെ കൊലപാതകത്തിന് നേതൃത്വം നല്‍കിയ കൊടി സുനിയെന്ന ക്വട്ടേഷന്‍ സംഘത്തലവനെ തള്ളിപ്പറയാന്‍ തയ്യാറായിട്ടില്ല. കൊടി സുനിയടക്കമുള്ള പ്രതികള്‍ക്കെല്ലാം സി പി എമ്മിന്റെ പ്രമുഖനേതാക്കളുമായുള്ള ബന്ധം ആര്‍ക്കും നിഷേധിക്കാനാവില്ല. പരസ്യമായി തള്ളിപ്പറയാന്‍, അവര്‍ക്ക് സി പി എമ്മുമായി ബന്ധമില്ലെന്ന് പറയാന്‍ പിണറായിക്ക് സാധിക്കാത്തതും അണികള്‍ അറിയുന്ന ഈ ക്രിമിനല്‍ ബന്ധം കൊണ്ടു തന്നെ.

സി.പി.എമ്മില്‍ മരണവീട്ടിലെ അവസ്ഥ


റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം ഒടുവില്‍ സി.പി.എമ്മിനുള്ളില്‍ അപമൃത്യു നടന്ന വീട്ടിലെ പോലെ നിശബ്ദമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. പിണറായി വിജയന്‍ വീണ്ടും നടത്തിയ കുലംകുത്തി പ്രയോഗവും വി.എസ് അച്യുതാനന്ദന്‍ നടത്തിയ പ്രതികരണവുമാണ് പാര്‍ട്ടിയെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സംഘടനാപരമായി നോക്കിയാല്‍ പാര്‍ട്ടി സെക്രട്ടറി നടത്തുന്നത് പാര്‍ട്ടിയുടെ അഭിപ്രായമാണെന്നിരിക്കെ ടി. പി. ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന പിണറായിയുടെ അഭിപ്രായം വിജയന്റെ മാത്രമാണെന്ന വി.എസിന്റെ പരാമര്‍ശമാണ് പാര്‍ട്ടിയെ മൂകമാക്കുന്ന തരത്തിലുള്ള ഒരവസ്ഥയില്‍ കൊണ്ടുവന്നിരിക്കുന്നത്.

സി.പി.എമ്മിന്റെ സംസ്ഥാനത്തെ മുന്‍നിര നേതാക്കള്‍ പോലും ഈ വിഷയത്തില്‍ എന്തെങ്കിലുമൊരു അഭിപ്രായം നടത്തുന്നതിന് ശേഷിയില്ലാതെ തളര്‍ന്നിരിക്കുകയാണ്. ടി പി വധത്തിലെ ഗൂഢാലോചനയില്‍ പി.സി.ജോര്‍ജിന് പങ്കുണ്ടെന്ന തരത്തിലുള്ള ദയനീയമായ പ്രതികരണമാണ് പി.ജയരാജന്‍ നടത്തിയത്. അമേരിക്കയ്ക്കും ബരാക് ഒബാമയ്ക്കും ഈ ഗൂഢാലോചനയിലെ പങ്കിനെ പറ്റി പറയാന്‍ സാധ്യതയുള്ള ഇ.പി ജയരാജനാവട്ടെ ഇതുവരെ പ്രതികരിച്ച് കണ്ടിട്ടില്ല. പൊതുസമൂഹത്തിന്റെ വികാരം തങ്ങള്‍ക്ക് എതിരാണെന്ന തിരിച്ചറിവാണ് നേതാക്കന്മാരെ നിശബ്ദരാക്കിയിരിക്കുന്നത്. ഒപ്പം കൊലപാതകത്തില്‍, സി.പി.എമ്മിലെ കണ്ണൂര്‍ ലോബിയുടെ പങ്ക് വ്യക്തമാക്കുന്ന തരത്തില്‍ പുറത്ത് വന്നിരിക്കുന്ന വി.എസിന്റെ വാക്കുകളും പാര്‍ട്ടിയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു.

കേരളീയ പൊതുസമൂഹം ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിയ്ക്ക് എതിരാണെന്ന തിരിച്ചറിവില്‍ സി.പി.എം നേതാക്കളും പ്രവര്‍ത്തകരും തളരാതിരിക്കുന്നതിന് വേണ്ടി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്ഥിരമായി നടത്തി വരുന്ന അത്യദ്ധ്വാനമാണ് വി.എസ് തന്റെ ഒറ്റ പ്രതികരണത്തിലൂടെ കശക്കി എറിഞ്ഞത്. കുലംകുത്തികള്‍ തന്നെയാണെന്ന സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്‌താവന പാര്‍ട്ടി അണികള്‍ക്ക് ഊര്‍ജ്ജം പകരുന്നതിന് വേണ്ടിയായിരുന്നു. കൊലപാതകവുമായി പാര്‍ട്ടിയ്ക്ക് ബന്ധമില്ല എന്ന് ആദ്യ ദിവസങ്ങളില്‍ ആവര്‍ത്തിച്ചിരുന്ന പിണറായുടെ വാക്കുകളിലെ വിശ്വാസ്യത പ്രതികളുടെ ലിസ്റ്റ് പുറത്ത് വന്നതോടെ തകര്‍ന്നു വീണു. ഇതോടെയാണ് പാര്‍ട്ടിയുടെ പങ്ക് പരോക്ഷമായിട്ടെങ്കിലും സമ്മതിക്കുന്ന മട്ടിലുള്ള കുലം കുത്തി പ്രയോഗം വീണ്ടുമുണ്ടായത്. എന്നാല്‍ പ്രതിപക്ഷനേതാവ്‌ വി. എസ്‌. അച്യുതാനന്ദന്‍ ഇത് തിരുത്തിയത് പാര്‍ട്ടിയ്ക്കുള്ളില്‍ കനത്ത ആഘാതം സൃഷ്ടിക്കും.

കൊല്ലപ്പെട്ട സി.പി.എം. വിമതനേതാവ്‌ ടി.പി. ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന അഭിപ്രായം പാര്‍ട്ടിക്കില്ലെന്നും അതു വിജയന്റെ അഭിപ്രായമാണെന്നും വി.എസ്‌. കോഴിക്കോട്ടു വച്ച് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. അധോലോക സംസ്‌കാരം കമ്യൂണിസ്‌റ്റ് രീതിയല്ലെന്ന സി.പി.ഐയുടെ അഭിപ്രായത്തോടു യോജിക്കുന്നു. പാര്‍ട്ടി വിട്ടവരെ ക്രിയാത്മകമായ ശ്രമം നടത്തിയാണു പാര്‍ട്ടിയിലേക്കു കൊണ്ടുവരേണ്ടത്‌. ആശയങ്ങളും പാര്‍ട്ടിയുടെ നിലപാടുകളും വിശദീകരിച്ചു നല്ല രീതിയില്‍ അവരെ പാര്‍ട്ടിയിലേക്കു മടക്കിക്കൊണ്ടുവരണം. തിരിച്ചുവന്നില്ലെങ്കില്‍ സ്വതന്ത്രരായി അവര്‍ പ്രവര്‍ത്തിച്ചോട്ടെ. എം.വി. രാഘവനും കെ.ആര്‍. ഗൗരിയമ്മയും പാര്‍ട്ടിയില്‍ നിന്നകന്നു വേറെ പാര്‍ട്ടി ഉണ്ടാക്കിയിട്ടുണ്ടല്ലോ?. അതുപോലെ അവരും പുതിയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കട്ടെ. വലിയ പാര്‍ട്ടികളെ പോലെ ചെറിയ പാര്‍ട്ടികളും ഇടത്തരം പാര്‍ട്ടികളും കേരളത്തിലുണ്ടെന്നും അതില്‍ അത്ഭുതമില്ലെന്നും വി.എസ്‌. കൂട്ടിച്ചേര്‍ത്തു.

വി.എസിന്റെ ഈ പരാമര്‍ശത്തിന് മറുപടിയുമായി പിണറായി ഉടന്‍ തന്നെ രംഗത്ത് വന്നു. ശത്രുപക്ഷത്തിനു സഹായകരമായ രീതിയില്‍ സ്വന്തം പാളയത്തിലുള്ളവര്‍ മുന്നോട്ടുവരുന്നതാണ്‌ ഇടതുപക്ഷത്തിന്റെ ദൗര്‍ഭാഗ്യമെന്നു, പാനൂരിനടുത്ത്‌ ചെണ്ടയാട്‌ എ.കെ.ജി മന്ദിരം ഉദ്‌ഘാടനം ചെയ്യവേ പിണറായി വിജയന്‍ പറഞ്ഞു. തൃശുരില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണു താന്‍ കുലംകുത്തികളെപ്പറ്റി വീണ്ടും പറഞ്ഞത്‌. രണ്ടുതരത്തില്‍ പാര്‍ട്ടിയില്‍നിന്നു നേതാക്കളും പ്രവര്‍ത്തകരും പുറത്തുപോകാം. നടപടി നേരിട്ടു പുറത്തുപോയവരെപ്പോലെയല്ല ശത്രുപാളയത്തിലെത്തി ഞങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍. ഒഞ്ചിയത്ത്‌ ഒരു വിഭാഗം കൂടണഞ്ഞതു ശത്രുപക്ഷത്താണ്‌. ഞങ്ങളുടെ കുലത്തെ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നിലയിലാണ്‌ അവരെ കുലംകുത്തികളെന്നു വിശേഷിപ്പിച്ചത്‌. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സി.പി.എമ്മിനു യാതൊരു പങ്കുമില്ലെന്നും ഇപ്പോള്‍ നടക്കുന്ന കോലാഹലത്തില്‍ പ്രവര്‍ത്തകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

തന്റെ നിലപാടുകള്‍ക്കൊപ്പം നിന്നതിന്റെ പേരില്‍ സി.പി.എം. വിടേണ്ടി വന്ന ടി.പി. ചന്ദ്രശേഖരനുണ്ടായ ദുരന്തം വി.എസിനെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ്‌ അദ്ദേഹത്തോട്‌ അടുപ്പമുള്ളവര്‍ പറയുന്നത്‌. കൊലപാതകത്തില്‍ പങ്കില്ലെന്നു പാര്‍ട്ടി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനായിട്ടില്ല. കൊലപാതകം നടന്നതിനു ശേഷം സി.പി.എം സംസ്‌ഥാന നേതൃത്വം സ്വീകരിച്ചിരിക്കുന്ന നിലപാടുകളും രണ്ടുംകല്‍പ്പിച്ചിറങ്ങാന്‍ വി.എസിനെ നിര്‍ബന്ധിതനാക്കിയെന്നു കരുതുന്നു. ഒഞ്ചിയത്തു പാര്‍ട്ടി വിട്ടവരെ ആദ്യമായി പിണറായി കുലംകുത്തികള്‍ എന്നു വിശേഷിച്ചപ്പോള്‍ തന്നെ വി.എസ്‌. അതിനോടു യോജിച്ചിരുന്നില്ല. പിണങ്ങി വീടുവിട്ടവര്‍ പെറ്റമ്മ വിളിക്കുമ്പോള്‍ തിരികെ വരാറുണ്ടെന്ന നിലപാടാണ്‌ ഇക്കാര്യത്തില്‍ അദ്ദേഹം സ്വീകരിച്ചിരുന്നത്‌. പാര്‍ട്ടി വിട്ടവരെ ചര്‍ച്ചകളിലൂടെ തിരികെ കൊണ്ടുവരണമെന്ന അദ്ദേഹത്തിന്റെ നിലപാട്‌ കേന്ദ്രനേതൃത്വവും അംഗീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണു ചന്ദ്രശേഖരന്റെ കൊലപാതകം.

ഇതിനിടെ ചന്ദ്രശേഖരന്റെ വീടു സന്ദര്‍ശിക്കാന്‍ വി.എസ്‌. അച്യുതാനന്ദന്‍ നീക്കം നടത്തുന്നുണ്ട്. ഇന്നലെ കോഴിക്കോട്ടെത്തിയ വി.എസ്‌. വടകരയില്‍ ചന്ദ്രശേഖരന്റെ വീടു സന്ദര്‍ശിക്കാന്‍ ഒരുങ്ങിയെങ്കിലും നടന്നില്ല. അടുത്ത ദിവസം തന്നെ വീടു സന്ദര്‍ശിക്കാനുള്ള സന്നദ്ധത വി.എസ്‌. തന്റെ അടുത്ത കേന്ദ്രങ്ങളോടു അറിയിച്ചു. കഴിഞ്ഞ ദിവസം ഇടതുപക്ഷ എം.എല്‍.എമാര്‍ ചന്ദ്രശേഖരന്റെ വീടു സന്ദര്‍ശിക്കാന്‍ ഒരുങ്ങിയെങ്കിലും റവലൂഷനറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്നു നടന്നിരുന്നില്ല. വി.എസ്‌. എത്തിയാല്‍ തടയില്ലെന്നും ആര്‍.എം.പിയുടെ നിയന്ത്രണം തന്നെ വി.എസ്‌. ഏറ്റെടുക്കണമെന്നുള്ള നിലപാടില്‍ ഒഞ്ചിയം സഖാക്കള്‍ നില്‍ക്കുകയാണ്.

