Saturday, May 26, 2012

പച്ച മനുഷ്യനെ വെട്ടിയും കുത്തിയും വെടിവെച്ചുമൊക്കെ കൊല്ലുന്ന കൃത്യം ഏറ്റു പറയുന്ന സി പി എം ജില്ലാ സെക്രടറി


വിഎസ് അച്യുതാനന്ദനെ പോലെ ആംഗ്യം കൊണ്ടും ആക്ഷേപഹാസ്യം കൊണ്ടും അണികളുടെ കൈയടി വാങ്ങുന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയെ വിഎസിനെ അടിക്കാനായി ഉപയോഗപ്പെടുത്തിയപ്പോള്‍  അത് വലിയ തിരിച്ചടിയാകുമെന്ന് പിണറായി വിജയന്‍ കരുതിയിട്ടുണ്ടാകില്ല.
മാധ്യമങ്ങള്‍ കണ്ണും കാതും തുറന്നിരിക്കെ അണികളെ സാക്ഷിയാക്കിയാണ് ഇടുക്കി ജില്ലയില്‍ സിപിഎം  നടത്തിയ കൊലകളുടെ കണക്കുകള്‍ എം.എം മണി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത്.
മണിയുടെ പ്രസംഗശൈലിയും പ്രയോഗങ്ങളും  സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രതികാര പ്രവര്‍ത്തനങ്ങളുടെ  സാക്ഷ്യപ്പെടുത്തലുകളായി മാറി. രാഷ്ട്രീയമായി സിപിഎമ്മിനെതിരെ നിലപാടെടുത്തവരെയും പാര്‍ട്ടിയുടെ ശത്രുക്കളെയും കൊലപ്പെടുത്തിയ കണക്കുകളാണ് മണി പ്രസംഗത്തില്‍ പുറത്തു വിട്ടത്. '' രണ്ടെണ്ണത്തിനെ തോക്കുകൊണ്ട് വെടിവെച്ചാണ് കൊന്നത്. ഒരുത്തനെ വെട്ടിക്കൊന്നു. വേറൊരുത്തനെ തല്ലിക്കൊന്നു.'' എന്നൊക്കെ ലാഘവ ബുദ്ധിയോടെ പരാമര്‍ശിക്കുമ്പോള്‍ മണിക്കൊത്ത മാനസികാവസ്ഥയുള്ള ചിലര്‍ കയ്യടിക്കുന്ന ശബ്ദവും ചാനല്‍ വാര്‍ത്തയില്‍ വ്യക്തമായി കേള്‍ക്കാം.
 
പച്ച മനുഷ്യനെ വെട്ടിയും കുത്തിയും വെടിവെച്ചുമൊക്കെ കൊല്ലുന്ന കൃത്യം ഏറ്റു പറയുമ്പോള്‍ താന്‍ കൊലപാതകമെന്ന ഏറ്റവും വലിയ ക്രിമിനല്‍ കുറ്റമായ  302- ാം വകുപ്പിന്റെ  അടിസ്ഥാന വെളിപ്പെടുത്തലുകളാണ് നടത്തുന്നതെന്ന വാസ്തവം എം.എം മണി മറന്നു പോയിരിക്കാം.
എത്രകാലത്തെ പഴക്കമുള്ളതായാലും കൊലപാതക കേസുകളില്‍ പുതിയ വെളിപ്പെടുത്തലുകളോ  തെളിവുകളോ ഉണ്ടായാല്‍ കേസ് പുനരുജ്ജീവിപ്പിക്കുകയോ പുതിയതായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയോ  ചെയ്യുന്നതിന് നിയമം അനുശാസിക്കുന്നുണ്ട്. എം.എം മണിയുടെ വെളിപ്പെടുത്തലുകള്‍ ഇടുക്കിയിലെ ജനം മറന്നുപോയ പലകൊലകളുടെയും  പുതിയ അന്വേഷണങ്ങള്‍ക്കാണ് വഴി തുറന്നിട്ടിരിക്കുന്നത്.
 
ഇവിടെ മറ്റൊരു സവിശേഷത സിപിഎം ജില്ലാ സെക്രട്ടറി തന്നെ സ്വന്തം പാര്‍ട്ടി നടത്തിയ ക്രൂരമായ നരഹത്യയുടെ വ്യക്തമായ ചിത്രം വരച്ചുകാട്ടിയിരിക്കുന്നു എന്നതാണ്.ഒഞ്ചിയത്തെ ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ സിപിഎം നേതാക്കള്‍ അറസ്റ്റിലായതും അതേതുടര്‍ന്ന് നടന്നു വന്നിരുന്ന വാദകോലാഹലങ്ങളും ഒടുവില്‍ ടി.കെ. ഹംസ  വിഎസ് അച്യുതാനന്ദനെ  കുത്തിത്തിരുപ്പുകാരന്‍ എന്ന് ആക്ഷേപിച്ചതും  ഇതില്‍ ക്ഷുഭിതനായ വിഎസ്  ഹംസയെ ശുംഭന്‍ എന്ന് വിളിച്ചും അവസരവാദി എന്ന് പറഞ്ഞുമാണ് തിരിച്ചടിച്ചടിച്ചത്.  സിപിഎം നേതാക്കളുടെ ഈ പരസ്യമായ വിഴുപ്പലക്കല്‍  ചാനല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴാണ് വിഎസിനെ പ്രതിരോധിക്കാനെന്ന വണ്ണം എം.എം മണി കൊലപാതക കഥ തുറന്നു പറഞ്ഞത്. സിപിഎമ്മില്‍ ഇതൊന്നും  ഒരു പുതിയ കാര്യമല്ല എന്നും പാര്‍ട്ടിക്കെതിരായി നില്‍ക്കുന്നവരെ പാര്‍ട്ടി വകവരുത്തിയ ചരിത്രം പുതിയതല്ലെന്നും  പറഞ്ഞ മണി തെളിവായാണ് ഇടുക്കി കൊലകള്‍ പുറത്തെടുത്ത് വിശദീകരിച്ചത്.
 
എം.എം മണിയുടെ പ്രസംഗം സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിക്കൂട്ടിലാക്കി. ടിപി വധത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും എതിരാളികളെ വകവരുത്തുന്ന രീതി സിപിഎമ്മിനില്ലെന്നും  വടകരയില്‍ പ്രതിഷേധമാര്‍ച്ചില്‍ എളമരം കരീം പ്രസംഗിക്കുമ്പോഴാണ് എം.എം മണി  ഇടുക്കിയില്‍ കടകവിരുദ്ധമായ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന സത്യം വിളിച്ചു പറഞ്ഞത്.രാഷ്ട്രീയ പ്രതിയോഗികളെ എണ്ണിത്തിട്ടപ്പെടുത്തി  കണക്കനുസരിച്ച് കൊലപ്പെടുത്തുന്ന സിപിഎം ശൈലി ഉദാഹരണസഹിതം  എം.എം മണി തുറന്നു പയുമ്പോള്‍  കഴിഞ്ഞ ഒരുമാസമായി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎം നേതാക്കള്‍ പറയുന്ന നിരപരാധിത്വത്തിന്റെ പൊള്ളത്തരങ്ങളാണ് വെളിച്ചത്തുവരുന്നത്. കണ്ണൂര്‍ ജില്ലയില്‍ സിപിഎം സ്വന്തം പാര്‍ട്ടി ഗ്രാമങ്ങളിലൂടെ  വിഭാവനം ചെയ്ത് ആവിഷ്‌കരിച്ചു നടപ്പിലാക്കി വിജയിച്ച രാഷ്ട്രീയ കൊലപാതക തന്ത്രങ്ങളാണ്  ഒഞ്ചിയത്തെ ടിപി വധത്തില്‍വരെ എത്തിയത്.  പാര്‍ട്ടിയിലെ കാട്ടാളസഖാക്കള്‍ കൊലനടത്തുകയും പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്ന നിരപരാധികള്‍ പ്രതികളായിത്തീരുകയും ചെയ്യുന്ന കൊലപാതക തന്ത്രമാണിപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്. ഒഞ്ചിയം കൊലയുടെ വിദഗ്ധമായ അന്വേഷണം ചെന്നെത്തിയത് സിപിഎമ്മിന്റെ ഏരിയാ കമ്മറ്റിയും ലോക്കല്‍ കമ്മറ്റിയും കടന്ന് ജില്ലാ കമ്മറ്റിയില്‍ വരെയാണ്. ഏറെ കാത്തിരിക്കാതെ  സംസ്ഥാന കമ്മിറ്റിയും പ്രതിഭാഗത്തേക്ക് എത്തിച്ചേരുക തന്നെ ചെയ്യും.
 
വര്‍ഗ്ഗമോചനവും വര്‍ഗ്ഗാധിപത്യവും ഉന്നം വയ്ക്കുന്ന മാര്‍ക്‌സിസത്തിന്റെ പ്രത്യയശാസ്ത്ര നീതിയെ മൂടുപടമിട്ടു നിര്‍ത്തി സ്റ്റാലിനിസത്തിന്റെ കരാള ഹസ്തങ്ങളുയര്‍ത്തുന്ന കേരളത്തിലെ സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ ശൈലി ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. മണിപവറും, മസില്‍ പവറുമെന്ന ജനാധിപത്യത്തിനുമേലുള്ള അന്യായ അധീശശക്തി സ്വായക്തമാക്കിയ പിണറായി വിഭാഗം എല്ലാ എതിര്‍പ്പുകളെയും അടിച്ചിരുത്തി മുന്നോട്ട് പായുകയായിരുന്നു. സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ ഈ കുതിച്ചുപായലിനിടയില്‍ എതിര്‍പ്പിന്റെ സ്വരമുയര്‍ത്തിയ പലരും രക്തസാക്ഷികളായി. ഈ കൊലകളിലെ യഥാര്‍ത്ഥ പ്രതികളെ ഒളിപ്പിച്ച സിപിഎം നേതാക്കള്‍ രക്തസാക്ഷികളുടെ പേരും പടവും വരെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ച ക്രൂര വിനോദവും അരങ്ങേറിയിരുന്നു.
 