സി.പി.എം വിഭാഗീയതയുടെ പേരിലുള്ള ആദ്യരക്‌തസാക്ഷിയായാണ്‌ ചന്ദ്രശേഖരന്റെ കൊലപാതകത്തെ വി.എസ്‌. കാണുന്നത്‌. ടി.പിക്ക്‌ ഔദ്യോഗിക വിഭാഗത്തിനെതിരേ നിലകൊണ്ടു പുറത്തുപോകേണ്ടി വന്നതും രക്‌തസാക്ഷിയാകേണ്ടി വന്നതും വി.എസിന്റെ നിലപാടുകള്‍ക്കൊപ്പം നിന്നതിനാലാണെന്നാണു കരുതുന്നത്‌. ഈ സാഹചര്യത്തിലാണ്‌ ടി.പിക്ക്‌ അന്ത്യോപചാരമര്‍പ്പിക്കാന്‍ വി.എസ്‌. എത്തിയതും പിണറായിയുടെ നിലപാടുകള്‍ക്കെതിരേ നിലപാടെടുത്തതും. ടി.പി.യുടെ വീടു സന്ദര്‍ശിക്കുന്നതില്‍ നിന്നും വി.എസിനെ തടയാനുള്ള നീക്കം സി.പി.എം നേതൃത്വം നടത്തുണ്ട്. വി.എസ്‌. ടി.പിയുടെ വീട്‌ സന്ദര്‍ശിച്ചാല്‍ ഉണ്ടാകുന്ന ഭവിഷത്ത്‌ മുന്‍കൂട്ടി കണ്ടാണ്‌ നേതൃത്വം ഈ വിഷയത്തില്‍ ശക്‌തമായി ഇടപെടുന്നത്‌. സി.പി.ഐക്കു പിന്നാലെ വി.എസും സി.പി.എം. ഔദ്യോഗിക വിഭാഗത്തിനെതിരേ കടുത്ത നിലപാടെടുത്തതോടെ പ്രതിരോധത്തിലേക്കാണ്‌ സി.പി.എം. നീങ്ങുന്നത്‌.

Wednesday, May 9, 2012

നന്ദുവിന്റെ കണ്ണീരും കിനാവും

രാഷ്ട്രീയ പകയുടെ ഇരകളായി നിലംപതിക്കുന്നവരുടെ അനാഥമായ കുടുംബത്തിന്റെ കണ്ണീരും കിനാക്കളും ആര് ഗൗനിക്കുന്നു? ടി.പി ചന്ദ്രശേഖരന്റെ തുന്നിക്കൂട്ടിയ മൃതശരീരത്തില്‍ തൊട്ട് തേങ്ങിക്കരയുന്ന മകന്‍ നന്ദുവിന്റെ ചിത്രം മറ്റൊരു കൗമാരമനസ്സില്‍ ഉണര്‍ത്തിയ വാക്കുകളുടെ വിലാപം.
നന്ദുവിനെ പോലെ അനേകം ബാല്യങ്ങളെയും കൗമാരങ്ങളെയും അനാഥരാക്കിയ അരുംകൊല രാഷ്ട്രീയത്തിന്റെ വടിവാളുകള്‍ക്ക് അത് പ്രയോഗിക്കുന്നവരെപ്പോലെ ഹൃദയമില്ല; മൂര്‍ച്ചയേ ഉള്ളൂ. നന്ദുവിന്റെ അമ്മ രമയെപോലെ അനേകം പേരെ വിധവകളാക്കിയ ബോംബുകള്‍ക്ക് കാരുണ്യമില്ല; സ്‌ഫോടന ശേഷിയേ ഉള്ളൂ.

ഇത്തരം പ്രാകൃതമായ കൊലപാതകം ആസൂത്രണം ചെയ്യുന്നവര്‍ക്ക് നന്ദുവിനെ പോലുള്ള മക്കളില്ലേ? ഒരു മനുഷ്യനെ അമ്പതിലേറെ തവണ കൊത്തിനുറുക്കിയ മനുഷ്യാധമന്‍മാര്‍ക്ക് രമയെപ്പോലെ അമ്മയും പെങ്ങന്‍മാരുമില്ലേ. തന്റെ കുട്ടിക്കാലത്തെ നിരവധി ഉമ്മകള്‍ കൊണ്ട് ലാളിച്ചു വീര്‍പ്പ് മുട്ടിച്ച അച്ഛന്റെ സ്‌നേഹമുഖം മാഞ്ഞുപോയിരുന്നു. അനേകം മാംസകഷ്ണങ്ങളുടെ തുന്നിക്കെട്ടായിരുന്നു അവസാന നോക്ക് കാണാന്‍ അക്രമികള്‍ അവശേഷിപ്പിച്ചത്. എന്തായിരുന്നു നന്ദുവിന്റെ അച്ഛന്‍ ചന്ദ്രശേഖരന്‍ ചെയ്ത തെറ്റ്? ചുറ്റും ചുവപ്പ് നിറഞ്ഞുനില്‍ക്കുന്ന ഒഞ്ചിയത്താണ് അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അവന്റെ അച്ഛനും പതിനഞ്ച് വര്‍ഷം മുമ്പ് അവനും ജനിച്ചത്.

ഒഞ്ചിയത്തെ രക്തസാക്ഷികളുടെ ത്യാഗകഥകള്‍ കേട്ടാണ് ചന്ദ്രശേഖരന്‍ വളര്‍ന്നത്. ഒരു മിത്ത് പോലെ ഇതിഹാസം പോലെ നന്ദുവും ഒഞ്ചിയത്തെ സമപ്രായക്കാരും വളര്‍ന്നതും തലമുറ കൈമാറി വന്ന ഈ രക്തസാക്ഷിത്വത്തിന്റെ വാമൊഴിയും വരമൊഴിയും കേട്ടുകൊണ്ടാണ്. ഒഞ്ചിയത്തെ ജനങ്ങള്‍ക്ക് പാര്‍ട്ടി എന്നാല്‍ സിപിഎം ആണ്; സപ്തവര്‍ണങ്ങളിലല്ല അവര്‍ വിശ്വസിച്ചിരുന്നത്. ചുവപ്പ് എന്ന ഒരേയൊരു നിറത്തിലാണ് അവര്‍ വിശ്വസിച്ചിരുന്നത്. അവരുടെ ഗീതയും ഖുറാനും ബൈബിളും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവുമായിരുന്നു. അവരുടെ പ്രാര്‍ത്ഥന 'ഇന്‍ക്വിലാബ് സിന്ദാബാദ്' എന്നായിരുന്നു. ഇത്തരമൊരു ദേശത്ത് ഇത്തരമൊരു വിശ്വാസം ഊണിലും ഉറക്കിലും കൊണ്ടു നടക്കുന്ന നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ട 'ടിപി' എന്ന തന്റെ അച്ഛനെ പിറന്ന മണ്ണില്‍ കൊത്തിനുറുക്കിയത് ആരാണെന്ന് കണ്ണീര്‍ തളം കെട്ടിയ നന്ദുവിന്റെ കണ്ണുകള്‍ ചോദിക്കുന്നു.

അച്ഛന്‍ കമ്യൂണിസ്റ്റായിരുന്നില്ലേ? അച്ഛന്‍ ഇത്രയും നാള്‍ പാട്‌പെട്ടത് പാവങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ലേ? എന്നിട്ടും അവരെന്തിന് അച്ഛനെ കൊന്നു ?ചന്ദ്രശേഖരനും ഒഞ്ചിയത്തെ അനേകം കമ്യൂണിസ്റ്റുകാരും വിശ്വസിച്ചിരുന്ന വഴിയില്‍ നിന്നും പാര്‍ട്ടി നേതൃത്വം വ്യതിചലിച്ചെന്നും കമ്യൂണിസ്റ്റുകാര്‍ക്ക് ചേരാത്ത പലതും പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുവെന്നും നന്ദുവിനറിയാമായിരിക്കാം. അതിനെ തന്റെ അച്ഛനും അനേകം സഹപ്രവര്‍ത്തകരും എതിര്‍ത്തിരുന്നുവെന്നും അതുകൊണ്ടാണ് അവര്‍ പാര്‍ട്ടിക്ക് പുറത്ത് പോയതെന്നും നന്ദു മനസ്സിലാക്കി കാണും. നിലവിലുള്ള പാര്‍ട്ടിയേക്കാള്‍ അച്ഛന്റെ പാര്‍ട്ടി നാട്ടില്‍ വലുതായതും അവരുടെ നെഞ്ചില്‍ കമ്യൂണിസം വറ്റാത്ത വികാരമായി നിലകൊള്ളുന്നതും ഒഞ്ചിയത്തെ കമ്യൂണിസ്റ്റുകാരുടെ മക്കള്‍ വിശ്വസിക്കുന്നു. ഇക്കാലമത്രയും തന്റെ കുടുംബത്തെപ്പോലെയാണ് പാര്‍ട്ടിയെയും ഒഞ്ചിയത്തെ ജനങ്ങളെയും നന്ദുവിന്റെ അച്ഛന്‍ സ്‌നേഹിച്ചത്.

ടിപിയുടെ മകനെന്ന് കേള്‍ക്കുമ്പോള്‍ തനിക്ക് ലഭിക്കുന്ന നാടിന്റെ സ്‌നേഹത്തിന്റെയും ആദരവിന്റെയും അളവ് അവനെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാകാം. ഈ സ്‌നേഹത്തില്‍ നിന്നാണ് അച്ഛന്‍ എത്ര വലിയ ആളാണെന് നന്ദു മനസ്സിലാക്കുന്നത്. അച്ഛന്‍ മാത്രമല്ല; തന്റെ അമ്മയും രക്തപതാക നെഞ്ചോട് ചേര്‍ത്ത് പഠിച്ചു വളര്‍ന്നതാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ വഴികളിലെവിടെയോ വെച്ചായിരുന്നു രമയുടെ ജീവിതത്തിലേക്ക് ചന്ദ്രശേഖരന്‍ കടന്നു വന്നത്. നന്ദുവിന്റെ അമ്മ വീടും കമ്യൂണിസത്തിന്റെ ഹൃദയഭിത്തിയോട് ചേര്‍ന്നു നില്‍ക്കുന്ന കുടുംബമാണ്. ഒഞ്ചിയത്തെ അച്ഛന്റെ വീട്ടിലെ ചുവന്ന അന്തരീക്ഷം തന്നെയായിരുന്നു നടുവണ്ണൂരിലെ അമ്മ വീട്ടിലും. അമ്മയുടെ അച്ഛന്‍ സി പി എമ്മിന്റെ പ്രാദേശിക നേതാവും പഞ്ചായത്ത്പ്രസിഡന്റുമായിരുന്നു. ഈറ്റില്ലത്തിലും കളിതൊട്ടിലിലും കളിമുറ്റത്തും വീട്ടകത്തും കമ്യൂണിസത്തിന്റെ ചൂടും ചൂരും നിറഞ്ഞ അന്തരീക്ഷത്തിലാണ് നന്ദുവും ഒഞ്ചിയത്തെ ബാലന്‍മാരും വളര്‍ന്നു കൊണ്ടിരുന്നത്.

അതിനു മുമ്പ് അച്ഛന്റെ തലമുറയും പിച്ചവെച്ചതും ഇതേ മണ്ണില്‍ തന്നെ. കമ്യൂണിസം കാരുണ്യത്തിന്റെയും ആര്‍ദ്രതയുടെയും 'മത'മാണെന്നാണ് നന്ദുവിന്റെ അച്ഛന്‍ പറഞ്ഞിരുന്നത്. അന്യന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുന്നവരാണ് കമ്യൂണിസ്റ്റുകാരെന്ന് അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ; ഇടിച്ചു വീഴ്ത്തി അച്ഛനെ കൊത്തിനുറുക്കുവാന്‍ തീരുമാനിച്ചവര്‍ക്ക് കാരുണ്യത്തിന്റെയും ആര്‍ദ്രതയുടെയും മുഖമായിരുന്നില്ല. കാട്ടാളത്തം നാണിക്കുന്ന ക്രൂരതയോടെയാണ് ചന്ദ്രശേഖരനെ അവര്‍ ഇല്ലായ്മ ചെയ്തത്. ചന്ദ്രശേഖരന്റെ അരുംകൊല മറ്റു പാര്‍ട്ടികളുടെ തലയില്‍ വെട്ടിവെച്ച് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത് ചെയ്ത പാതകത്തേക്കാള്‍ പതിന്‍മടങ്ങ് ക്രൂരമാണ്.
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ ഫലമായി പാര്‍ട്ടിക്കകത്തും പുറത്തും നൂറു കണക്കിന് പേര്‍ രക്തസാക്ഷികളായിട്ടുണ്ട്. സ്വന്തം പാര്‍ട്ടിക്കാര്‍ കൊല്ലപ്പെടുമ്പോള്‍ രക്തസാക്ഷി ഫണ്ടും രക്തസാക്ഷി സ്തൂപവും സ്ഥാപിച്ച പാര്‍ട്ടിക്ക് ഇന്നുവരെ ഒരച്ഛനെയും ഒരു മകനെയും ഒരു ഭര്‍ത്താവിനെയും തിരിച്ചു നല്‍കാന്‍ സാധിച്ചിട്ടില്ല.