അച്ചടക്കം എന്ന കമ്മ്യൂണിസത്തിന്റെ വാളുറകള്‍ ദ്രവിച്ചുപോയിരിക്കുന്നു. ചോദ്യം ചെയ്യപ്പെടലുകള്‍ക്ക് വിധേയമാകുക എന്ന സ്വാഭാവിക യാഥാര്‍ത്ഥ്യത്തിലേക്ക് സിപിഎം നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നു. പറയുന്നതെന്തും അനുസരിക്കുന്ന അണികള്‍ക്കുമുന്നില്‍ അറിയപ്പെടാത്ത സത്യങ്ങള്‍ തെളിയുന്നു. പുറത്തുവരുന്ന ഓരോ പുതിയ അറിവുകളും സാധാരണ കമ്മ്യൂണിസ്റ്റുകാരന്റെ കരിങ്കല്ലല്ലാത്ത ഹൃദയത്തെ മുറിപ്പെടുത്തുന്നു. ഈ മുറിവുണക്കാന്‍ സിപിഎം നേതാക്കളുടെ മൂന്ന് മുഴം നാക്കിന്റെ നക്കിത്തുടക്കല്‍ കൊണ്ടാകുകില്ല.  ഈ സത്യം കാലം തെളിയിക്കുകയാണ്.

Friday, May 18, 2012

വികസന വര്‍ഷം; കാരുണ്യ വര്‍ഷം

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആഗോളതലത്തിലും ദേശീയതലത്തിലും കേരളം ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ജനാധിപത്യം ശക്തിപ്പെടുത്തുന്ന കേരളത്തിലെ ഭരണ നടപടികള്‍ യുഎന്‍ഡിപിയും(യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്‍റ് പ്രോഗ്രാം) ന്യൂയോര്‍ക്ക് ടൈംസുമൊക്കെ ചര്‍ച്ച ചെയ്യുന്നു. ജനാധിപത്യ ഭരണ പരിഷ്കാരങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനുളള രാഷ്ട്രത്തലവന്‍മാരുടെ സമ്മേളനം കേരളത്തില്‍ നടത്താന്‍ യുഎന്‍ഡിപി ആഗ്രഹം പ്രകടിപ്പിച്ചതു കേരളത്തിനു ലഭിച്ച വലിയ അംഗീകാരമാണിത്.

ഒരുവശത്തു ജനാധിപത്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ മറുവശത്തു ഫാസിസത്തിന്‍റെ കെട്ടഴിച്ചു വിടുകയാണു സിപിഎം. റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍റെ അരുംകൊല സൃഷ്ടിച്ച ഞെട്ടലില്‍ നിന്നു നാം മോചിതരായിട്ടില്ല. ഭീകരമായ ഈ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വാര്‍ത്തകള്‍ കേട്ടു കേരളം തരിച്ചുനില്‍ക്കുകയാണ്. തലശ്ശേരി സ്വദേശി ഫസല്‍, കോഴിക്കോട് പെരള സ്വദേശി ജബ്ബാര്‍, കണ്ണൂര്‍ സ്വദേശി ഷുക്കൂര്‍ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിച്ചപ്പോള്‍ പുറത്തു വരുന്നതും ക്രൂരതയുടെ ബീഭത്സരൂപങ്ങളാണ്. ഇതുവരെ രഹസ്യമായി നടപ്പാക്കിയിരുന്ന പാര്‍ട്ടിക്കോടതി വിധി, ക്വട്ടേഷന്‍ കുരുതി തുടങ്ങിയവയുടെ വിവരങ്ങള്‍ ജനങ്ങളുടെ മുന്നില്‍ പരസ്യമാക്കപ്പെട്ടിരിക്കുന്നു. പൊലീസ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നതു കൊണ്ടാണു സത്യം പുറത്തു വരുന്നത്.

കേരളം വലിയൊരു കുതിച്ചുചാട്ടത്തിനു തയാറെടുക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്തിനു ഭൂഷണമല്ല. ഉചിതമായ രാഷ്ട്രീയ കാലാവസ്ഥ ഏതൊരു ദേശത്തിന്‍റെയും മുന്നേറ്റത്തിന് അനിവാര്യമാണ്. സെപ്റ്റംബറില്‍ കൊച്ചിയില്‍ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക സംഗമവുമായി ബന്ധപ്പെട്ടു ഡല്‍ഹിയിലും മുംബൈയിലും നടത്തിയ കൂടിക്കാഴ്ചകള്‍ വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. കേരളത്തിന്‍റെ മാറുന്ന മുഖം നിക്ഷേപകര്‍ തിരിച്ചറിയുന്നു.

രാജ്യത്ത് ആദ്യത്തെ ബുള്ളറ്റ് ട്രെയ്നിന് അവസരമൊരുക്കുന്ന ഹൈ സ്പീഡ് റെയ്ല്‍ കോറിഡോര്‍, കൊച്ചി മെട്രൊ റെയ്ല്‍, തിരുവനന്തപുരം, കോഴിക്കോട് മോണോ റെയ്ല്‍, സ്മാര്‍ട്ട് സിറ്റി, കൊച്ചി-വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നര്‍ ടെര്‍മിനലുകള്‍, കണ്ണൂര്‍ ഉള്‍പ്പെടെ നാലു വിമാനത്താവളങ്ങള്‍, കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി, ദേശീയ ജലപാത തുടങ്ങിയവ അടിസ്ഥാന വികസനത്തില്‍ കേരളത്തെ ദശകങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. ഈ പദ്ധതികളെല്ലാം അനിശ്ചിതത്വത്തിലാണെന്ന പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപം അടിസ്ഥാനരഹിതമാണെന്നു സ്മാര്‍ട്ട് സിറ്റിയുടെ ഒറ്റ ഉദാഹരണത്തിലൂടെ വ്യക്തമാകും.

ഇടതു സര്‍ക്കാര്‍ അഞ്ചുവര്‍ഷം പാഴാക്കിയ ശേഷമാണു സ്മാര്‍ട്ട് സിറ്റി പദ്ധതി ഈ സര്‍ക്കാരിനു കൈമാറിയത്. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ നടപടിക്രമങ്ങളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. നാലുമാസം കൊണ്ടു പൂര്‍ത്തിയാക്കിയ സ്മാര്‍ട്ട് സിറ്റി പവലിയന്‍റെ ഉദ്ഘാടനവും പ്രധാന കെട്ടിടത്തിന്‍റെ ശിലാസ്ഥാപനവും ജൂണ്‍ ഒമ്പതിനു നടക്കും. 18 മാസംകൊണ്ടു സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനം പൂര്‍ണമായി ആരംഭിക്കും.

അടിസ്ഥാന സൗകര്യ വികസനം സംസ്ഥാനത്തു കൂടുതല്‍ നിക്ഷേപവും തൊഴിലും വളര്‍ച്ചയും ഉണ്ടാക്കും. ഇതിന്‍റെ പ്രയോജനം താഴേത്തട്ടിലുള്ള ജനങ്ങള്‍ക്കു ലഭിക്കുന്നതുവരെ അവരെ കരുതലോടെ സംരക്ഷിക്കേണ്ടതു സര്‍ക്കാരിന്‍റെ ഏറ്റവും പ്രധാന ചുമതലയാണ്.

മാരക രോഗങ്ങള്‍ പിടിപെടുന്നവര്‍ക്കു രണ്ടു ലക്ഷം രൂപവരെ ധനസഹായം നല്‍കുന്ന കാരുണ്യ ബെനവലന്‍റ് ഫണ്ട്, ബധിര-മൂകരായ കുഞ്ഞുങ്ങളുടെ കേള്‍വി ശക്തി വീണ്ടെടുക്കാനുള്ള സൗജന്യ കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍, വികലാംഗര്‍ക്കു ത്രീവീലര്‍ സഹായം തുടങ്ങിയ പദ്ധതികള്‍ക്ക് ഈ സര്‍ക്കാര്‍ തുടക്കമിട്ടു. പിന്നാക്ക വികസന കോര്‍പ്പറേഷനും മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷനും ആരംഭിച്ചു. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ആദിവാസികള്‍ തുടങ്ങിയ ജനവിഭാഗങ്ങല്‍ക്കു പ്രത്യേക കരുതല്‍ നല്‍കി. ഒരു രൂപ നിരക്കില്‍ 25 കിലോ അരി നല്‍കുന്ന പദ്ധതി തുടരുന്നു. മാലിന്യ പ്രശ്നത്തിനു യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കണ്ടിരിക്കും. മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നവര്‍ക്കെതിരെ കേരളം സ്വീകരിച്ച നിലപാടിനു വ്യാപകമായ അംഗീകാരം ലഭിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന നിലപാടും അംഗീകരിക്കപ്പെട്ടു. തുടര്‍ന്നും പുതിയ ഡാമിനു വേണ്ടി കേരളം ശക്തമായ നടപടികള്‍ സ്വീകരിക്കും.