അവര്‍ കൊന്നൊടുക്കിയ രാഷ്ട്രീയ പ്രതിയോഗികളുടെ മക്കള്‍ക്കും ഭാര്യമാര്‍ക്കും മാതാപിതാക്കന്‍മാര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവരെ തിരിച്ചു നല്‍കിയിട്ടില്ല. ഒഞ്ചിയത്തിന്റെ ചുവരായ ചുവരിലെല്ലാം അച്ഛനും സഹപ്രവര്‍ത്തകരും എഴുതിവെച്ച വാക്കുകള്‍ നന്ദുവിന്റെ അമ്മയുടെ വിലാപത്തില്‍ നിന്നു ഉയരുന്നുണ്ടായിരുന്നു. ''കൊല്ലാം; പക്ഷേ; തോല്‍പ്പിക്കാനാവില്ല''. പ്രിയമുള്ള നന്ദു നമ്മുടെ രാഷ്ട്രീയ വിശ്വാസം വ്യത്യസ്തമായിരിക്കാം. എന്നാല്‍ നമ്മുടെ ബാല്യം ഒന്നാണ്. നിന്റെ ക്രൂരമായ ഈ അനാഥത്വത്തില്‍ നിന്നെപ്പോലുള്ള കേരളത്തിലെ മുഴുവന്‍ കുട്ടികളും അനുതപിക്കുന്നു. നിന്റെ ദുഃഖവും കണ്ണീരും ഞങ്ങളും പങ്കുവെക്കുന്നു. നിന്റെ അച്ഛന്‍ ധീരനായിരുന്നു. ഏത് അനാഥത്വത്തിലും കഷ്ടതയിലും നിനക്ക് അഭിമാനിക്കാം.

Sunday, May 6, 2012

ക്വട്ടേഷന്‍ സംഘത്തെവച്ചുള്ള പുതിയ ഉന്മൂലന സിദ്ധാന്തം


രാഷ്ട്രീയ പ്രബുദ്ധയുടെ വീമ്പുപറച്ചില്‍ നിര്‍ത്താന്‍ കേരളത്തിനു സമയമായെന്ന മറവില്ലാത്ത സന്ദേശമാണ് ചന്ദ്രശേഖരന്റെ അരുംകൊലയിലൂടെ സി.പി.എം നല്കിയിരിക്കുന്നത്.
ബംഗാളിലെന്നതുപോലെ പ്രത്യയ ശാസ്ത്രങ്ങളെ പാടേ മറന്ന പാര്‍ട്ടി നേതൃത്വം, തിരുത്തല്‍ ശക്തിയാകാന്‍ മുന്നിട്ടിറങ്ങുന്നവരെ ക്വട്ടേഷന്‍ സംഘത്തെവച്ച് ഉന്മൂലനം ചെയ്യേണ്ട വര്‍ഗ്ഗ ശത്രുക്കളുടെ ഗണത്തിലാണ് പെടുത്തിയിട്ടുള്ളതെന്നും വ്യക്തമായതായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളെ മറന്ന പാര്‍ട്ടിയിലെ ശക്തമായ അടിയൊഴുക്കുകള്‍ക്കുപിന്നാലെ മേല്‍ത്തട്ടിലും സംഹാരത്തിരമാലകളുയര്‍ന്ന് തങ്ങളെ വേട്ടയാടുന്നതുകണ്ടു പരിഭ്രാന്തരായ സി.പി.എം നേതൃനിര അതിജീവനത്തിനായി മറവുകളില്ലാതെ നൃശംസതയെ ആശ്രയിക്കുന്നതുകണ്ട് കേരളജനത പകച്ചുനില്‍ക്കുന്നു.തങ്ങളുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് ഇനി സാംഗത്യമില്ലെന്ന തിരിച്ചറിവോടെ കള്ളച്ചുവടുകളുടേയും  ഒളിയാക്രമണത്തിന്റേയും കാട്ടുനിയമത്തിന്റേയും സഹായം തേടിക്കൊണ്ട് ഫാസിസത്തിന്റെ വഴിതന്നെയാണു തങ്ങള്‍ക്കും പ്രിയങ്കരമെന്ന് മറ്റെവിടത്തെയും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെപ്പോലെതന്നെ പിണറായിയുടെ പാര്‍ട്ടിയും പരോക്ഷമായി ഏറ്റുപറഞ്ഞിരിക്കുകയാണ്.
 
പിണറായിയുടെ വഴി ശരിയല്ലെന്നു പറയാന്‍ ആഗ്രഹമുണ്ടെങ്കിലും ധൈര്യമില്ലാതെ വഴുതിനടക്കുന്ന വി.എസ്.അച്യുതാനന്ദനെക്കണ്ട് കേരളജനത മൂക്കത്തുവിരല്‍ വയ്ക്കുമ്പോള്‍ എത്രകാലം അദ്ദേഹത്തിന് ഈ ഒളിച്ചുകളി തുടരാനാകുമെന്ന ചോദ്യത്തിന് ദിനംപ്രതി  കനമേറിവുന്നു. ചന്ദ്രശേഖരന് അന്ത്യാദരമര്‍പ്പിച്ചശേഷം മാധ്യമങ്ങളോടു സ്വതന്ത്രമായി സംസാരിക്കാന്‍പോലും വി.എസിന് അനുമതി കിട്ടിയില്ലെന്നത് അതീവഗൗരവത്തോടെയാണ് അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ വീക്ഷിക്കുന്നത്.മറ്റാരോ കണിശബുദ്ധിയോടെ  പറഞ്ഞുകൊടുത്ത വാചകങ്ങള്‍ അതേപടി വായിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായതും ജനങ്ങള്‍ കണ്ടു.കുലംകുത്തികള്‍ക്കു പിണറായിയും ജയരാജനും നല്‍കിയ മുന്നറിയിപ്പിന്റെ ഗൗരവം തിരിച്ചറിയുന്നതില്‍ ചന്ദ്രശേഖരനും മറ്റും പറ്റിയ പാളിച്ച വി.എസിന്റെ കാര്യത്തില്‍ ഉണ്ടാകില്ലെന്ന് വ്യക്തമാകുന്നുമുണ്ട്.
 
പാര്‍ട്ടിവിട്ടവരെ കുലംകുത്തികളെന്ന് പിണറായി വിജയന്‍ വിശേഷിപ്പിച്ചത്് ഒഞ്ചിയത്തെ പ്രസംഗത്തിലായിരുന്നു. പാര്‍ട്ടിയോടു കളിക്കുകയും പാര്‍ട്ടിയില്‍നിന്നു വിട്ടുപോവുകയും ചെയ്യുന്നവരുടെ കാലും കയ്യും തല്ലിയൊടിച്ചുകളയുമെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞതും ഒഞ്ചിയത്തുതന്നെ. കൊന്നിട്ടായാലും പാര്‍ട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരുമെന്നാണ് നേതാക്കള്‍ ഒഞ്ചിയത്തു വന്നു പ്രസംഗിച്ചത്.കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍  നിര്‍ണായക പങ്ക് വഹിച്ച സ്ഥലമാണ് ഒഞ്ചിയം. 1948 ഏപ്രില്‍ 30ന് ഒഞ്ചിയത്ത് നടന്ന വെടിവയ്പില്‍ മരിച്ച എട്ടുപേരുടെ അടിത്തറയിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഈ പ്രദേശത്താകെ സ്വാധീനം ഉറപ്പിച്ചത്. കേരളത്തില്‍ പാര്‍ട്ടിഗ്രാമം എന്ന ആശയം ഉടലെടുക്കുന്നതുതന്നെ ഒഞ്ചിയത്തുനിന്നാണ്.
 
കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഒഞ്ചിയത്തെ തങ്ങളുടെ നാടാക്കി സി.പി.എം.  അതേ സി.പി.എമ്മില്‍നിന്നാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (റവലൂഷണറി) രൂപംകൊണ്ടത്. ഇതാണ് ഒഞ്ചിയത്തിന്റെ ഇപ്പോഴത്തെ ഒന്നാം കമ്യൂണിസ്റ്റ് പാര്‍ട്ടി. ഈ പാര്‍ട്ടിക്ക് രൂപം നല്‍കിയത് ടി.പി. ചന്ദ്രശേഖരനായിരുന്നു.പാര്‍ട്ടിയിലെ കടുത്ത വി.എസ്. പക്ഷപാതിയായിരുന്ന ചന്ദ്രശേഖരന്‍ ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സി.പി.എമ്മിനെ ഒഞ്ചിയത്ത് തരിപ്പണമാക്കി.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിച്ചു വടകരയില്‍ ചന്ദ്രശേഖരന്‍ 21,833 വോട്ട് നേടി.ചന്ദ്രശേഖരന്റെഈ വന്‍നേട്ടം സി.പി.എമ്മിനെ കുറച്ചൊന്നുമല്ല വിഷമത്തിലാക്കിയത്.
 
സി.പി.എം. നേതാക്കളുടെ നയങ്ങളിലും പ്രവര്‍ത്തനരീതികളിലും വിമര്‍ശനമുന്നയിച്ചുകൊണ്ടാണ് ഒഞ്ചിയത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ടത്. തുടക്കം മുതലേ ഇവരെ സി.പി.എം. അതിശക്തമായിത്തന്നെ നേരിട്ടു.പക്ഷേ ഒഞ്ചിയത്തിനു പിന്നാലെ വടകര താലൂക്കിലും കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിലും ചന്ദ്രശേഖരന്റെ പാര്‍ട്ടി സി.പിഎമ്മിനെ അടിയറവ് പറയിച്ചു.
ഒഞ്ചിയത്ത് പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നവരുടെ വീടുകള്‍ക്കുനേരെ ഭരണ പിന്തുണയോടെ സി.പി.എം. ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. ഒഞ്ചിയം സര്‍വ്വീസ് സഹകരണബാങ്കിലെ ജീവനക്കാരനായ പുതിയേടത്ത് ജയരാജനെ പട്ടാപ്പകല്‍ ബോംബെറിഞ്ഞ് വെട്ടിനുറുക്കി. 2009 നവംബര്‍ ആറിന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കണ്ണൂക്കര ബസാറില്‍ നടുറോഡിലിട്ട് വെട്ടി ജയരാജനെ കൊല്ലാനായിരുന്നു ശ്രമം.പക്ഷേ, ജീവനെടുക്കാനായില്ല. മരണത്തോട് മല്ലടിച്ച ജയരാജന്‍ ആത്മധൈര്യത്തിന്റെ മാത്രം ബലത്തില്‍ ജീവിതത്തിലേക്കു തിരിച്ചുവന്നു.
 
ഒരു കൊല്ലം തികയുമ്പോഴേക്കും ഒഞ്ചിയം പഞ്ചായത്തിന്റെ പ്രസിഡന്റായി ജയരാജനെ ജനങ്ങള്‍ തെരഞ്ഞെടുത്തു-ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍. നാല്‍പ്പത്തിയഞ്ചുവര്‍ഷത്തിനിടെ ഇതാദ്യമായായിരുന്നു ഇവിടെ പാര്‍ട്ടിക്ക് ഭരണം നഷ്ടമായത്. 2010 മാര്‍ച്ച് 19ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഏരിയാകമ്മറ്റി അംഗം കെ.കെ. ജയനെ ഇതേ മാതൃകയില്‍ കണ്ണൂരില്‍ നിന്നെത്തിയ കൊലയാളി സംഘം ആക്രമിച്ചു. വാരിയെല്ലുകളും കൈകാലുകളും ശ്വാസകോശവും കരളും മുറിവേറ്റു തകര്‍ന്ന ജയന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒഞ്ചിയത്ത് നിരവധിപ്പേര്‍ ഇങ്ങനെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് പേര്‍ കള്ളക്കേസില്‍ പ്രതികളായി. നുണപ്രചരണങ്ങള്‍, ഭീഷണി, തൊഴില്‍ നിഷേധം തുടങ്ങി കല്യാണം മുടക്കല്‍വരെ  സി.പി.എം. പ്രയോഗിച്ചിട്ടുണ്ട്.

ദുഷ്‌കരം ഈ കര്‍മം:സുഗതകുമാരി കവയിത്രി


സുഗതകുമാരി കവയിത്രി
ഉമ്മന്‍ ചാണ്ടിയെന്ന നേതാവ് ഈ വിധം ജനപ്രിയനാകാന്‍ കാരണമെന്തെന്നതിന് ഞാനൊരിക്കല്‍ ദൃക്‌സാക്ഷിയായിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ചന്ദനവനസംരക്ഷണ പരിപാടിയില്‍ പരിസ്ഥിതിക്കാരെന്നു പരിഹസിക്കപ്പെടുന്ന ഞങ്ങളില്‍ ചിലരും ക്ഷണിക്കപ്പെടുകയുണ്ടായി. മഹാസമ്മേളനം. ആദിവാസികളുടെയും പാവങ്ങളുടെയും വലിയ സംഘങ്ങള്‍. മിക്കവരുടെയും കയ്യില്‍ ഓരോ അപേക്ഷക്കടലാസുമുണ്ട്. യോഗം നടക്കുന്നതിനിടയില്‍ അവര്‍ തിക്കിത്തിരക്കി മുഖ്യമന്ത്രിയുടെ മുന്നിലെത്തി കടലാസുകള്‍ നീട്ടിത്തുടങ്ങി. ഓരോന്നും അദ്ദേഹം ഏറ്റുവാങ്ങി മേശമേല്‍ വച്ച് അപ്പോള്‍ത്തന്നെ ഓരോന്നായി പരിശോധിച്ച് കുറിപ്പുകള്‍ എഴുതിത്തുടങ്ങി.
ഇത്രവേഗം എങ്ങിനെയാണിവ പരിശോധിക്കാനും കുറിപ്പെഴുതാനും സാധിക്കുന്നതെന്ന് അറിയാനുള്ള കൗതുകംകൊണ്ട് ഞാനീ അപേക്ഷകള്‍ ഒന്നു നോക്കിക്കൊള്ളട്ടെ എന്ന് അനുമതി ചോദിച്ചു. പുഞ്ചിരിയോടെ അദ്ദേഹം അവ എന്റെ മുന്നിലേക്കു നീക്കിത്തന്നു.  'ലെലി' എന്നോ ഒരു ഒപ്പോ പ്രതീക്ഷിച്ച ഞാന്‍ അദ്ഭുതത്തോടെ കണ്ടത് വ്യക്തമായ ഓര്‍ഡറുകളാണ് 'കാറ്റത്തു വീടിന്റെ കൂര വീണുപോയി'' എന്ന ആവലാതിക്ക് 'ഉടന്‍ കെട്ടിക്കൊടുക്കുക' എന്ന ഓര്‍ഡര്‍ സ്ഥലം കളക്ടര്‍ക്ക്, ക്യാന്‍സര്‍രോഗിയുടെ സങ്കടത്തിന് 'മുഖ്യമന്ത്രിയുടെ സഹായനിധിയില്‍ നിന്ന് നല്‍കുക' എന്ന് സെക്രട്ടറിക്ക് നിര്‍ദേശം, അതിര്‍ത്തിത്തര്‍ക്ക പരാതിക്ക് അളന്നു പരിശോധിച്ച് കല്ലിട്ടു കൊടുക്കാന്‍ വില്ലേജ് ഓഫീസര്‍ക്ക് ഓര്‍ഡര്‍, കുട്ടികളെ പഠിപ്പിക്കാന്‍ കഴിവില്ലായെന്ന ആദിവാസി സ്ത്രീയുടെ പരാതിക്ക് ഉടന്‍ പരിഹാരം കാണാന്‍ പട്ടികവര്‍ഗവകുപ്പു മേധാവിക്ക് നിര്‍ദേശം. 

ഇങ്ങനെ ഓരോന്നിലും അതു ചെയ്തുകൊടുക്കേണ്ട ഉദ്യോഗസ്ഥനുള്ള കല്പനകളാണ് ഞാന്‍ അന്നു കണ്ടത്, അതിശയിച്ചത്, അഭിനന്ദിച്ചത്. അതീവ ബൃഹത്താണല്ലോ പിന്നീടുണ്ടായ ജനസമ്പര്‍ക്കപരിപാടികളെല്ലാം തന്നെ. ഈ ഒരു മനുഷ്യനിലുള്ള വിശ്വാസത്താല്‍ ആയിരക്കണ ക്കിന് ജനങ്ങള്‍ തടിച്ചുകൂടുന്നു, ആവലാതികള്‍ സമര്‍പ്പിക്കുന്നു, ആശയോടെ തിരിച്ചുപോകുന്നു. അവരില്‍ ഏറെപ്പേരും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതിന്റെ ആശ്വാ സത്തിലാണ്. രാത്രിവരെ നീളുന്ന ഈ കഠിനയത്‌നത്തില്‍ വിശ്രമമില്ലാതെ, മുഖം വാടാതെ, ക്ഷമയോടെ, അതി ദ്രുതം മുഖ്യമന്ത്രി പണിയെടുക്കുന്നു.
നല്ല കാര്യം, വലിയ മനസ്സും തെളിഞ്ഞ ബുദ്ധിയും ഒരുപാടു സഹാനുഭൂതിയും ആരോഗ്യവും ക്ഷമയുമുള്ള ഒരു വിശിഷ്ടവ്യക്തിക്കു മാത്രം ചെയ്യാന്‍ സാധിക്കുന്ന ദുഷ്‌കരകര്‍മമാണിത്. പക്ഷേ അതോടൊപ്പം എന്റെ ശങ്കാകുലമായ മനസ്സ് ചില അപ്രിയസത്യങ്ങള്‍ കണ്ടെത്തി ഖിന്നമായിപ്പോകുന്നു.

രാജ്യത്തിന്റെ ഭരണസംവിധാനം ദുര്‍ബലവും കാലവിളംബമേറിയതും അഴിമതിപുരണ്ടതും ഉദാസീനവു മായിക്കഴിഞ്ഞിരിക്കുന്നു എന്നതല്ലേ ഈ പതിനായിര ക്കണക്കിന് ആവലാതിക്കാരുടെ സാന്നിധ്യത്തിന്റെ അര്‍ഥം? ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ സമയബന്ധിതമായി, നീതിയുക്തമായി നടത്തിപ്പോരുകയാണെങ്കില്‍ ഈ ആള്‍ക്കൂട്ടത്തിന് മുഖ്യമന്ത്രിയെ തേടിവരേണ്ടതില്ലല്ലോ. ഈ യോഗങ്ങളില്‍ മാത്രമല്ല ദിനംപ്രതി സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ മുറിക്കു മുന്നിലും  ജനക്കൂട്ടത്തെ നാം കാണുന്നു. ഇവരില്‍ ഓരോരുത്തരുടെയും പ്രശ്‌നം പരിഹരിക്കേണ്ടത് മുഖ്യമന്ത്രിയാണോ? തൊഴില്‍സ്ഥിര തയും മികച്ച ശമ്പളവും പെന്‍ഷനും സര്‍വ ആനുകൂ ല്യങ്ങളും ലഭിക്കുന്ന, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട ചുമതലകള്‍ ഒരു മുഖ്യമന്ത്രി ശിരസ്സിലേറ്റേണ്ടതുണ്ടോ? വില്ലേജോഫീസറും  കളക്ടറുമെല്ലാമടങ്ങിയ ഉദ്യോഗസ്ഥ മഹാമണ്ഡലം പരിഹരിക്കേണ്ട പ്രശ്‌നങ്ങളല്ലേ ഇവ യെല്ലാം? അവയ്ക്കു പരിഹാരം കിട്ടാത്തതിനാലല്ലേ ജനസഹസ്രങ്ങള്‍ ഇങ്ങനെ ഇരമ്പിക്കയറുന്നത്?  

പഴയ ഒരു പുരാണകഥ ഓര്‍മവരുന്നു.  ഒരു രാജാവ് അഭിമാനത്തോടെ താന്‍ ''ആയിരം യാചകര്‍ക്ക് ദാനം നല്‍കി'' എന്നു പ്രഖ്യാപിച്ചതു കേട്ടിരുന്ന മറ്റൊരു രാജാവു പറഞ്ഞുവത്രേ - ''ഞാന്‍ ദാനം നല്‍കാറില്ല. എന്റെ രാജ്യത്ത് ദാനം വാങ്ങാന്‍ ആരും വരാറില്ല''. അതാകട്ടെനമ്മുടെ ലക്ഷ്യം. ഉദ്യോഗസ്ഥരെക്കൊണ്ട് പണിയെടുപ്പിക്കുക. കര്‍ശനമായ ഒരു സംവിധാനം അതിനുണ്ടാക്കുക. കാലവിളംബവും ഉദാസീനതയും കാട്ടുന്നവര്‍ക്കെതിരെ നടപടിയെടുക്കുക. ഇവിടെ പഞ്ചായത്തുകളുണ്ട്, ഓരോ പ്രദേശത്തിനും അവരുടെ ജനപ്രതിനിധികളുണ്ട്. അതീവ സങ്കീര്‍ണമായ ഒരു രാജ്യവ്യാപക ഭരണതല നെറ്റ്‌വര്‍ക്കുണ്ട്. ഇവയില്‍ കുറെയെങ്കിലും ആത്മാര്‍ഥതയോടെ പണിയെടുത്താല്‍ ഈ ജനക്കൂട്ടം വരുകയില്ല. അവര്‍ക്ക് അതിന്റെ ആവശ്യ മില്ല. ആ രാജാവ് പറഞ്ഞതുപോലെ 'ദാനം വാങ്ങാന്‍ യാചകരില്ലല്ലോ' എന്ന സ്ഥിതി വരണം. അതിനാകട്ടെ ഊന്നല്‍.  

മുഖ്യമന്ത്രി ഓരോ ചെറിയ പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കാന്‍ ഊണും ഉറക്കവുമുപേക്ഷിച്ച് കഠിനമായി പ്രയത്‌നിച്ചാല്‍ വലിയ കാര്യങ്ങളില്‍ മനസ്സും ബുദ്ധിയും അര്‍പ്പിക്കാന്‍ കഴിയാതെ പോകും. വലിയ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഊര്‍ജവും നഷ്ടപ്പെട്ടുപോകും.  പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി, മനുഷ്യശരീരം ദുര്‍ബലമാണ്. അതികഠിനമായി അതിനെ ഈവിധം പണിയെടുപ്പിക്കു ന്നത് താങ്കളെ സ്‌നേഹിക്കുന്ന എന്നെപ്പോലെയുള്ളവരെ ഭയപ്പെടുത്തുന്നു. ഈ നാടിനുവേണ്ടി ഒരായിരം മഹായത്‌നങ്ങള്‍ ചെയ്യാന്‍ ബാക്കിയുണ്ട് എന്നോര്‍മവയ്ക്കുക. ശക്തി നേരുന്നു, വിജയം നേരുന്നു.

സി.പി.ഐ.എം എന്നാല്‍ മണ്ടന്‍മാരുടെ പ്രസ്ഥാനമെന്നല്ല അര്‍ത്ഥം, മറിച്ച് ആസൂത്രിത കൊലപാതകങ്ങളുടെ സര്‍വ്വകലാശാല എന്നാണ്.


കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകമാണ് നടന്നിരിക്കുന്നത്. ഏതു രീതിയിലാണ് ഏതു ഭാഷയിലാണ് ഈ കൊലപാതകത്തെ വിശേഷിപ്പിക്കുക എന്നു പറയാനാവാത്ത സ്ഥിതിയാണുള്ളത്. വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചുവടുമാറ്റത്തിനെതിരെ പോരാട്ടം നയിച്ച, പുതിയൊരു ഇടതു ബദലന്വേഷണത്തില്‍ ഒരു പ്രസ്ഥാനത്തെ നയിച്ച ധീരനായൊരു പോരാളിയായിരുന്നു സഖാവ് ടി.പി. ചന്ദ്രശേഖരന്‍. അദ്ദേഹത്തിന്റെ കൊലപാതകം ജനാധിപത്യ വിശ്വാസികളുടെ മനസ്സിലുണ്ടാക്കിയ ഞെട്ടല്‍ എളുപ്പം മാറില്ല. പല തവണ അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചിട്ടും ശത്രുപക്ഷത്തിനു ഇക്കുറിയാണ് അത് സാധിക്കാനായത്.
വളരെ ആസൂത്രിതമായൊരു കൊലപാതകം നടത്തി കേരളത്തെ ഞെട്ടിക്കേണ്ടത് ആരുടെ ആവശ്യമാണ് എന്നതാണ് ഇപ്പോള്‍ എല്ലായിടത്തും നടക്കുന്ന ചര്‍ച്ച. സി.പി.ഐ.എം ആണോ, മുസ്ലീം തീവ്രവാദ സംഘടനയാണോ, ആര്‍.എസ്.എസ് ആണോ, 
‘ചത്തത് കീചകനെങ്കില്‍’ എന്ന പ്രയോഗത്തെ എടുത്തണിഞ്ഞു കൊണ്ടാണ് സി.പി.ഐ.എം ഇതിനെ പ്രതിരോധിക്കുന്നതെങ്കില്‍ അതില്‍ വലിയ കഴമ്പൊന്നുമില്ല. കാരണം ടി.പി. ചന്ദ്രശേഖരനെതിരെയുള്ള വധശ്രമം ഇതാദ്യമായൊന്നുമല്ല ഇവിടെ നടക്കുന്നത്. ടി.പി.നേതൃത്വം നല്‍കുന്ന ഒഞ്ചിയം റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെയും ഒട്ടനവധി തവണ വധശ്രമം നടക്കുകയുണ്ടായി. ഇതില്‍ സി.പി.ഐ.എമ്മിന്റെ പങ്ക് വളരെ വ്യക്തവുമാണ്.
‘ഇപ്പോള്‍ ഇലക്ഷനെ നേരിടുന്ന സമയമായതുകൊണ്ട് സി.പി.ഐ.എം ഈ കൊലപാതകം നടത്തില്ല’ എന്ന് വാദിക്കുന്ന നിഷ്‌കളങ്കരേ, സി.പി.ഐ.എമ്മിന് നിങ്ങളെ നന്നായി പറ്റിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നു മാത്രമേ പറയാനാവൂ. കാരണം സി.പി.ഐ.എം എന്നാല്‍ മണ്ടന്‍മാരുടെ പ്രസ്ഥാനമെന്നല്ല അര്‍ത്ഥം, മറിച്ച് ആസൂത്രിത കൊലപാകങ്ങളുടെ സര്‍വ്വകലാശാല എന്നാണ്.
അപ്പോള്‍ ഏതു രാഷ്ട്രീയത്തിനെതിരെയാണ് ടി.പി. പോരാടിയത് എന്ന് നമ്മള്‍ പരിശോധിക്കേണ്ടതുണ്ട്. ഇടതുപക്ഷത്തിന്റെ സാമ്രാജ്യത്വ സേവയ്‌ക്കെതിരെയാണ് അദ്ദേഹം പോരാടിയത്, സോഷ്യലിസ്റ്റ് പ്രയോഗത്തിന്റെ ഭാഗത്തു നിന്നുകൊണ്ട്. ഇന്ന് സാമ്രാജ്യത്വ സേവയെ പരിലാളിക്കുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം.സാമ്രാജ്യത്വത്തിന്, ആഗോളവല്‍ക്കരണത്തിന്, ചൂഷണ മുതലാളിത്തത്തിന് മനുഷ്യമുഖം ചാര്‍ത്തിക്കൊടുക്കുന്ന തിരക്കിലാണ് വ്യവസ്ഥാപിത ഇടതുപക്ഷം.
 മണ്ണിനുവേണ്ടി പോരാടുന്ന മണ്ണിന്റെ മക്കളെ കഴുത്തു ഞെരിക്കാന്‍ ഇവരുടെ കഠിന ഹൃദയങ്ങള്‍ക്കാവുന്നു. തൊഴിലാളി സമരങ്ങളെ ഒറ്റാന്‍ ഇവര്‍ ശകുനി തന്ത്രം മെനയുന്നു. ഏത് ജാതി മത വര്‍ഗ്ഗീയ പിന്തിരിപ്പന്‍ ശക്തികളുമായും ബാന്ധവത്തിലേര്‍പ്പെടാന്‍ ഇവര്‍ നിര്‍ലജ്ജം സന്നദ്ധമാവുന്നു.

ഇടതു-വര്‍ഗ്ഗീയ ശക്തികള്‍ക്ക് ഒരുപോലെ അനഭിമതമായ രാഷ്ട്രീയമാണ് സഖാവ് ചന്ദ്രശേഖരന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഇന്നിന്റെ വിപ്ലവശക്തികളുടെ രാഷ്ട്രീയമാണത്. അത് സാമ്രാജ്യത്വത്തോട് തെല്ലും സന്ധിചെയ്യാന്‍ തയ്യാറല്ലാത്ത, അതിനോട് ശക്തമായി പോരാടുന്ന രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തെ കൊന്നു തള്ളേണ്ടത്, മേല്‍പറഞ്ഞ എല്ലാ പിന്തിരിപ്പന്‍ ശക്തികളുടെ ഒരാവശ്യമാണ്.  അതുകൊണ്ട് ഈ കൊലപാതകത്തിനു പിന്നില്‍ മേല്‍ പറഞ്ഞവര്‍ക്ക് പങ്കുണ്ട്.

Saturday, May 5, 2012

സി.പി.എമ്മിലെ കണ്ണൂര്‍ കമ്പനിക്കെതിരെ വി.എസ് അച്യുതാനന്ദന്റെ സഹനസമരം വരുമോ ?



മനുഷ്യനെ വിധേയനും അടിമയുമാക്കുന്നത് എന്നും കറുത്ത ശക്തികള്‍ക്ക് എവിടെയും വിനോദമായിരുന്നു എന്ന് ചരിത്രം പറയുന്നു. ഇരുന്നൂറ് വര്‍ഷത്തിലേറെ നീണ്ടുനിന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭാരതീയ മേല്‍ക്കോയ്മയ്ക്ക് എതിരെ വിശ്വപ്രസിദ്ധമായ സമരം ചെയ്ത് വിജയിച്ചത് മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. അങ്ങനെ ഇന്ത്യ സ്വതന്ത്രമാകുകയും ജനാധിപത്യവത്ക്കരിക്കുകയും ചെയ്തു. ജനാധിപത്യ സോഷ്യലിസമാണ് മനുഷ്യന്റെ ഏറ്റവും വലിയ മോഹസ്വപ്‌നം. അതിന്റെ സമരപഥങ്ങള്‍ ചോരയും ജഡവും കൊണ്ടല്ല നിറയേണ്ടത്; സഹനസമരമാണ് അതിന്റെ മാര്‍ഗ്ഗമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തു. മനുഷ്യന്‍ മനുഷ്യനെ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന രീതിയാണിത്. ഇവിടെ ഇരുമ്പ് മറയോ അച്ചടക്കത്തിന്റെ പ്രോഗ്രട്ടസ് കട്ടിലോ ഇല്ല. അച്ചടക്കത്തിന്റെ പ്രോഗ്രട്ടസ് രാക്ഷസക്കട്ടില്‍ ഉപയോഗിച്ചാല്‍ തലയോ കാലോ ഉടലോ ഉയിരോ പോയത് തന്നെ. ഇടതുപക്ഷക്കാര്‍ എന്നും അവരുടെ അണികളെ അച്ചടക്കം പഠിപ്പിക്കുന്നത് പ്രോഗ്രട്ടസ് കട്ടിലില്‍ കിടത്തിയാണ്. അതുകൊണ്ട് തന്നെ അവരെല്ലാം തത്തമ്മേ പൂച്ച... പൂച്ച എന്ന് ഇടതുവശത്തേയ്ക്ക് നോക്കിപറഞ്ഞുകൊണ്ടിരിക്കും.

കാലം ഇത്തരം ഇരുമ്പുമനുഷ്യരുടെതാണെന്ന് ചില ഇരുമ്പ് രഹിതര്‍ പറയാറുണ്ട്. ഇരുമ്പില്‍ തുരുമ്പും തേക്കിന്‍തടിയില്‍ തെമ്മാടിയും ഇരിക്കുന്ന കാലമാണിത്. അതുകൊണ്ട് തന്നെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഏകാധിപത്യത്തിലേയ്ക്കും ഗ്രൂപ്പിസത്തിലേയ്ക്കും എക്കാലവും വഴുതിവീണാണ് കഴിഞ്ഞുപോകുന്നത്. ഇതൊന്നും അവര്‍ അംഗീകരിക്കില്ലെങ്കിലും എന്നും ഇത് വാസ്തവമായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെയിരിക്കെയാണ് സി.പി.എം. പിണറായി വിജയന്‍ പിടിച്ചെടുത്ത് അതൊരു കണ്ണൂര്‍ കമ്പനിയാക്കിയത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ കമ്പനി കണ്ണൂര്‍ക്കാരെ തിരുകികയറ്റി പിണറായി വിജയന്‍ വിപുലപ്പെടുത്തി. ഇ.വി. ജയരാജന്‍, ശുംഭന്‍ ഫെയിം ജയരാജന്‍, പി. ജയരാജന്‍, ഗോവിന്ദന്‍ മാസ്റ്റര്‍, പ്രകാശന്‍ മാസ്റ്റര്‍ എന്നിങ്ങനെ പതിനഞ്ചംഗ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തന്നെ കണ്ണൂര്‍ കമ്പനി ബ്രിഗേഡിയറന്മാരാണ് ഏറെയും. എന്നും എവിടെയും ഒറ്റുകാരാകുന്നത് ലാഭമുള്ള ഒരു പണിയാണല്ലോ. ആനത്തലവട്ടം ആനന്ദന്‍, എം.എം. ലോറന്‍സ്, കടകംപള്ളി സുരേന്ദ്രന്‍ എന്നിങ്ങനെ പലരും കണ്ണൂര്‍ കമ്പനിയുടെ രണ്ടാം നിര ബ്രിഗേഡിയാന്മാരായി സ്തുതി പാടകരായി സുഖിച്ച് കഴിയുന്നു.

പിണറായി സംരക്ഷണവും മഹത്വവത്ക്കരണവുമാണ് കണ്ണൂര്‍ കമ്പനിയുടെ മുഖ്യ അജണ്ട. പാര്‍ട്ടി ചിട്ട പഠിക്കേണ്ടത് കണ്ണൂര്‍ ഗുണ്ടായിസത്തില്‍ നിന്നാണ്. കണ്ണൂര്‍ കമ്പനിയ്‌ക്കെതിരെ ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ പിന്നെ സി.പി.എമ്മില്‍ കാണില്ല എന്നുമാത്രമല്ല ഈ ഭൂമുഖത്ത് തന്നെ കാണില്ല. കണ്ണൂര്‍ കമ്പനിയ്ക്ക് എതിരെ ആദ്യം പ്രതികരിച്ച ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി. ശശിധരന്‍ എന്ന സിപിഎം സംസ്ഥാന സമിതി അംഗം ഇപ്പോള്‍ എവിടെയാണെന്നത് ഇതിന് ഒരു ഉദാഹരണം. സിപിഎമ്മില്‍ ഒളിക്യാമറയോ, മറ്റ് വിവാദമോ വന്ന് ജില്ലാ സെക്രട്ടറിമാര്‍ മാറേണ്ടിവന്നാല്‍ പകരം അവിടെ റെസീവര്‍ ഭരണം കണ്ണൂര്‍ കമ്പനിക്കാണ്. ആലപ്പുഴയും എറണാകുളവും കണ്ണൂരും ഇങ്ങനെ കണ്ണൂര്‍ കമ്പനിയുടെ റെസീവര്‍ ഭരണത്തിലാണ്. കണ്ണൂരില്‍ ജയരാജന്‍ റെസീവറിനുപകരം ആനതലയോളം ബുദ്ധിയുള്ള ആനത്തലവട്ടം ആനന്ദനെ റെസീവര്‍ ആക്കാത്തത് എന്ത്. പിറവത്ത് തിരഞ്ഞെടുപ്പ് ചുമതലപോലും ഇ.വി ജയരാജന്‍ എന്ന കണ്ണൂര്‍ സിംഹത്തിനായിരുന്നു. പണ്ട് കോണ്‍ഗ്രസുകാര്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് എതിരെ പോരാടി. ഇന്ന് കമ്യൂണിസ്റ്റുകാര്‍ കണ്ണൂര്‍ കമ്പനിയ്ക്ക് എതിരെയും. പോരാട്ടത്തിന് ശബ്ദവും രൂപവും ഇല്ല. അത്ര ഭയമാണ് ഇവര്‍ക്ക് കണ്ണൂര്‍ കമ്പനിയെ. ചരിത്രം മുന്നോട്ട് തന്നെയാണ്.