അഞ്ചുവര്‍ഷത്തിനു ശേഷം സ്വാശ്രയ മേഖലയില്‍ ആശയക്കുഴപ്പമില്ലാതെ സമയത്തു തന്നെ തീരുമാനങ്ങള്‍ ഉണ്ടായി. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നു ചെയ്യാവുന്നതു സമയത്തു തന്നെ ചെയ്തതില്‍ അഭിമാനമുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പോരായ്മകള്‍ നികത്താന്‍ ശക്തമായ ഇടപെടലുകള്‍ ഈവര്‍ഷം തന്നെ ഉണ്ടാകും.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ആക്കിയതു മൂലം തൊഴില്‍ രഹിതര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പിഎസ്സി ലിസ്റ്റുകള്‍ നീട്ടി. പിഎസ്സി ഏപ്രില്‍ 30വരെ 32,987 പേരെ അഡ്വൈസ് ചെയ്തു. കെഎസ്ആര്‍ടിസി സ്ഥിരപ്പെടുത്തിയവരെയും (3,386) അധ്യാപക പാക്കെജില്‍ നിയമിച്ചവരെയും (10,556) ചേര്‍ത്താല്‍ 46,929 പേര്‍ക്കു നിയമനം. കഴിഞ്ഞ ഒരുവര്‍ഷം വികലാംഗ വിഭാഗത്തില്‍ അഡ്വൈസ് ചെയ്തവര്‍ 1,039 പേരാണ്.

ഒരുവര്‍ഷം മുമ്പ് അധികാരമേറ്റപ്പോള്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള ഈ സര്‍ക്കാരിന് എന്തു ചെയ്യാന്‍ സാധിക്കുമെന്നു പലര്‍ക്കും ആശങ്കയുണ്ടായിരുന്നു. ഇപ്പോള്‍ സര്‍ക്കാരിന്‍റെ സുസ്ഥിരതയെക്കുറിച്ച് ആര്‍ക്കും സംശയമില്ല. വികസനത്തിന് അടിത്തറയിടുകയും കാരുണ്യം വര്‍ഷിക്കുകയും ചെയ്ത വര്‍ഷമാണു പിന്നിട്ടത്. 100 ദിന പരിപാടിയുടെ വിജയം സര്‍ക്കാരിന്‍റെ പ്രവര്‍ത്തന ക്ഷമത വെളിപ്പെടുത്തി. ചില ജില്ലകളില്‍ 19 മണിക്കൂര്‍ വരെ നീണ്ട ജനസമ്പര്‍ക്ക പരിപാടി ചരിത്ര വിജയമായി. മൂന്നു ലക്ഷത്തോളം ആളുകളുടെ പരാതികളാണ് 14 ദിവസം കൊണ്ടു പരിഹരിച്ചത്. ഒരുവര്‍ഷ പരിപാടി വിജയകരമായ പരിസമാപ്തിയിലേക്കു നീങ്ങുന്നു.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് യുഡിഎഫ് സര്‍ക്കാര്‍ ഒന്നാംവര്‍ഷം പൂര്‍ത്തിയാക്കുന്നത്. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ മാത്രമാണു തെരഞ്ഞെടുപ്പു ചട്ടം ബാധകമെങ്കിലും ആക്ഷേപങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷ പരിപാടികള്‍ തെരഞ്ഞെടുപ്പിനു ശേഷം നടത്താന്‍ മാറ്റിവച്ചു. സിപിഎമ്മിന്‍റെ പ്രതികാര രാഷ്ട്രീയം മൂലം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട തെരഞ്ഞെടുപ്പാണു നെയ്യാറ്റിന്‍കരയില്‍ നടക്കുന്നത്. രാജിവച്ചപ്പോള്‍ ശെല്‍വരാജ് സിപിഎമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ 100% ശരിയാണെന്നു തെളിഞ്ഞു. ഒഞ്ചിയവും നെയ്യാറ്റിന്‍കരയും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. ഉപതെരഞ്ഞെടുപ്പുകള്‍ എപ്പോഴും സര്‍ക്കാരിന്‍റെയും പ്രതിപക്ഷത്തിന്‍റെയും വിലയിരുത്തലാണ്. പിറവത്തുണ്ടായ വിലയിരുത്തല്‍ നെയ്യാറ്റിന്‍കരയിലും ആവര്‍ത്തിക്കും. പിറവത്ത് യുഡിഎഫ് നേരിട്ടത് ഒറ്റക്കെട്ടായി നിന്ന പ്രതിപക്ഷത്തെയായിരുന്നു. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ ക്വട്ടേഷന്‍കാരും അവര്‍ക്കെതിരെ എല്ലാവരും എന്നതാണു ചിത്രം. കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ കേരളം ഇതുപോലെ ഒന്നിച്ചിട്ടില്ല. ചന്ദ്രശേഖരന്‍ കേരളത്തിന്‍റെ നീറുന്ന ഓര്‍മയാണ്. ഷുക്കൂര്‍, ഫസല്‍, ജബ്ബാര്‍, തുടങ്ങിയ നിരവധി പേരും നമ്മുടെ വേദനയാണ്. ഇനിയാര്‍ക്കും ഇതു സംഭവിക്കരുത്. ഇനിയൊരു ആയുധം ഉയരരുത്. മറ്റൊരു നിലവിളി കേള്‍ക്കരുത്. അതിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ആവശ്യമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പു വയലാര്‍ രാമവര്‍മ എഴുതി- സ്നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.

ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതു നിറഞ്ഞ സംതൃപ്തിയോടെയാണ്. ഏറെ ചെയ്തു, അതിലേറെ തുടക്കമിട്ടു. 2030 ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ സജീവമാക്കി. കേരളത്തിന്‍റെ മെന്‍റര്‍ സാം പിട്രോഡ തയാറാക്കിയ പത്തിന പരിപാടി, കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ചന്ദ്രശേഖര്‍ വൈസ് ചെയര്‍മാനായ സംസ്ഥാന പ്ലാനിങ് ബോര്‍ഡ് തയാറാക്കിയ കേരളത്തിന്‍റെ 12ാം പഞ്ചവത്സര പദ്ധതി, മെട്രോമാന്‍ ഇ. ശ്രീധരന്‍ നേതൃത്വം നല്‍കുന്ന റെയ്ല്‍ പദ്ധതി തുടങ്ങിയവ അടിസ്ഥാന വികസന രംഗത്തു കേരളത്തെ ബഹുകാതം മുന്നിലെത്തിക്കും.

നിലവിലുള്ള നാല് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി സാധാരണക്കാര്‍ക്കും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കും. കേവലം അഞ്ചു വര്‍ഷമല്ല പ്രത്യുത 2030ന് അപ്പുറത്തുള്ള കേരളത്തെ ലക്ഷ്യമിട്ടാണു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഭരണപരമായ കാര്യങ്ങളില്‍ വീഴ്ച വരുത്താതെ എല്ലാവരും ജാഗരൂകരായി പ്രവര്‍ത്തിച്ചു. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി നിന്നു. തങ്ങളുടെ പ്രശ്നങ്ങളെക്കാള്‍ നാടിന്‍റെയും ജനങ്ങളുടെയും പ്രശ്നങ്ങള്‍ക്ക് എല്ലാവരും പ്രാമുഖ്യം നല്‍കി. സര്‍ക്കാര്‍ ജീവനക്കാരെ വിശ്വാസത്തിലെടുത്തപ്പോള്‍ അവരും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം നിന്നു. രാഷ്ട്രീയ വിയോജിപ്പ് ഉള്ളപ്പോഴും സര്‍ക്കാരിന്‍റെ തീരുമാനങ്ങള്‍ക്കെതിരേ സമരം നടത്തിയപ്പോഴും പ്രതിപക്ഷം വികസനവും കരുതലുമെന്ന സമീപനത്തോടു സഹകരിച്ചു.

തെറ്റുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തിരുത്തി. പരിഭവങ്ങളും പരാതികളും അര്‍ഹിക്കുന്ന വിധത്തില്‍ പരിഗണിച്ചു. എല്ലാവര്‍ക്കും തുല്യ നീതി ലഭ്യമാക്കാന്‍ ശ്രമിച്ചു. അതില്‍ പൂര്‍ണമായി വിജയിച്ചു എന്നവകാശപ്പെടുന്നില്ല. പക്ഷേ, സഹിഷ്ണുതയോടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ ആത്മാര്‍ഥമായി ശ്രമിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷവും ഈ ഒരുവര്‍ഷവും തമ്മിലുള്ള അന്തരം ജനങ്ങള്‍ക്ക് അനുഭവപ്പെട്ടു എന്നാണു ഞങ്ങളുടെ വിശ്വാസം. വികസനവും കരുതലും എന്ന മുദ്രാവാക്യം നെഞ്ചോടു ചേര്‍ത്തുവച്ച് എല്ലാവരും കഠിനമായി അധ്വാനിച്ചു. പാതിരാവില്‍ പോലും സെക്രട്ടേറിയറ്റിലെ ലൈറ്റുകള്‍ അണഞ്ഞില്ല. സുതാര്യത മുഖമുദ്രയാക്കി ജനങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന സര്‍ക്കാരാണിത്. അധികാരത്തിന്‍റെ എല്ലാ വാതിലുകളും തുറന്നിട്ടപ്പോള്‍ സമാനതകലില്ലാത്ത വിധത്തില്‍ ജനം സര്‍ക്കാരിനു പിന്തുണ നല്‍കി. ഈ ഊര്‍ജം ഏറ്റെടുത്തു സര്‍ക്കാര്‍ കൂടുതല്‍ കരുത്തോടെയും ജാഗ്രതയോടെയും മുന്നോട്ടു പോകും.

Thursday, May 17, 2012

ടി പി വധം: അറസ്റ്റിലാകാനുള്ളത് വന്‍തോക്കുകള്‍


റവലൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെ നാലുപേര്‍ കൂടി അറസ്‌റ്റില്‍. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം ഒമ്പതായി. ഇതില്‍ രണ്ടുപേര്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്‌. കോഴിക്കോട് ജില്ലയിലെ ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ രണ്ട് ഏരിയാ കമ്മറ്റി അംഗങ്ങള്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് അറിയുന്നു. ഇവര്‍ പോലീസ് നിരീക്ഷണ വലയത്തിലാണ്. കണ്ണൂരിലെ ഉന്നതനായ നേതാവിന്റെ പങ്ക് അന്വേഷണ സംഘത്തിന് ലഭിച്ചു കഴിഞ്ഞുവെന്നാണ് അറിയുന്നത്. ഏരിയാ കമ്മറ്റി അംഗങ്ങള്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്നിവര്‍ക്ക് പുറമെയാണിത്. മുഖം രക്ഷിക്കാനാവാതെയും പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിന് തടയിടാനാവാതെയും സി.പി.എം വലയുകയാണ്. സംസ്ഥാന കമ്മറ്റിയും ജില്ലാ കമ്മറ്റിയും പുറത്തിറക്കുന്ന വിശദീകരണങ്ങള്‍ക്ക് കമ്മറ്റിയില്‍ പോലുമുള്ള ആളുകളെ വിശ്വസിപ്പിക്കാനാവുന്നില്ല. 'കണ്ണൂര്‍ ലോബി' മുമ്പ് എങ്ങും നേരിടാത്ത പ്രതിസന്ധിയാണ് പാര്‍ട്ടിയില്‍ നേരിടുന്നത്.

സി.പി.എം. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം ചെറിയപറമ്പത്ത്‌ ജയസൂര്യയില്‍ കെ.സി. രാമചന്ദ്രന്‍ (52), അഴിയൂര്‍ കോറോത്ത്‌ റോഡിലെ കല്ലംപറമ്പത്ത്‌ ദില്‍ഷാദ്‌ (27), കോറോത്ത്‌ റോഡിലെ പാറപ്പറമ്പത്ത്‌ മീത്തല്‍ മുഹമ്മദ്‌ ഫസല്‍ (28), തലശേരി പൊന്ന്യം കുണ്ടുംചിറ നീര്‍കോലി വീട്ടില്‍ സനീഷ്‌ (27) എന്നിവരെയാണു പ്രത്യേക അന്വേഷണ സംഘം ഇന്നലെ അറസ്‌റ്റ് ചെയ്‌തത്‌. ഇവരെ ചോദ്യം ചെയ്‌തുവരികയാണ്‌. ഇന്നു കുന്ദമംഗലം ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കും. പ്രതികളെല്ലാം സി.പി.എം. പ്രവര്‍ത്തകരാണ്‌. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ സി.പി.എം. ഓര്‍ക്കാട്ടേരി ലോക്കല്‍കമ്മിറ്റി അംഗം പടയന്‍കണ്ടി രവീന്ദ്രന്‍ (47), കോടിയേരി ആനന്ദത്തില്‍ കുട്ടു എന്ന രജിത്ത്‌ (23), അഴിയൂര്‍ കോട്ടമലക്കുന്ന്‌ ദീപു എന്ന ദിപിന്‍ (25), അഴിയൂര്‍ രമ്യാനിവാസില്‍ രമീഷ്‌ (23) എന്നിവരെ കുന്ദമംഗലം ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ രാജീവ്‌ ജയരാജ്‌ നാലു ദിവസത്തേക്കു പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു. മറ്റൊരു പ്രതി ചൊക്ലി കവിയൂര്‍ റോഡില്‍ മാരാന്‍കുന്നുമ്മല്‍ ലംബു എന്ന പ്രദീപ(24)നെ രണ്ടാഴ്‌ചത്തേക്കു ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്‌തു.

ചന്ദ്രശേഖരന്‍ വധഗൂഢാലോചന നടത്തിയതു കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ രണ്ട് ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നുവെന്ന് അന്വേഷണ സംഘം ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട്ടെ ഒഞ്ചിയം ഏരിയാ കമ്മിറ്റിക്കും കണ്ണൂരിലെ പാനൂര്‍ ഏരിയാ കമ്മിറ്റിക്കുമാണു ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു പറയുന്നത്. ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള അക്രമി സംഘത്തെ ഏര്‍പ്പെടുത്തിയതു പാനൂര്‍ ഏരിയാ കമ്മിറ്റിയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ രാമചന്ദ്രനില്‍നിന്നും രവീന്ദ്രനില്‍നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പാര്‍ട്ടി കണ്ണൂര്‍ ജില്ലാ നേതൃത്വത്തിലേക്കും മറ്റു ചില ഉന്നത സിപിഎം നേതാക്കളിലേക്കുമാണു നീളുന്നത്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ നേതാക്കള്‍ നടത്തിയ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ കുറ്റിയാടി സിഐ: വി.വി. ബെന്നിയെ ചുമതലപ്പെടുത്തി. ചൊക്ലിയിലെ ഒരു പ്രാദേശിക സിപിഎം നേതാവ് കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്. കണ്ണൂര്‍ ജില്ലയിലെ രണ്ടു പ്രമുഖ സിപിഎം നേതാക്കള്‍ക്കു പുറമെ പ്രാദേശിക നേതാക്കളും ആലോചനകളില്‍ പങ്കെടുത്തതായാണു വിവരം. സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗവും രാമചന്ദ്രന്റെ അടുത്ത സുഹൃത്തുമായ വ്യക്തിയെ ചോദ്യം ചെയ്തു വിട്ടയച്ചു. ആയുധങ്ങള്‍ നിര്‍മിച്ചുകൊടുത്തെന്നു കരുതുന്ന ഒരാളെ പാട്യത്തു നിന്നു കസ്റ്റഡിയിലെടുത്തു. ടിപിയെ വധിച്ചശേഷം ചൊക്ലിയില്‍ കാറുപേക്ഷിച്ച ക്വട്ടേഷന്‍ സംഘത്തെ രക്ഷപ്പെടാന്‍ ബൈക്ക് തരപ്പെടുത്തിക്കൊടുത്ത ആളാണ് അറസ്റ്റിലായ സനീഷ്. ദില്‍ഷാദും മുഹമ്മദ് ഫൈസലും അഴിയൂര്‍ കോറോത്ത് റോഡിലെ കെ.കെ വയലിനു സമീപം ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ ആക്രമണത്തിനു മുന്‍പ് ആയുധങ്ങള്‍ ഒളിപ്പിക്കാന്‍ സഹായിച്ചു.

ചന്ദ്രശേഖരനെ കൊന്നതില്‍ സങ്കടമുണ്ടെന്നും തനിക്ക് അയാളുമായി ഒരു വ്യക്തിവിരോധവും ഇല്ലെന്നും, എല്ലാം അറിഞ്ഞുകൊണ്ടുതന്നെ കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും പാര്‍ട്ടി തീരുമാനം അനുസരിച്ചുവെന്നും, അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലിനിടെ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം പടയങ്കണ്ടി രവീന്ദ്രന്‍ കണ്ണീരോടെ പറഞ്ഞു. അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലില്‍ രവീന്ദ്രന്‍ ഒന്നും മറച്ചുവച്ചില്ല. പിടിക്കപ്പെടുമെന്നു താന്‍ ഒരിക്കലും കരുതിയില്ലെന്നും പിടിക്കപ്പെട്ടതിനാല്‍ ഇനി ഒന്നും മറച്ചുവയ്ക്കുന്നില്ലെന്നും രവീന്ദ്രന്‍ കണ്ണീരോടെ കൈകൂപ്പി അന്വേഷണ സംഘത്തിനു മുന്നില്‍ ഗൂഢാലോചനയുടെ ചുരുളഴിച്ചു. എന്നാല്‍, രവീന്ദ്രന്‍ വെളിപ്പെടുത്താത്ത ഏറെ വിവരങ്ങള്‍ ഇപ്പോഴും ബാക്കിയാണെന്ന് അന്വേഷണ സംഘം വിശ്വസിക്കുന്നു. രവീന്ദ്രനാണ് തന്റെ ഗൃഹപ്രവേശത്തിനായി ക്ഷണക്കത്തു നല്‍കി ക്വട്ടേഷന്‍ സംഘത്തിനു ടി.പിയെ കാട്ടിക്കൊടുത്തത്. ഒരു മാസം മുന്‍പു തന്നെ ടി.പിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും തനിക്ക് ഇതേക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ടി.പി. വധിക്കപ്പെട്ടതില്‍ ദുഃഖമുണ്ട്. ഞാനുമായും എന്റെ കുടുംബവുമായും അടുത്ത ബന്ധമാണ് ചന്ദ്രശേഖരന് ഉണ്ടായിരുന്നത്. ക്വട്ടേഷന്‍ സംഘത്തെ ദൗത്യമേല്‍പ്പിക്കുമ്പോള്‍ ഒരിക്കലും പിടിക്കപ്പെടുമെന്നു കരുതിയിരുന്നില്ലെന്നും രവീന്ദ്രന്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞു.