“അഴുകിനാറിയ ആ കൂടാരത്തിലേക്ക് ഇനിയാരും വരാനില്ല. നിങ്ങള്‍ക്ക് ആ വാതിലുകള്‍ കൊട്ടിയടയ്ക്കാം”

റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി,
ഒഞ്ചിയം ഏരിയാ കമ്മിറ്റി


ഒഞ്ചിയം ജനത ചരിത്രപരമായ ഒരു വിധിയെഴുത്തിന് ഒരുങ്ങുകയാണ്. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ നന്മകളെ മുഴുവന്‍ കൊന്നുതിന്നാനിറങ്ങിയ സിപിഎമ്മിന്റെ ജനവിരുദ്ധനേതൃത്വത്തിന്റെ ശവപ്പെട്ടിക്ക് അവസാനത്തെ ആണിയടിക്കാനുള്ള ആത്മാഭിമാനപോരാട്ടത്തിനായി ഒരു നാട് മുഴുവന്‍ ഇരമ്പിയാര്‍ക്കുന്നതിന്റെ ആരവമാണ് ഒഞ്ചിയത്താകെ മുഴങ്ങിക്കൊണ്ടിരിക്കുന്നത്.
തണ്ടും തന്‍പ്രമാണിത്തവും ധിക്കാരവും അഹങ്കാരവും കൈമുതലാക്കി ജനവിരുദ്ധ രാഷ്ട്രീയം കളിക്കാനിറങ്ങിയ സിപിഎമ്മിലെ നേതൃത്വപ്രമാണിമാര്‍ക്കെതിരെ നിവര്‍ന്നുനിന്ന് നിലപാട് സ്വീകരിച്ച കുറ്റത്തിന് നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരേയും ആയിരക്കണക്കിന് പാര്‍ട്ടി അനുഭാവികളേയും മദ്യപാനികളെന്നും സാമൂഹ്യദ്രോഹികളെന്നും വര്‍ഗ്ഗവഞ്ചകരെന്നും പാര്‍ട്ടിവിരുദ്ധരെന്നും കുലംകുത്തികളെന്നും ആക്ഷേപിച്ച് നിര്‍ദാക്ഷിണ്യം ആട്ടിപ്പുറത്താക്കിയവര്‍ ഇപ്പോള്‍ മാരീചവേഷംകെട്ടി പുറത്തുപോയവരെ മുഴുവന്‍ സ്‌നേഹപൂര്‍വ്വം തിരിച്ചുവിളിക്കുകയാണ്!!
ചെങ്കൊടിയെങ്ങാന്‍ തൊട്ടാല്‍ കൈകാല്‍ വെട്ടുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര കമ്മിറ്റി അംഗവും, പുറത്തുപോയവരെല്ലാം രോമത്തിന് തുല്യമാണെന്ന് പൊതുയോഗത്തില്‍ പ്രഖ്യാപിച്ചവര്‍, എല്ലാ സഖാക്കളും തിരിച്ചുവരണമെന്ന് ഓര്‍ക്കാട്ടേരിയില്‍ വെച്ച് വി.എസ് ആവശ്യപ്പെട്ടപ്പോള്‍ പുറത്തുപോയവരെല്ലാം പുറത്തുതന്നെയെന്ന് ധിക്കാരേത്തോടെ പ്രഖ്യാപിച്ചവര്‍, ഇപ്പോള്‍ സ്‌നേഹത്തോടെ ക്ഷണിക്കുന്നതിലെ തട്ടിപ്പ് തിരിച്ചറിയാനുള്ള വിവേകം ഒഞ്ചിയത്തെ ജനതയ്ക്കുണ്ട്.
നേരും നെറിയുമുള്ള രാഷ്ട്രീയ നിലപാടിനുവേണ്ടി കഴിഞ്ഞ രണ്ടുവര്‍ഷക്കാലം റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചെങ്കൊടിക്കു കീഴെ നട്ടെല്ലുയര്‍ത്തി നിന്ന് പൊരുതിയ ഒഞ്ചിയത്തെ ജനതയ്ക്ക് നേരിടേണ്ടിവന്ന മനുഷ്യത്വവിരുദ്ധവും പൈശാചികവുമായ ദുരനുഭവങ്ങളെ മുഴുവന്‍ ഒരു നോട്ടീസ് വാറോല കൊണ്ട് മൂടിക്കളയാമെന്ന് കരുതിയ മഹാബുദ്ധിക്ക് ‌നമോവാകം!
ഒഞ്ചിയത്താകെ റവല്യൂഷണറി-യു.ഡി .എഫ് സഖ്യമെന്ന നുണപ്രചാരണം കൊണ്ട്, കാത്തിരിക്കുന്ന അനിവാര്യമായ ദയനീയ പരാജയത്തില്‍ നിന്ന സിപിഎമ്മിനോട് കരകയറാനാവില്ല. ഒഞ്ചിയം, എറാമല പഞ്ചായത്തിലെ 11 സീറ്റിലും ചോറോട് പഞ്ചായത്തിലെ 17 സീറ്റിലും റവല്യൂഷണറിമാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മത്സരിക്കുകയാണ്. ഇതില്‍ ബഹൂഭൂരിപക്ഷം സീറ്റുകളിലും റവല്യൂഷണറിയും യു.ഡി.എഫും തമ്മില്‍ നേരിട്ടാണ് മത്സരം.
മൂന്നാം സ്ഥാനത്തിനുവേണ്ടി ബി.ജെ.പിയോട് മത്സരിക്കുന്ന സിപിഎമ്മിനെതിരെ ഒന്നും രണ്ടും കക്ഷികള്‍ തമ്മില്‍ സഖ്യമുണ്ടാക്കിയെന്ന പെരുംനുണ ഒഞ്ചിയത്ത് വേരുപിടിക്കുമെന്ന് കരുതുന്നവര്‍ ഈ നാടിന്റെ തിളച്ചുമറിയുന്ന രാഷ്ട്രീയമനസ്സ് കാണാന്‍ ഒക്ടോബര്‍ 27വരെ മാത്രം കാത്തിരുന്നാല്‍ മതി.
ഒഞ്ചിയത്ത് റവല്യഷണറിയെ തോല്‍പ്പിക്കുന്നതിന്‍ രഹസ്യസഖ്യമുണ്ടാക്കാന്‍ യുഡിഎഫിന് പിന്നാലെ വാലാട്ടിനടന്നവര്‍ ആരാണെന്ന് ഒഞ്ചിയത്ത് ഇന്ന് അങ്ങാടിപ്പാട്ടാണ്. നാലു കൊല്ലക്കാലം കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിനെ താങ്ങിനടന്നവര്‍, അടിയന്തിരാവസ്ഥക്കാലത്ത് കേരളത്തിലെ ഭരണകൂടഭീകരവാഴ്ചക്ക് ചുക്കാന്‍ പിടിച്ച കരുണാകരന്റെ ഡി.ഐ.സി യുമായി മുന്നണിയുണ്ടാക്കി അധികാരസോപാനം ചവട്ടിയവര്‍, മായാവതിയുമായും ജയലളിതയുമായും രാമന്‍പിളളയുമായും മദനിയുമായും വരെ ഒരു വര്‍ഷം മുന്‍പ് മുന്നണിയുണ്ടാക്കി തെരെഞ്ഞെടുപ്പിനിറങ്ങിയവര്‍, മമതയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കണമെന്ന് ആലോചിച്ചുകൊണ്ടിരിക്കുന്നവര്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സ് വിരോധത്തിന്റെ വക്താക്കളാവുന്നതിന്റെ വിരോധാഭാസം ഈ നാട് തിരിച്ചറിയുകതന്നെ ചെയ്യും.
ഒഞ്ചിയം ഏരിയയിലെ നാല് പഞ്ചായത്തുകളില്‍ മൂന്നിലും അധികാരത്തിന്റെ നക്കാപ്പിച്ചയ്ക്കുവേണ്ടി കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി യുഡിഎഫിനെ പ്രസിഡണ്ടായും വൈസ്പ്രിസിഡണ്ടായും താങ്ങിനിര്‍ത്തിയ സിപിഎമ്മിന്റെ ഇപ്പോഴത്തെ യുഡിഎഫ് വിരോധം ലജ്ജാശൂന്യമായ കാപട്യമല്ലാതെ മറ്റെന്താണ്?!!!
എം.വി രാഘവനെ ഓര്‍ക്കാട്ടേരി ടൗണില്‍ പ്രസംഗിപ്പിച്ചത് റവല്യൂഷണറിക്കാരാണെന്ന പെരുംനുണ കോഴക്കോട്ടെ പ്രസ്‌ക്ലബ്ബിലും ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ കോളത്തിലും തട്ടിവിട്ട ടി.പി രാമകൃഷ്ണനെ ഓര്‍ത്ത് ഈ നാട് ലജ്ജിക്കുകയാണ്. റവല്യൂഷണറിയുടെ ഏതെങ്കിലും ഒരു ചടങ്ങില്‍ രാഘവന്‍ പങ്കെടുത്തെന്ന് തെളിയിക്കാന്‍ സിപിഎമ്മിനെ ഞങ്ങള്‍ വെല്ലുവിളിക്കുന്നു. എന്നാല്‍ കാര്യം കാണാന്‍ രാഘവനെ സിപിഎം നേതൃത്വം തങ്ങളുടെ പരിപാടിയിലേക്ക് എഴുന്നള്ളിച്ചതിന്റെ കഥകളെത്ര?!!!
കൂത്തുപറമ്പ് വെടിവെപ്പില്‍ നട്ടെല്ല് തകര്‍ന്ന് കിടപ്പിലായ പുഷ്പനെ സഹായിക്കാന്‍ സിപിഎം ഫണ്ട് പിരിക്കാനിറങ്ങിയ അന്നുതന്നെ പെരിന്തല്‍മണ്ണയിലെ ഇ.എം.എസ് ആശുപത്രിയുടെ ചടങ്ങില്‍ പങ്കുകൊള്ളാന്‍ എം.വി രാഘവനെ പരവതാനി വരിച്ച് ആനയിക്കാന്‍ എന്തേ സിപിഎമ്മിന് മനസാക്ഷിക്കുത്തുണ്ടാകില്ലേ?!!!
ആര്‍ ഗോപാലന്‍ ഭരണചക്രം തിരിക്കുന്ന വടകര സഹകരണ ആശുപത്രിയിലേക്കും രാഘവനെ കെട്ടിഎഴുന്നളളിക്കുമ്പോള്‍ സിപിഎമ്മിന്റെ കൂത്തുപറമ്പ് സ്‌നേഹം എവിടെയായിരുന്നു. സാക്ഷാല്‍ പിണറായിസഖാവിന്റെ റബ്‌കോയിലും എത്തിയില്ലേ രാഘവന്‍?!!.തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞ ഈ നാടിന്റെ ജനവിധിയെ നിങ്ങളുടെ നാണംകെട്ട നുണക്കഥകള്‍ക്ക് വഴിതെറ്റിക്കാനാവില്ലെന്ന് ഒഞ്ചിയം ഈ തെരെഞ്ഞെടുപ്പില്‍ തെളിയിക്കുക തന്നെ ചെയ്യും.

ആയിരക്കണക്കിന് ധീരരക്തസാക്ഷികളും പോരാളികളും പടനായകരും ജീവനും രക്തവും ത്യാഗപൂര്‍ണ്ണമായ ജീവിതവൂം സമര്‍പ്പിച്ച് പടുത്തുവളര്‍ത്തിയ മഹത്തായ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മാഫിയാ സാമ്പത്തിക ശക്തികളുടേയും പണപ്രമാണിമാരുടേയും ഉപജാപകരുടേയും കാല്‍ക്കീഴില്‍ തകര്‍ക്കാനിട്ട തമ്പുരാക്കന്‍മാര്‍ക്കെതിരെ ജനകീയചെറുത്തുനില്‍പ്പാണ് കഴിഞ്ഞ രണ്ടരവര്‍ഷക്കാലമായി ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ് ജനതയും റവല്യൂഷണറി മാര്‍കിസ്റ്റ് പാര്‍ട്ടിയും നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. ജീവിച്ചിരിക്കുന്ന ഒഞ്ചിയം സമരസേനാനികള്‍ മുഴവനും ഈ സമരത്തില്‍ റവല്യൂഷണറിക്കൊപ്പം അടിയുറച്ചുനില്‍ക്കുകയാണ്. സമാനതകളില്ലാതെ ത്യാഗാനുഭങ്ങളാണ് ഈ സമരത്തിന്റെ ഭാഗമായി നിന്ന ഓരോ സഖാവിനും നേരിടേണ്ടിവന്നത്.
വ്യക്തിഗതമായ നരവധി നഷ്ടങ്ങളെ തൃണവല്‍ഗണിച്ച് നിലപാടുകളില്‍ നിശ്ചയദാര്‍ഢ്യത്തോടെ നിലകൊണ്ട ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് ജനതയ്ക്കു നേരെ അരങ്ങേറിയ സിപിഎമ്മിന്റെ കിരാതമായ കടന്നാക്രമണങ്ങളോട് മുഴുവന്‍ ഈ നാടിനു കണക്കുതീര്‍ക്കേണ്ടതുണ്ട്. അഴിയൂരിലെ കമ്യൂണിസ്റ്റ് പോരാളി സഖാവ് അബ്ദുള്‍ഖാദര്‍ മുതല്‍ ഒഞ്ചിയത്തെ പി.ജയരാജനും, ഓര്‍ക്കാട്ടേരിയിലെ കെ.കെ ജയനും സീനീഷും മുയിപ്രയിലെ എം.പി ദാമോദരനും ഉള്‍പ്പെടെയുള്ള നിരവധി സഖാക്കള്‍ക്കു നേരെ സിപിഎം നടത്തിയ മനുഷ്യത്വവിരുദ്ധമായ ക്വട്ടേഷന്‍-കൊലപാതകശ്രമങ്ങള്‍ക്ക് ബാലറ്റിലൂടെ പ്രതികാരം ചെയ്യാനാണ് ഈ നാട് കാത്തിരിക്കുന്നത്.