ടി.പി. വധവുമായി ബന്ധപ്പെട്ട്‌ 1,10,000 രൂപ സി.പി.എം. കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ.സി. രാമചന്ദ്രനാണു ക്വട്ടേഷന്‍ ഇനത്തില്‍ കൊടി സുനിക്കു നല്‍കിയത്‌. കൊലയാളികള്‍ക്കു സഞ്ചരിക്കാന്‍ ഇന്നോവ കാര്‍ വാടകയ്‌ക്ക് എടുക്കാന്‍ 35,000 രൂപ നല്‍കിയതും രാമചന്ദ്രനാണ്‌. ആദ്യഘട്ടത്തിലെ ചോദ്യംചെയ്യലില്‍ രാമചന്ദ്രനില്‍നിന്നു നാമമാത്രമായ വിവരങ്ങള്‍ മാത്രമാണ്‌ അന്വേഷണസംഘത്തിനു ലഭിച്ചത്‌. പ്രഫഷണല്‍ ക്രിമിനലുകളുടെ സമാനമായ രീതിയിലാണു ചോദ്യംചെയ്യലില്‍ രാമചന്ദ്രന്റെ പ്രതികരണമെന്ന്‌ അന്വേഷണസംഘം പറഞ്ഞു. ക്വട്ടേഷന്‍ ഇനത്തില്‍ നല്‍കിയ 1,10,000 രൂപയുടെ സാമ്പത്തിക സ്രോതസ്‌ രാമചന്ദ്രന്‍ മാത്രമല്ലെന്നാണ്‌ അന്വേഷണസംഘം നല്‍കുന്ന സൂചന. പാര്‍ട്ടിയുടെ പേരില്‍ രാമചന്ദ്രനെ ഉപയോഗപ്പെടുത്തി ടി.പിയെ വധിക്കാന്‍ വേണ്ട സഹായം ആവശ്യപ്പെട്ടതാരെന്ന്‌ അന്വേഷിച്ചുവരികയാണ്‌. ചൊക്ലിയിലെ കൊടി സുനിയുടെ വീട്ടിലെത്തിയാണു 15,000 രൂപ നല്‍കിയത്‌. രണ്ടാം തവണ മേയ്‌ രണ്ടിനു മാഹിക്കടുത്തുള്ള പള്ളിക്കുനിയില്‍ എത്തി 40,000 രൂപയാണു നല്‍കിയത്‌. ഇത്‌ ആര്‍ക്കാണെന്നു തിരിച്ചറിഞ്ഞിട്ടില്ലെന്നാണു രാമചന്ദ്രന്‍ പറയുന്നത്‌. സുനിയുടെ നിര്‍ദേശ പ്രകാരമെത്തിയവരാണെന്നു സ്വയം പരിചയപ്പെടുത്തിയ ഹെല്‍മറ്റ്‌ ധരിച്ചവര്‍ക്കാണു തുക നല്‍കിയത്‌. രാമചന്ദ്രനെ ചോദ്യംചെയ്‌തതില്‍നിന്ന്‌ 90,000 രൂപ സംബന്ധിച്ച വിവരങ്ങള്‍ മാത്രമാണു ലഭിച്ചത്‌. അവശേഷിക്കുന്ന 20,000 രൂപയുടെ വിശദാംശങ്ങള്‍ അന്വേഷിച്ചു വരികയാണ്‌. 35 ലക്ഷം രൂപയാണു ടി.പിയെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തിനു നല്‍കിയത്‌. ഇതില്‍ 1,10,000 രൂപ നല്‍കിയതു സംബന്ധിച്ചുള്ള വിവരങ്ങള്‍ മാത്രമാണ്‌ ഇപ്പോള്‍ ലഭിച്ചത്‌.

ടി.പി.യെ കാറില്‍ നിന്നിറങ്ങി കൊടുവാള്‍ കൊണ്ടു വെട്ടിയത് കൊടി സുനിയും അനൂപും ചേര്‍ന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. അക്രമിച്ചെന്നു കരുതുന്ന മൂന്നാമന്‍ ആരാണെന്നു സ്ഥിരീകരിച്ചിട്ടില്ല. ആക്രമിക്കുമ്പോള്‍ ആരെങ്കിലും ടി.പിയെ രക്ഷിക്കാനായി ഓടി വന്നാല്‍ ആദ്യം ബോംബെറിഞ്ഞ് അകറ്റാനും പിന്നീട് വെട്ടിക്കൊല്ലാനുമായിരുന്നു സംഘത്തിന്റെ തീരുമാനം. റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ ഓര്‍ക്കാട്ടേരിയില്‍ ആക്രമിക്കുമ്പോള്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്ന സംഘം നേരിടാനായിരുന്നു ക്വട്ടേഷന്‍ സംഘത്തിന്റെ എണ്ണം വര്‍ധിപ്പിച്ചത്. ഏഴു പേരാണ് കാറിലുണ്ടായിരുന്നത്. കാര്‍ ഓടിച്ചിരുന്നത് കൊടി സുനിയുടെ സുഹൃത്തും ഒട്ടേറെ അക്രമങ്ങളില്‍ പങ്കാളിയുമായ ചെണ്ടയാട് കല്ലുവളപ്പ് എം.സി. അനൂപായിരുന്നു. ബൈക്ക് ഇടിച്ചു വീഴ്ത്തിയ ഉടന്‍ കൊടി സുനിയും അനൂപും കാറില്‍ നിന്നിറങ്ങി ടി.പിയെ വെട്ടി. എന്നാല്‍, നാട്ടുകാരില്‍നിന്ന് ചെറുത്തുനില്‍പ് ഉണ്ടാകാത്തതിനാല്‍ ബാക്കിയുള്ളവര്‍ വാഹനത്തില്‍ തന്നെ ഇരുന്നു. കൊടി സുനിക്കും അനൂപിനും ഒപ്പം പുറത്തേക്കിറങ്ങിയ മൂന്നാമന്‍ ആരെന്ന് ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഓടിയെത്തിയ നാട്ടുകാര്‍ക്കു നേരെ ഇയാള്‍ ബോംബെറിയുകയും അതിനു ശേഷം ടി.പിയെ വെട്ടുകയും ചെയ്‌തെന്നാണു ദൃക്‌സാക്ഷിമൊഴി.

ടി.പി.യുടെ കൊലപാതകത്തിനുപിന്നില്‍ സി.പി.എമ്മിന്റെ പങ്ക് വ്യക്തമായിത്തുടങ്ങിയതോടെ പാര്‍ട്ടിയില്‍നിന്ന് രാജി തുടരുകയാണ്. ബുധനാഴ്ച നാല് സി.പി.എം. അംഗങ്ങള്‍ ടി.പി.യുടെ വീട്ടിലെത്തി രാജി പ്രഖ്യാപിച്ചു. ഡി.വൈ.എഫ്.ഐ. ഓര്‍ക്കാട്ടേരി മേഖലാ ജോയന്റ് സെക്രട്ടറി വി.എം. അഭിലാഷ്, സി.പി.എം. എളങ്ങോളി ബ്രാഞ്ച് അംഗങ്ങളായ ആര്‍.കെ. പ്രമോദ്, ടി.എം. ശശി, പി.എം. പ്രശാന്ത് എന്നിവരാണ് രാജി പ്രഖ്യാപിച്ചത്. ഇവര്‍ ആര്‍.എം.പി.യോട് അനുഭാവവും പ്രഖ്യാപിച്ചു. ടി.പി. വധിക്കപ്പെട്ടശേഷം രണ്ട് ഡി.വൈ.എഫ്.ഐ. നേതാക്കള്‍ വീട്ടിലെത്തി രാജി പ്രഖ്യാപിച്ചിരുന്നു. കൊലപാതകത്തിനുപിന്നില്‍ സി.പി.എമ്മാണെന്നു തെളിഞ്ഞാല്‍ പാര്‍ട്ടി വിടുമെന്ന് പലരും വ്യക്തമാക്കിയിരുന്നു. വരുംദിവസങ്ങളില്‍ രാജി തുടരുമെന്നാണ് സൂചന.

Wednesday, May 16, 2012

ടി പി ചന്ദ്രശേഖരന്‍ വധം:പാര്‍ട്ടി കോടതിയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നതിന് കൂടുതല്‍ തെളിവുകള്‍


റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവും ഇടതുപക്ഷ ഏകോപനസമിതി
സംസ്ഥാന സെക്രട്ടറിയുമായ ടി പി ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ സി പി എം ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ നാല് സി പി എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. സി പി എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കാവില്‍ ചെറിയപുരയില്‍ ജയസുരയില്‍ കെ സി രാമചന്ദ്രന്‍ എന്ന ബാവൂട്ടി(52), അഴിയൂര്‍ കോറോത്ത് റോഡില്‍ പാറപ്പുറത്ത് മുഹമ്മദ് ഫസല്‍(27), കോറോത്ത് കല്ലുംപുറത്ത് ദില്‍ഷാദ്(28), തലശ്ശേരി പൊന്ന്യം വെസ്റ്റ് കതിരൂര്‍ കുണ്ടുചിറയില്‍ മൂര്‍ക്കോലി വീട്ടില്‍ സനീഷ്(28) എന്നിവരെയാണ് ക്രൈംബ്രാഞ്ച് എ ഡി ജി പി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
 
ഇതോടെ ടി പി വധക്കേസില്‍ സി പി എമ്മിന്റെ രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ അടക്കം ഒമ്പത് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കണ്ണൂര്‍ ലോബിയിലെ പ്രമുഖനേതാവിന് വേണ്ടിയാണ് താന്‍ കൊടി സുനിയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് കെ സി രാമചന്ദ്രന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അതോടെ ടി പി ചന്ദ്രശേഖരനെ പാര്‍ട്ടിക്കോടതിയുടെ വിധിപ്രകാരം കണ്ണൂരിലെ സി പി എം പ്രമുഖനായ മുന്‍എം എല്‍ എയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കൊലപ്പെടുത്തിയതെന്നതിന് ശക്തമായ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. അതേസമയം ടി പി വധക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായവരില്‍  ഒന്നാം പ്രതിയായ ചൊക്ലി കവിയൂര്‍ മാരന്‍കുന്നുമ്മല്‍ ലംബു പ്രദീപ് എന്ന പ്രദീപനെ(34) കുന്ദമംഗലം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈ മാസം 30 വരെ റിമാന്‍ഡ് ചെയ്തു. അഞ്ചാം പ്രതി സി പി എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്‍(47), രണ്ടാം പ്രതി കോടിയേരി ആനന്ദം വീട്ടില്‍ രജിത്ത്(23), മൂന്നാം പ്രതി അഴിയൂര്‍ രമ്യനിവാസില്‍ കുട്ടു എന്ന രമീഷ്(21), നാലാം പ്രതി അഴിയൂര്‍ കോട്ടമലക്കുന്ന് ദീപു എന്ന ദിപിന്‍(27) എന്നിവരെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വെക്കാനും ഉത്തരവായി.
 
19ന് രാവിലെ പ്രതികളെ നാലുപേരെയും കോടതിയില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയിലാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് മജിസ്‌ട്രേറ്റ് രാജീവ് ജയരാജ് ഉത്തരവിട്ടത്. ഉച്ചക്ക് ഒന്നരയോടുകൂടിയാണ് വടകരയില്‍ നിന്നും ഡി വൈ എസ് പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രത്യേക വാഹനത്തില്‍ പ്രതികളെ കുന്നമംഗലം കോടതിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി രണ്ടരയോടുകൂടി തിരിച്ചു പോവുകയും ചെയ്തു. പ്രതികളെ കാണുന്നതിനായി വന്‍ജനാവലിയാണ് കുന്നമംഗലം ടൗണില്‍ കാത്തിരുന്നത്. അതിനിടയില്‍ പ്രതികള്‍ക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന ആശങ്കയെതുടര്‍ന്ന് ചേവായൂര്‍ സി ഐ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം കുന്നമംഗലം ടൗണിലും കോടതി പരിസരത്തും നിലയുറപ്പിച്ചിരുന്നു. വടകര കോടതിയില്‍ മജിസ്‌ട്രേറ്റ് അവധിയിലായതിനെതുടര്‍ന്നാണ് പ്രതികളെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയത്.
 
  സി പി എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റിയംഗം പടയങ്കണ്ടി രവീന്ദ്രനും കുന്നുമ്മക്കര ലോക്കല്‍കമ്മിറ്റിയംഗം കെ സി രാമചന്ദ്രനും ചേര്‍ന്നാണ് ടി പിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരില്‍ പങ്കാളികളാണെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ലോബിയിലെ പ്രമുഖനേതാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ കൊടി സുനിയുടെ ചൊക്ലിയിലെ വീട്ടിലെത്തി ക്വട്ടേഷനും അഡ്വാന്‍സും കൈമാറിയതെന്ന് കെ സി രാമചന്ദ്രന്‍ കുറ്റസമ്മതം നടത്തിക്കഴിഞ്ഞു. കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാറിന്റെ വാടകത്തുക നല്‍കിയതും, അക്രമികള്‍ക്ക് സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് നല്‍കിയതും സി പി എം ലോക്കല്‍ കമ്മിറ്റിയംഗമായ രാമചന്ദ്രനാണ്. റവല്യൂഷണറി നേതാവ് കെ ടി ബാലനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതി കൂടിയാണ് രാമചന്ദ്രന്‍. ദില്‍ഷാദും ഫസലും ചേര്‍ന്നാണ് കൊലയ്ക്കുപയോഗിച്ച വടിവാളുകള്‍ കൃത്യത്തിന് മുമ്പ് അഴിയൂര്‍ കോറോത്ത്‌റോഡിലെ കിഴക്കേവയലില്‍ ആളൊഴിഞ്ഞ കെട്ടിടത്തിന് മുകളില്‍ സൂക്ഷിച്ചത്.
 
സനീഷാണ് ക്വട്ടേഷന്‍ സംഘത്തിന് രക്ഷപ്പെടാന്‍ ചൊക്ലിയില്‍ നിന്ന് നിന്ന് ഓട്ടോറിക്ഷയും ബൈക്കുകളും ഏര്‍പ്പാടാക്കി കൊടുത്തത്.  ദില്‍ഷാദും ഫസലും സനീഷും സി പി എമ്മിന് വേണ്ടി ഒട്ടേറെ രാഷ്ട്രീയ അക്രമണക്കേസുകളില്‍ പ്രതികളായ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരാണ്. ഇന്നലെ അറസ്റ്റിലായ നാല് പ്രതികളെയും ഇന്ന് കുന്ദമംഗലം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അതിനിടെ ടി പി വധവുമായി ബന്ധപ്പെട്ട് പിടിയിലായ സി പി എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ സി രാമചന്ദ്രന്‍, പടയങ്കണ്ടി രവീന്ദ്രന്‍ എന്നിവരുടെ വീടുകള്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആക്രമിക്കപ്പെട്ടു. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗമായ രാമചന്ദ്രന്റെ വീട് അഗ്നിക്കിരയായി. വീട്ടുപകരണങ്ങളും മറ്റും കൂട്ടിയിട്ട് കത്തിച്ച അക്രമികള്‍ ജനല്‍പാളി പിഴുതെടുത്ത് കിണറ്റില്‍ തള്ളുകയും ചെയ്തു. 

Tuesday, May 15, 2012

ചെലവ് ചുരുക്കാന്‍ കൊലയും പാര്‍ട്ടി കരാര്‍ കൊടുക്കുന്നു


കടത്തനാടന്‍ വീരയോദ്ധാക്കളുടെ പട്ടികയില്‍ ഇനി ചന്ദ്രശേഖരന്റെ പേരും എഴുതി ചേര്‍ക്കപ്പെടും. താന്‍ വിശ്വസിച്ച ആദര്‍ശങ്ങള്‍ക്കുവേണ്ടി ജീവിച്ച് പൊരുതി മരിച്ച ധീരനായ കമ്മ്യൂണിസ്റ്റാണ് അദ്ദേഹം.
സ്ഥാനമാനങ്ങള്‍ക്കോ കോടികള്‍ക്കോ വേണ്ടിയാണ് ചന്ദ്രശേഖരന്‍ കാലുമാറിയതെന്ന് ക്വട്ടേഷന്‍ സംഘം പോലും വിശ്വസിക്കില്ല. ഈ മനുഷ്യന്റെ കാഴ്ചപ്പാട് മാറ്റത്തെ പൊറുക്കാനാവാത്ത തെറ്റാണെന്ന് പറഞ്ഞാല്‍ കേരള രാഷ്ട്രീയത്തിലെ ആദ്യത്തെ ഇമ്മട്ടിലുള്ള തെറ്റ് ചെയ്തത് കൃഷ്ണപിള്ളയും എ കെ ജിയും, ഇ എം എസും  ആണെന്ന് പറയേണ്ടിവരും.
 
അവരെല്ലാം മഹാത്മാഗാന്ധിയുടെ കോണ്‍ഗ്രസിനെ മൊഴിചൊല്ലി പുതിയ പാര്‍ട്ടി (കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി) ഉണ്ടാക്കി പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നവരാണ്. ചന്ദ്രശേഖരനും കൂട്ടരും അത്രയേ ചെയ്തിട്ടുള്ളു. റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കി. ചന്ദ്രശേഖരന്‍ കുലം കുത്തിയാണെങ്കില്‍ കേരള രാഷ്ട്രീയത്തിലെ ആദ്യത്തെ കുലം കുത്തികള്‍ കൃഷ്ണപ്പിള്ളയും കൂട്ടരുമായിരിക്കും.
ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞത് ശരിയാണ്. കുലംകുത്തികള്‍ എന്നു വിളിച്ചവര്‍ തന്നെ കുത്തി മലര്‍ത്തി കൊന്നിരിക്കുന്നു. എല്ലാരും വിചാരിച്ചത് സി പി എം ആണ് ഈ അരുംകൊല നടത്തിയതെന്ന്. പക്ഷേ എ കെ ജി സെന്റര്‍ എന്ന 'നവകോളോസിയ'ത്തിലിരുന്ന് പിണറായി വിജയന്‍ പറഞ്ഞു; ഒരു പ്രൊഫഷണല്‍ ക്വട്ടേഷന്‍ സംഘമാണ് ഈ കൊല നടത്തിയതെന്ന്. ഇനി നാം അന്വേഷിക്കേണ്ടത് ആരാണ് ക്വട്ടേഷന്‍ നല്‍കിയത് എന്നാണ്. കാര്‍ പിടിച്ചെടുത്ത് വിരലടയാളം ഒത്തുനോക്കി മൊബൈല്‍ ടവറുകള്‍ നല്‍കുന്ന സിഗ്‌നലുകളെല്ലാം ഗൂഢാലോചനയുടെ പ്രഭവകേന്ദ്രം സി പി എമ്മിലെ  കണ്ണൂര്‍ ലോബിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
 
ഒഞ്ചിയം കൊല, കൊലപാതക രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ഒരു നിര്‍ണ്ണായകഘട്ടമാണ്. കണ്ണൂര്‍ ലോബി നടത്തുന്ന അക്രമകൊലപാതകരാഷ്ട്രീയം പുതിയ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പാര്‍ട്ടി ക്രോമ്രൈഡുകളായ ക്രിമിനലുകള്‍ നേരിട്ട് നടത്തുന്ന ഓപ്പറേഷനുകള്‍ ക്വട്ടേഷന്‍ ക്രിമിനലുകളെ ഏല്‍പ്പിക്കുന്ന ഒരു പുതിയ രീതി. ഇതിന് ഒരു പാട് ഗുണങ്ങള്‍ ഉണ്ട്. ചെലവ് കുറവാണ്, കേസും അപ്പീലും നടത്തേണ്ട, ജയിലില്‍  പോകുന്ന പ്രതികളുടെ കുടുംബം പോറ്റേണ്ട, അവരുടെ വിദ്യാഭ്യാസ, ചികില്‍സാ വിവാഹ ചെലവ് നോക്കേണ്ട ഇങ്ങനെ പാര്‍ട്ടിക്ക് ബാധ്യതകളൊന്നും ഇല്ലാത്ത ഒരു ക്രിമിനല്‍ കരാര്‍ വ്യവസ്ഥ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോര്‍പറേറ്റ് കമ്പനിയാവുന്നു എന്ന വിമര്‍ശനത്തെ സാധൂകരിക്കുന്നതാണ് ഈ സംഭവങ്ങള്‍.
 