പോലീസ് ഭീകരതയും കള്ളക്കേസും തടവറയും കൊണ്ട് ഒരു ജനതയെ വേട്ടയാടാനിറങ്ങിയവര്‍, തൊഴില്‍ നിഷേധിച്ച് ചെത്തുതൊഴിലാളികളുള്‍പ്പെടെയുള്ള നിരവധി തൊഴിലാളികുടുംബങ്ങളെ പട്ടിണിക്കിട്ടവര്‍., സ്വന്തം ആപ്പീസിന് തീവെച്ചും, സ്വന്തം നേതാവിന്റെ വീടിന് ബോംബെറിഞ്ഞും റവല്യൂഷണറിയുടെ പേരില്‍ കുപ്രചാരണമഴിച്ചുവിട്ടവര്‍…, അതെ, പച്ചമാംസം മണക്കുന്ന കൊലവാളുകളും ചോരുപുരണ്ട ചെന്നായ്പ്പല്ലുകളും ഒളിപ്പിച്ച്, വെളുക്കെചിരിച്ച് അവര്‍ നമുക്കുമുന്നില്‍ വീണ്ടുമെത്തുകയാണ്…. കഴിഞ്ഞ രണ്ടുവര്‍ഷക്കാലം തീവ്രാനുഭവങ്ങളുടെ ചോരക്കടലുകള്‍ താണ്ടിയ ഇന്നാട്ടിലെ ജനതയ്ക്ക് ഇനി മറ്റോന്നും ആലോചിക്കാനില്ല.
എതിര്‍ശബ്ദങ്ങളെ കൊന്നുതള്ളാന്‍ ക്വട്ടേഷന്‍ ചട്ടമ്പിമാരെ ചെല്ലും ചെലവും നല്‍കി പറഞ്ഞയച്ച മാടമ്പിമാര്‍ക്കെതിരെയുള്ള വിട്ടുവീഴചയില്ലാത്ത ജനവിധിയുടെ ക്വട്ടേഷനാണിത്. അധികാരസൗഖ്യങ്ങളുടെ അന്തപ്പുരങ്ങളില്‍ മദിച്ചുപുളച്ച് സാധാരണമനുഷ്യനെ മറന്നുപോയ പ്രമാണമാരെ അധികാരകേന്ദ്രങ്ങളില്‍ നിന്ന് കെട്ടുകെട്ടിക്കാനുള്ള് ഒരു നാടിന്റെ ധര്‍മ്മസമരമാണിത്.
ധിക്കാരവും ധാര്‍ഷ്ട്യവും തന്‍പ്രമാണിത്തവും മലിനമാക്കിയ ഈ നാടിന്റെ വിപ്ലവ രാഷ്ടീയത്തെ നന്മയും ധാര്‍ഷ്ട്യവും വിനയവും എളിമയും കൊണ്ട് വീണ്ടെടുക്കാനും, ജനാധിപത്യവും സമാധാനവും സമഗ്രവികസനവും ഉറപ്പുവരുത്താനുമുള്ള ?!!! റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഐതിഹാസിക ജനമുന്നേറ്റമാണിത്.
ഞങ്ങളുടെ വിജയം ഈ നാടിനുള്ളതാണ്…, ജനതയ്ക്കുള്ളതാണ്…, കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിനായി സര്‍വ്വം ത്യജിച്ച് പൊരുതിപ്പിടഞ്ഞുവീണ പോരാളികള്‍ക്കുള്ളതാണ്….
അതെ , ഞങ്ങള്‍ അടിവരയിടുന്നു., ചെങ്കൊടിയെ ഒറ്റുകൊടുത്തവരാരും രക്ഷപ്പെട്ട ചരിത്രമില്ല….

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ നില ഭദ്രമല്ലെന്ന്‌ മുന്നണി

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ നില ഭദ്രമല്ലെന്ന്‌ മുന്നണി നേതാക്കള്‍ക്കിടയില്‍ അനൗപചാരിക വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിപ്പോയെന്ന വികാരമാണ്‌ സിപിഎം ഒഴികെയുള്ള പാര്‍ട്ടികളുടേത്‌. എന്നാല്‍ തെരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കലെത്തി നില്‍ക്കെ അത്‌ പരസ്യമായി പറയാനോ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളില്‍പോലും പ്രകടിപ്പിക്കാനോ മുതിരേണ്ടെന്നും എല്ലാ പാര്‍ട്ടികളിലെയും നേതാക്കള്‍ക്കിടയില്‍ പൊതുധാരണയുണ്ട്‌്‌. ജൂണ്‍ രണ്ടിനു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏതുവിധവും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എഫ്‌ ലോറന്‍സിനെ ജയിപ്പിച്ചെടുക്കാന്‍ എല്‍ഡിഎഫ്‌ കക്ഷികളെല്ലാം തീവ്രശ്രമത്തിലാണ്‌.
എംഎല്‍എ സ്ഥാനം രാജിവച്ചപ്പോള്‍, യുഡിഎഫിലേയ്‌ക്കു പോകുന്നതിനെക്കാള്‍ നല്ലത്‌ ആത്മഹത്യ ചെയ്യുന്നതാണെന്നു പറഞ്ഞ ആര്‍ ശെല്‍വരാജ്‌ കോണ്‍ഗ്രസ്‌ അംഗത്വമെടുത്ത്‌ കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിക്കാന്‍ ഇറങ്ങിയിട്ടും അതും നന്നായി മുതലെടുക്കാന്‍ കഴിയുന്നില്ലെന്നാണ്‌ ജില്ലാ, പ്രാദേശിക ഘടകങ്ങളില്‍ നിന്ന്‌ സിപിഐ, ആര്‍എസ്‌പി എന്നിവയ്‌ക്കു ലഭിച്ച റിപ്പോര്‍ട്ട്‌. ബിജെപി സ്ഥാനാര്‍ത്ഥിയായി ഒ രാജഗോപാല്‍ കൂടി വന്നതോടെ, ഇടതു സ്ഥാനാര്‍ത്ഥി ദുര്‍ബലനാണെന്ന പ്രചാരണം മണ്ഡലത്തില്‍ വ്യാപകമായത്രേ. ശെല്‍വരാജിനെ പുറത്താക്കാനിരുന്നപ്പോള്‍ രാജിവച്ചതാണെന്ന പിബി അംഗം കോടിയേരി ബാലകൃഷ്‌ണന്റെ പ്രസ്‌താവന, മുന്നണി വിട്ടുപോയവരെ തിരികെ ക്ഷണിക്കുന്ന തരത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്‌ ഇതൊക്കെ ആത്മവിശ്വാസക്കുറവിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടുമെന്ന്‌ പ്രമുഖ എല്‍ഡിഎഫ്‌ ഘടക കക്ഷിയുടെ ഉന്നത നേതാവ്‌ സ്‌കൂപ്‌ഇന്ത്യയോടു പറഞ്ഞു. കുതിരക്കച്ചവടത്തിലൂടെ യുഡിഎഫ്‌ ശെല്‍വരാജിനെ അടര്‍ത്തിയെടുത്തു എന്ന പ്രചണ്ഡമായ പ്രചാരണത്തിന്റെ മുനയൊടിക്കുന്ന വിധത്തിലാണ്‌ കോടിയേരി ഇപ്പോള്‍ പറഞ്ഞതെന്നാണ്‌ മുറുമുറുപ്പ്‌. നെയ്യാറ്റിന്‍കര മണ്ഡലത്തിന്റെ ചുമതല കോടിയേരിക്കാണ്‌. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ്‌ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ്‌ പിണറായി വിജയന്‍ നയം മാറ്റ സൂചന നല്‍കിയത്‌്‌. പാര്‍ട്ടിയില്‍ നിന്നു പോയവരുടെ കാര്യത്തിലെന്ന പോലെ മുന്നണിയില്‍ നിന്നു പോയവരുടെ കാര്യത്തിലും, പുറത്തായവര്‍ പുറത്തുതന്നെ എന്ന മുന്‍ നിലപാടാണ്‌ പെട്ടെന്നു മാറ്റിയത്‌. ചാനലാകട്ടെ അത്‌ വലിയ വാര്‍ത്തയുമാക്കി. അങ്ങനെതന്നെയാണ്‌ ഉദ്ദേശിച്ചതെന്ന മട്ടില്‍ മൗനംകൊണ്ട്‌ ശരിവയ്‌ക്കുകയാണ്‌ പിണറായി ചെയ്‌തത്‌. ഇത്‌ മുന്നണിയിലെ മറ്റു കക്ഷികളില്‍ വലിയ ആശയക്കുഴപ്പമാണ്‌ ഉണ്ടാക്കിയത്‌. പ്രത്യേകിച്ചും പിളര്‍പ്പു നേരിട്ട കേരള കോണ്‍ഗ്രസ്‌, ജനതാദള്‍ എന്നിവയില്‍. പി ജെ ജോസഫും കൂട്ടരും മുന്നണി വിട്ട്‌ മാണി ഗ്രൂപ്പില്‍ ലയിച്ച്‌ യുഡിഎഫിലേക്കു പോയപ്പോള്‍ അതിനു തയ്യാറാകാതെ ഇടതുമുന്നണിയില്‍ തുടര്‍ന്ന പി സി തോമസിന്റെ കേരള കോണ്‍ഗ്രസിന്‌ അന്ന്‌ സിപിഎമ്മില്‍ നിന്നു വലിയ അഭിനന്ദനമാണു ലഭിച്ചത്‌. പിന്നീട്‌ നേരിയ ഭൂരിപക്ഷത്തില്‍ ഭരണം യുഡിഎഫിന്‌ കിട്ടിയ ശേഷം, ജോസഫ്‌ ഗ്രൂപ്പിന്റെ പഴയ എംഎല്‍എമാരില്‍ ചിലരെയും മാണി ഗ്രൂപ്പില്‍ നിന്നു ചിലരെയും അടര്‍ത്തിയെടുത്ത്‌ ഭരണമാറ്റമുണ്ടാക്കാന്‍ സിപിഎം ആശിര്‍വാദത്തോടെ പി സി തോമസും സ്‌കറിയാതോമസും ശ്രമിച്ചിരുന്നു. എന്നാല്‍ കാലു മാറ്റക്കാരെ തിരിച്ചുകൊണ്ടുവന്ന്‌ ഭരണം പിടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്‌ പറഞ്ഞ്‌ ആ നീക്കങ്ങള്‍ പാതിവഴിക്ക്‌ അവസാനിപ്പിച്ചത്‌ പിണറായിയാണ്‌. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള എസ്‌ജെഡിയെക്കുറിച്ച്‌ രൂക്ഷ ഭാഷയില്‍ മാത്രമാണ്‌ സിപിഎം നേതൃത്വം ഇതുവരെ പ്രതികരിച്ചുപോന്നത്‌. മുന്നണിയിലെ ചെറിയ കക്ഷികളെന്ന നിലയില്‍ സിപിഎമ്മിന്റെ നിലപാടിന്‌ അനുസരിച്ചു തങ്ങളുടെ നിലപാടുകളെയും പരുവപ്പെടുത്തിയാണ്‌ ജനതാദള്‍ (സെക്കുലര്‍), കേരള കോണ്‍ഗ്രസ്‌ ( ലയന വിരുദ്ധ വിഭാഗം) എന്നിവയും പിന്നീട്‌ മുന്നോട്ടുപോയ്‌ക്കൊണ്ടിരുന്നത്‌. എന്നാല്‍ ആ പാര്‍ട്ടികളില്‍ ലയിച്ച്‌, പഴയ സുഹൃത്തുക്കള്‍ക്ക്‌ തിരിച്ചുവരാമെന്നു പിണറായി പറഞ്ഞത്‌ അവരുമായി ആലോചിച്ചായിരുന്നില്ല. പിണറായിയുടെ അഭിമുഖം വന്ന പിന്നാലെ ചാനലില്‍ നിന്ന്‌ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ്‌ മാത്യു ടി തോമസിനെ ഫോണില്‍ വിളിച്ചു പ്രതികരണം തേടിയപ്പോള്‍ അദ്ദേഹം അമ്പരന്നു. ഞങ്ങള്‍ ആരുടെ മുന്നിലും വാതില്‍ കൊട്ടിയടച്ചിട്ടില്ല എന്നു മാത്രം പറഞ്ഞ്‌ തലയൂരുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. പി സി തോമസ്‌ പ്രതികരിക്കാന്‍ തയ്യാറായുമില്ല.
ഇടതുമുന്നണിയില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയില്‍ എസ്‌ജെഡിയും പഴയ ജോസഫ്‌ ഗ്രൂപ്പിലെ ചിലരും നെയ്യാറ്റിന്‍കരയില്‍ പിന്തുണ നല്‍കുമെന്നാണ്‌ സിപിഎം കരുതുന്നത്‌. അത്‌ ആത്മവിശ്വാസക്കുറവുകൊണ്ടാണെന്നാണ്‌ മുന്നണിക്കുള്ളിലെ ചര്‍ച്ച. ലോറന്‍സ്‌ പാര്‍ട്ടിക്കാരനായിരുന്നില്ലെന്നും പഴയ ജേക്കബ്‌ ഗ്രൂപ്പുകാരനായിരുന്നുവെന്നും പുറത്തുവന്നിട്ടുണ്ട്‌. സമീപകാലത്താണ്‌ അദ്ദേഹത്തിന്‌ സിപിഎം അംഗത്വം നല്‍കിയത്‌. മറ്റു പലരേയും ഒഴിവാക്കി ലോറന്‍സിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെച്ചൊല്ലിയുള്ള പ്രതിഷേധം ഇപ്പോഴും നെയ്യാറ്റിന്‍കരയിലെ സിപിഎമ്മിനുള്ളില്‍ പുകയുന്നുവെന്നും ഘടക കക്ഷികള്‍ മനസിലാക്കിയിട്ടുണ്ട്‌. ഇതും നില ഭദ്രമല്ലെന്ന വിലയിരുത്തലിനു കാരണമായി.