ഇത് ആധുനിക കോര്‍പ്പറേറ്റ് കമ്പനികള്‍ ചെലവ് ചുരുക്കാന്‍ കണ്ടുപിടിച്ച സൂത്രപ്പണി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാഷ്ട്രീയ സമ്മേളനങ്ങളുടെ  നടത്തിപ്പുമാത്രമല്ല അക്രമരാഷ്ട്രീയവും കരാര്‍ കൊടുക്കുന്ന കാലം. കല്യാണത്തിന്  കറിക്കരക്കുന്നതുപോലും കരാര്‍ കൊടുക്കുന്ന കലികാലത്തിന് യോജിച്ച് ഉയര്‍ന്ന് പ്രവര്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ചന്ദ്രശേഖരന്‍ വധത്തില്‍ ഗൂഢാലോചന ആര് നടത്തി എന്നത് മാത്രമാണ് ഉത്തരം കിട്ടാത്ത ചോദ്യം. അത് അന്വേഷണ എജന്‍സിക്ക് വിടാം.  പക്ഷെ പട്ടുവത്തെ അബ്ദുള്‍ ഷുക്കൂറിനെ പരസ്യ വിചാരണ നടത്തി കൊലചെയ്തതിന്റെ ഉത്തരവാദിത്വം പി. ജയരാജന്‍ തന്നെ ഏറ്റെടുത്തിരിക്കുന്നുണ്ടല്ലോ?
 
ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ വടക്കന്‍ മലബാറില്‍ മാത്രം മൂന്ന്  പതിറ്റാണ്ടിനിടയില്‍ മുന്നൂറോളം ആളുകള്‍ കൊലക്കത്തിക്കിരയായിട്ടുണ്ട്. എല്ലാ പാര്‍ട്ടിയിലും പെട്ടവര്‍ ഇവിടെ മരിച്ചു വീണിട്ടുണ്ട്. എന്ത് കൊണ്ട് ഈ മേഖലയില്‍ മാത്രം ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നു? ഈ അക്രമങ്ങളിലെല്ലാം ഒരു വശത്ത് എന്ത് കൊണ്ട് സി പി എം പ്രതിയാകുന്നു? അതുകൊണ്ടാണ് ഒഞ്ചിയം കൊലയുടെ ഗൂഢാലോചന തെളിയുന്നതിന്  മുമ്പ് തന്നെ ജനങ്ങള്‍ മനസാവാചാ സി പി എമ്മിനെ കുറ്റം പറയുന്നത്. ഇവിടെ  നിരപരാധിത്വം തെളിയിക്കാന്‍ സി പി എം പാടുപെടും. പാര്‍ട്ടി സഖാക്കളെ ബോധ്യപ്പെടുത്താന്‍ എത്രയോ പഠന ക്ലാസുകള്‍ നടത്തേണ്ടിവരും. സി പി എം ചോദിക്കുന്ന പ്രധാന ചോദ്യം ഇതാണ്. നെയ്യാറ്റിന്‍കര ഇലക്ഷന്റെ സമയത്ത് ഞങ്ങള്‍ ചെയ്യുമോ?  തിരിച്ച് ഒരു ചോദ്യം.
 
തലശ്ശേരിയില്‍ ഫസലിനെ കൊന്നത് പെരുന്നാളിന്റെ തലേന്നായിരുന്നു. വളരെ സെന്‍സിറ്റീവായിട്ടുള്ള, വര്‍ഗ്ഗീയ കലാപങ്ങളുടെ മുറിവ് ഇന്നും ഉണങ്ങാത്ത തലശ്ശേരിയില്‍ പുണ്യദിനത്തിന്റെ തലേന്ന് കൊല നടന്ന ഉടന്‍ അന്നത്തെ ആഭ്യന്തരമന്ത്രി ആര്‍എസ് എസ് ആണ് പ്രതിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.  എന്‍ ഡി എഫ് കാരനെ ആര്‍ എസ് എസ് കൊന്നു എന്ന പ്രചരണം നാടാകെ പ്രചരിച്ചപ്പോള്‍  തലശ്ശേരി വീണ്ടും കത്തുമെന്ന് ജനങ്ങള്‍ ഭയപ്പെട്ടു. ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. ഈ സംഭവം പിന്നീട് സി ബി ഐ അന്വേഷിച്ചപ്പോള്‍ സി പി എം ആണ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഇത് നടത്തിയത് എന്ന് തെളിഞ്ഞിരിക്കുകയാണ്. 'പക' എന്ന രണ്ടക്ഷരം മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു പ്രസ്ഥാനത്തിന് നാളും നക്ഷത്രവും ചിന്തിക്കാന്‍ സാധിക്കില്ല.
 
ചന്ദ്രശേഖരന് പൊലീസ് സംരക്ഷണം എന്തേ കൊടുക്കാതിരുന്നത് എന്ന് ചോദിക്കുന്നത് ഭീഷണിപ്പെടുത്തിയവര്‍ തന്നെയാണ് എന്നത് കൗതുകകരമാണെങ്കിലും വാദം അംഗീകരിച്ചുകൊണ്ട് ചോദിക്കട്ടെ. ജയകൃഷ്ണന്‍ മാസ്റ്റര്‍ക്ക് ഗണ്‍മാന്‍മാര്‍ ഉണ്ടായിരുന്നല്ലോ? ആദ്യം ഗണ്‍മാനെ ബോധം കെടുത്തി കീഴടക്കിയാണ് ക്ലാസ് മുറിയിലിട്ട് കുട്ടികളുടെ മുന്നില്‍ വെച്ച് ജയകൃഷ്ണന്‍ മാസ്റ്ററെ കൊന്നത്. അതിലെ പ്രതികള്‍ ആരായിരുന്നു? വധശിക്ഷക്ക് വിധിക്കപ്പെട്ട ആ കേസ്  കേരളത്തിന്റെ ക്രിമിനോളജിയിലെ ഭയാനകമായ ഒരു സംഭവം തന്നെയാണ്.അത്‌കൊണ്ട് ചന്ദ്രശേഖരന്റെ കൊല. ഒരു നിലപാടിന്റെ പ്രശ്‌നമാണ് 'അക്രമ രാഷ്ട്രീയം' എന്ന നയം തിരുത്തണം. അല്ലെങ്കില്‍ പിണറായി വിജയന്റെ പാര്‍ട്ടിക്ക് കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഗതിവരും. 'ഉന്‍മൂലന സിദ്ധാന്തം' പ്രഖ്യാപിച്ച് ജനങ്ങളുടെ പ്രിയ നേതാവ് അഴീക്കോടനെ അവര്‍ കൊന്നു. അത് കൊണ്ടാണ് നക്‌സലൈറ്റ് പ്രസ്ഥാനം തകര്‍ന്ന് പോയത്. ഇവിടെ ചന്ദ്രശേഖരനെ ഒഞ്ചിയത്തെ ചെറുപ്പക്കാര്‍ ഇന്ന് വിളിക്കുന്നത് ആധുനിക ചെഗുവേര എന്നാണ്. ആ പ്രിയ സഖാവിനെ കൊന്ന പ്രസ്ഥാനം ഏതായാലും അവര്‍ക്ക് കേരളത്തിലെ നെക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഗതിവരും. ഉറപ്പ്.

ഇല നക്കുന്ന,ചിറിനക്കുന്ന മൃഗശാസ്ത്രം

by Cr Parameswaran on Friday, May 11, 2012 ·

കേസ്‌ വഴി തെറ്റിക്കാനാകുമെന്നു കരുതി 'അള്ളാ തുണക്കട്ടെ!'എന്ന വാചകം ഇന്നോവ കാറിന്റെ പിന്പില്‍ ഒട്ടിച്ച രഫീക്കിന്റെയും അന്ത്യേരി സുരയുടെയും ബുദ്ധിശക്തി മാത്രമേ അവരുടെ അന്നദാതാവായ കേരളത്തിന്റെ മുഖ്യകൊലക്കത്തിക്കും ഉള്ളു എന്ന് അയാള്‍ സെക്രടരിയായിരുന്ന കാലത്തെ എല്ലാ അടവുകളും തെറ്റിപ്പോയതില്‍ നിന്ന് തന്നെ മനസ്സിലാക്കാം.അതുകൊണ്ടല്ലേ,കാര്‍ കണ്ടെത്തുന്നതിന് മുന്‍പേ അയാള്‍ പറഞ്ഞത് കൊന്നത് മുസ്ലിം മത തീവ്രവാദികളാണെന്ന്!അയാള്‍ക്കെതിരെ ഇതിലും വലിയ സാഹചര്യ തെളിവുണ്ടോ?ഇയാള്‍ പൊതുരംഗത്ത്‌ ഏറെ കാലം തുടര്‍ന്നാല്‍ കംമുനിസ്റ്കാരില്‍ മനുഷ്യമുഖം ഉള്ളവര്‍ ഉണ്ടായിരുന്നില്ല എന്ന് ഭാവി തലമുറ തെറ്റിദ്ധരിച്ചു വശാകും .അതിനാല്‍ ഇടയ്ക്കിടയ്ക്ക് എ.കെ.ജി .മുതല്‍ ഈയിടെ അന്തരിച്ച ചന്ദ്രപ്പന്റെ വരെയുള്ള കുറെ മനുഷ്യ മുഖങ്ങള്‍ പ്രസിദ്ധീകരിക്കുക.