സി.പി.എം വിടുന്നവരെല്ലാം ചതിയന്മാര്‍, വഞ്ചകര്‍. അതില്‍ ചേരുന്നവരെല്ലാം ചിന്തകര്‍, ബുദ്ധിജീവികള്‍... ഇതെവിടുത്തെ ന്യായം?

എ.പി അബ്ദുള്ളക്കുട്ടി
മേയ് ഒന്നിന് പാലക്കാട് ജില്ലയില്‍ സി.പി. മുഹമ്മദ് എം.എല്‍.എ യുടെ മണ്ഡലത്തില്‍ വെളയൂര്‍ പഞ്ചായത്തില്‍ കുപ്പോത്ത് സി.പി.എം. വിട്ട് വന്ന മുന്‍ ഏര്യാസെക്രട്ടറിയും ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഹമ്മദ് കുഞ്ഞി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി തുടങ്ങി നൂറുകണക്കിന് ആളുകള്‍ക്ക് കോണ്‍ഗ്രസ്സിലേയ്ക്ക് വരുന്നതിന്റെ ഭാഗമായി അവര്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണം ചെയ്യുന്ന ഒരു വലിയ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം കിട്ടി. ഇത് ഒറ്റപ്പെട്ട  സംഭവമല്ല. ഇതുപോലെ കേരളത്തിലെമ്പാടും ചെറുതും വലുതുമായ നിരവധി നേതാക്കളും അനുയായികളും സി.പി.എം വിട്ടുകൊണ്ടിരിക്കുകയാണ്. ഇവരെല്ലാം  പണവും സ്ഥാനമാനങ്ങളും  മോഹിച്ചിട്ടാണ് കോണ്‍ഗ്രസ്സിലേയ്ക്ക് വരുന്നത് എന്ന് പറഞ്ഞാല്‍ പിണറായി വിജയന്റെ ഒക്കത്തിരിക്കുന്ന പേരക്കുഞ്ഞ് പോലും വിശ്വസിക്കില്ല.
നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സെല്‍വരാജിനെതിരെ സി.പി.എം നടത്തുന്ന ചതിയന്‍, വഞ്ചകന്‍, കുലദ്രോഹി എന്നീ കുറ്റപ്പെടുത്തല്‍ വാക്കുകള്‍ ഒരുവശത്ത്. കോണ്‍ഗ്രസ്സും മുസ്ലിംലീഗും കേരളാകോണ്‍ഗ്രസ്സും വിട്ട് സി.പി.എമ്മില്‍ ചേക്കേറിയവരെക്കുറിച്ച് അവര്‍ പറയുന്നത് ബുദ്ധിജീവി, ചിന്തകന്‍ എന്നൊക്കെയാണ്. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ്സ് വിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍, ചിന്തകന്‍, ബുദ്ധിജീവി; തിരിച്ച് സെല്‍വരാജ് മാറിയാല്‍ ചതിയന്‍, വഞ്ചകന്‍. ഈ വിലയിരുത്തലിലെ വൈരുദ്ധ്യാന്മക കോയിനേജ് മാര്‍ക്‌സിസ്റ്റ് ശബ്ദതാരാവലി മുഴുവന്‍ മറിച്ചു നോക്കിയിട്ടും സാരം പിടികിട്ടുന്നില്ല. പോളിറ്റ് ബ്യൂറോയില്‍ എത്തിയ കന്നിക്കാരനും കഠിന മാര്‍ക്‌സിസ്റ്റ് ദാര്‍ശനികനും ആയ എം.എ ബേബിയെങ്കിലും ഇതിന്റെ പൊരുള്  രാഷ്ട്രീയ കേരളത്തിന് പറഞ്ഞുതരണം.
മാലോകരറിയുന്ന മഞ്ഞളാംകുഴി അലിമാര്‍ മാത്രമല്ല, അറിയപ്പെടാത്ത ആയിരക്കണക്കിന് ആളുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുകയാണ്. ഇന്‍ഡ്യയിലെ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണ് കണ്ണൂര്‍ ജില്ല. (ബംഗാളിലെ 24 ഫര്‍ഗാന ജില്ലയാണോ മുന്നില്‍ എന്ന തര്‍ക്കമുണ്ട്). കണ്ണൂരില്‍ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അളവുകോലാക്കുകയാണെങ്കില്‍ കമ്മ്യൂണിസ്റ്റ് കോട്ടയുടെ അടിക്കല്ല് ഇളകിതുടങ്ങി. പതിനാലാം ലോകസഭാ തെരഞ്ഞെടുപ്പില്‍ കെ.സുധാകരന്‍ ജയിച്ചത് അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. അഥവാ ഒരു ലക്ഷം ആളുകള്‍ കൂറുമാറി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പല പാര്‍ട്ടി ഗ്രാമങ്ങളും സി.പി.എമ്മിന് നഷ്ടപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് രണ്ടില്‍ നിന്ന് അഞ്ചു സീറ്റിലേയ്ക്ക് കുതിച്ചുയര്‍ന്നു. ഇപ്പോള്‍ കണ്ണൂരില്‍ എല്‍.ഡി.എഫും യു.ഡി.എഫും പതിനൊന്നംഗ നിയമസഭാ സീറ്റില്‍ ഒന്നിന്റെ വ്യത്യാസമേയുള്ളൂ.
അഥവാ ഈ മൂന്നു തെരഞ്ഞെടുപ്പിലും കണ്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രാമത്തില്‍ നിന്നു പോലും ജാഥയില്‍ പങ്കെടുക്കുന്നവര്‍, പ്രവര്‍ത്തകര്‍, കെട്ടുതാലിയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത അമ്മമാര്‍ പോളിംഗ് ബൂത്തിലെത്തി ഇലക്‌ട്രോണിക്‌സ് യന്ത്രത്തെ സാക്ഷിയാക്കി യു.ഡി.എഫിന് വോട്ടു ചെയ്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ്. എന്നിട്ടും കടകംപള്ളി കാര്യങ്ങള്‍ നേരെ ചൊവ്വേ മനസ്സിലാക്കാതെ കാശുവാങ്ങിയിട്ടാണ്, സ്ഥാനമാനങ്ങള്‍ കൊതിച്ചാണ് ആളുകള്‍ സി.പി.എം. വിടുന്നത് എന്നുവാദിച്ചാല്‍,  മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ശുദ്ധ അസംബന്ധമാണ്. ഈ സാഹചര്യത്തില്‍ നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫിന്റെ വിജയം പിറവത്തെക്കാള്‍ ഉജ്ജ്വലമായിരിക്കും. അതിന് പലകാരണങ്ങള്‍ ഉണ്ട്.
ഒന്ന്, ഈ മണ്ഡലം പാരമ്പര്യമായി കോണ്‍ഗ്രസ്സിന്റെ നല്ല വേരോട്ടമുള്ള പ്രദേശങ്ങളാണ്. 
കേരള തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ കോണ്‍ഗ്രസ്സിന് ഏറ്റവും കുറഞ്ഞ സീറ്റ് ഒന്‍പതായിരുന്നു. അന്ന് ആ കെ.കരുണാകരന്റെ ലക്കിഒന്‍പതില്‍ നെയ്യാറ്റിന്‍കരയും പാറശാല മണ്ഡലങ്ങളുമുണ്ടായിരുന്നു.
രണ്ട്, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വികസന സ്വപ്‌നങ്ങള്‍ പൊതുവില്‍ ജനങ്ങള്‍ക്കും വിശേഷിച്ച് യുവാക്കള്‍ക്കും വലിയ മതിപ്പും ആവേശവുമുണ്ടാക്കിയിട്ടുണ്ട്. അവര്‍ ഈ ഗവണ്‍മെന്റിനെ നിലനിര്‍ത്താനും കൂടുതല്‍ കരുത്തുള്ളതാക്കി മാറ്റാനും തയ്യാറാവും. മൂന്ന്, സെല്‍വരാജ് ഉയര്‍ത്തിയ സി.പി.എമ്മിന്റെ അഴിമതിയുടേയും അഹങ്കാരത്തിന്റെയും പ്രശ്‌നങ്ങള്‍ അവരുടെ അണികള്‍ക്കിടയില്‍ വലിയ ചലനങ്ങളും അടിയൊഴുക്കുകളും ഉണ്ടാക്കിയിട്ടുണ്ട്. അത് വളരെ നിശബ്ദമായി യു.ഡി.എഫിനുള്ള വോട്ടായി മാറും.
നാല്, പിറവത്തെപ്പോലെ തന്നെ കോടിയേരി ബാലക്യഷ്ണന്റെ നേത്യത്വത്തിലുള്ള കണ്ണൂര്‍ ലോബിയാണ് ഇവിടെയും തെരഞ്ഞെടുപ്പ് കമ്മിറ്റിയും പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നത്. അത് ഈ ജില്ലയിലെ തഴക്കവും പഴക്കവുമുള്ള നേതാക്കളായ വിജയകുമാര്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയ നേതാക്കളെ വിഷമിപ്പിച്ചിട്ടുണ്ട്. എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ഇത് ബാധിക്കും.
അഞ്ച്, സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായ ഒരു തെരഞ്ഞെടുപ്പാണിത്. സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചപ്പോള്‍ എം.വിജയകുമാറിനേയും, ആന്‍സലന്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കി പഴയ ഒരു കേരള കോണ്‍ഗ്രസ്സുകാരനെ സ്ഥാനാര്‍ത്ഥിയാക്കിയത് അമര്‍ഷം സി.പി.എമ്മിനകത്ത് നുരഞ്ഞുപൊന്തുന്നുണ്ട്. അതുകൊണ്ട് നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് സി.പി.എമ്മിന്റെ തകര്‍ച്ചയുടെ ശക്തി കൂട്ടുന്നതായിരിക്കും. സെല്‍വരാജിന്റെ ലാളിത്യവും എന്നും സാധാരണജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ച ശൈലിയും അദ്ദേഹത്തിന്റെ ഭൂരിപക്ഷം കൂട്ടുന്ന ഘടകങ്ങളാവും. പിറവത്തെക്കാള്‍ കൂടിയ ഭൂരിപക്ഷമാകുമോ എന്നകാര്യത്തിലേ തര്‍ക്കമുള്ളൂ.