എല്ലാ മാഫിയാ തലവന്മാരെയും പോലെ ഇയാളും ഒരു ദിവസം നിഷ്ക്രമിക്കും.എന്നാല്‍ സാഹിത്യ-സാംസ്കാരിക രംഗത്തുള്ള അയാളുടെ ഭജനസംഘം അവരുടെ മഹത്തായ പൈതൃകത്തിന് വരുത്തി വച്ച നാണക്കേട് ചിരകാലം നിലനില്‍ക്കും.ഇപ്പോള്‍ ബുദ്ധന്റെ നിര്മമത അഭിനയിക്കുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് കൊല നടന്ന പിറ്റേന്ന് ആണ് ക്രിമിനല്‍ പാര്‍ടിയുടെ പോഷകസന്ഘടനയുടെ യോഗത്തില്‍ കവിത അമറാന്‍ പോയത്. അയാള്‍ താദൃശമായ നാണം കെട്ട പ്രകടനങ്ങള്‍ പാര്‍ടി കോണ്ഗ്രസ്സിന് മുന്‍പുള്ള യോഗങ്ങളില്‍ നടത്തി FB-യിലെ തന്റെ മണ്ണുണ്ണി ഗാലറിക്ക് മുന്‍പേ പതിവ് വീരവാദം മുഴക്കികൊണ്ടിരുന്നു.സച്ചിദാനന്ദന്‍ പിണറായിയുടെ പാര്‍ടി സമ്മേളനങ്ങളില്‍ പ്രഭാഷിക്കാന്‍ പോയത് പറയാന്‍ എനിക്ക് ഭയമാണ്.കാരണം അദ്ദേഹം തന്റെ 'പാഷാണം വര്‍ക്കി ' സഞ്ചിയില്‍ നിന്ന് പണ്ട് പിണറായിയെ വിമര്ശിചെഴ്തിയിരിക്കാവുന്ന ഒരു കവിതയോ ലേഖനമോ പുറത്തെടുത്തു എന്റെ വായടക്കും!മറ്റാരെയും കുറിച്ച് പറയാന്‍ ഊര്‍ജമില്ല.വിജയേട്ടന്റെ ചിരി കണ്ടു മതി മറന്ന മുകുന്ദേട്ടനെ കുറിച്ച് ,പാര്‍ടി ഗ്രാമങ്ങളില്‍ എല്ലാം ഡീസന്റ് ആണെന്ന് പറഞ്ഞ പെണ്ണുമ്പിള്ളയെ കുറിച്ച്,അശോകന്‍ ചരുവിലിന്റെ ജന്തുസഹജമായ സ്വാമിഭക്തിയെ കുറിച്ച് ഒക്കെ മറ്റാരെങ്കിലും പറയട്ടെ.


ആഗോളവല്‍ക്കരണകാലത്ത് മതതീവ്രവാദ സംഘങ്ങളുടെയും തിരിച്ചറിയാന്‍ പറ്റാത്ത ദേശീയ-അന്തര്‍ ദേശീയ നിഷ്ഠുര മൂലധനശക്തികളുടെയും ഇലനക്കിപ്പട്ടികളാണ് പാര്‍ടികളും വര്‍ഗീയസംഘടനകളും.അവയുടെ ചിറി നക്കിപ്പട്ടികളാണ് ഒരു നല്ല പങ്കു എഴുത്തുകാരും ,കലാകാരന്മാരും.അവര്‍ നാളെയുടെ നാണക്കേടുകള്‍ ആണ്.അതോടൊപ്പം ഒരു നൂറ്റാണ്ടു പഴക്കമുള്ള കേരള അവാന്റ്ഗാര്‍ദിന്റെയും നാണക്കേട് ആണ്. അവരോടു സൗഹൃദം പുലര്‍ത്തിയ നാളുകളെ ശപിക്കാംഎന്നു മാത്രം,

Monday, May 14, 2012

ടി പി വധവും കേരളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ സംയുക്ത പ്രസ്താവനയും


എഴുത്തുകാരും കലാകാരന്മാരും സമൂഹത്തിന്റെ മനഃസാക്ഷിയാണ്. മികച്ച കവികള്‍ രചനകളിലൂടെ വരാന്‍പോകുന്ന കാലത്തിന്റെ ജീവിതശീലങ്ങളും പ്രവണതകളും പ്രവചിക്കുന്നു.
അതുകൊണ്ട് കവികളുടെയും എഴുത്തുകാരുടെയും കലാകാരന്മാരുടെയും അഭിപ്രായനിരീക്ഷണങ്ങള്‍ക്ക് ഏതു ജനാധിപത്യ സമൂഹവും വലിയ പ്രാധാന്യം കല്പിക്കും. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരന്റെ ദാരുണവും ക്രൂരവുമായ കൊലപാതകത്തിനുശേഷം പുറത്തുവന്നിരിക്കുന്ന പ്രതികരണങ്ങളും അഭിപ്രായങ്ങളും കണക്കിലെടുത്ത് കഴിഞ്ഞ ദിവസം കേരളത്തിന്റെ മനഃസാക്ഷികള്‍ എന്നുവിശേഷിപ്പിക്കാവുന്ന ഒരുകൂട്ടം സാഹിത്യസാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒരു പൊതുപ്രസ്താവന പുറപ്പെടുവിപ്പിക്കുകയുണ്ടായി. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ രൂപം കൊണ്ടുവരുന്ന അപകടകരമായ ഫാസിസ്റ്റ് പ്രവണതയെക്കുറിച്ച് കേരളം ഉത്കണ്ഠപ്പെടുന്നു എന്നാണ് ആനന്ദ് മുതല്‍ സക്കറിയവരെ ഇരുപതോളം സാംസ്‌കാരിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ബി.ആര്‍.പി.ഭാസ്‌കര്‍, എം.ജി.എസ്. നാരായണന്‍, സി.ആര്‍.പരമേശ്വരന്‍, ആറ്റൂര്‍ രവിവര്‍മ്മ, സിവിക് ചന്ദ്രന്‍, സാറാ ജോസഫ്, ടി.പി.രാജീവന്‍, കെ.വേണു, അന്‍വര്‍ അലി തുടങ്ങി സമകാലിക കേരളത്തിലെ പ്രമുഖരായ ഒരു കൂട്ടം എഴുത്തുകാരാണ് ഈ സംയുക്തപ്രസ്താവനയുമായി രംഗത്തുവന്നിട്ടുള്ളത്.
 
ചന്ദ്രശേഖരന്റെ വധത്തിനു പിന്നില്‍ സി.പി.എമ്മിനുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ പങ്കിനെപ്പറ്റി ഈ എഴുത്തുകാര്‍ക്ക് ആര്‍ക്കും സന്ദേഹമില്ല. ആര്‍.എം.പി. രൂപം കൊണ്ടശേഷം ഒഞ്ചിയം, ഏറാമല പ്രദേശങ്ങളില്‍ അതിന്റെ പ്രവര്‍ത്തകരെ കായികമായി നേരിട്ടിട്ടുള്ളത് സി.പി.എംകാരാണ്.  ചന്ദ്രശേഖരന് രാഷ്ട്രീയമായ ഭീഷണിമാത്രമേ ഉണ്ടായിരുന്നുള്ളു. അതു സി.പി.എം നേതൃത്വത്തില്‍ നിന്നുമായിരുന്നു. അദ്ദേഹത്തിന്റെ നീചമായ വധത്തിനുശേഷം നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിലൂടെ ഇതിനകം പലപ്പോഴായി പുറത്തുവന്നിട്ടുള്ള വിവരങ്ങളിലും സി.പി.എം. നേതൃത്വം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. പ്രതികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വരാനിരിക്കേ ചന്ദ്രശേഖരന്‍ വധക്കേസ് സി.പി.എം നേതൃത്വത്തേയും പ്രവര്‍ത്തകരെയും വിശ്വാസികളെയും അടിമുടി ഉലയ്ക്കുകയും ആ പാര്‍ട്ടിയില്‍ ഗുരുതരമായ ഭിന്നത സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് അച്യുതാനന്ദനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പരസ്പരവിരുദ്ധമായും അന്യോന്യം കുറ്റപ്പെടുത്തിയും ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചുകഴിഞ്ഞു. രാഷ്ട്രീയ എതിരാളിയെ ശാരീരികമായി ഇല്ലാതാക്കുന്ന ശൈലി ഒരു ജനാധിപത്യസമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവില്ല. സി.പി.എം. നേതൃത്വത്തിന്റെ സമീപനം; പ്രത്യേകിച്ച് ഉത്തരകേരളത്തില്‍ ഒരുതരത്തിലും പൊറുപ്പിക്കാനാവുന്നതല്ലെന്ന് കേരളത്തിലെ സാഹിത്യകാരന്മാര്‍ പറയുന്നു.
 
പൊതുസമൂഹത്തിന്റെ നിശബ്ദമായ ക്ഷോഭത്തിന് അക്ഷരഭാഷ്യം ചമയക്ക്കുക മാത്രമാണ് ഈ എഴുത്തുകാര്‍ ചെയ്തിരിക്കുന്നത്. അനീതിയോട് നിശബ്ദത പാലിക്കാന്‍ സത്യസന്ധരായ അവര്‍ക്ക് കഴിയില്ല. അതിനാല്‍ സി.പി.എം നേതൃത്വത്തിന്റെ കൊള്ളരുതായ്മകളെ തുറന്നുകാട്ടിക്കൊണ്ട് ധീരമായി അവര്‍ മുന്നോട്ടുവന്നു. പശ്ചിമ ബംഗാളില്‍ പാവപ്പെട്ട കര്‍ഷകരോട് മൂന്നുവര്‍ഷം മുമ്പ് അവിടുത്തെ ഇടതു സര്‍ക്കാര്‍ കൈക്കൊണ്ട ദ്രോഹനടപടികള്‍ക്കെതിരെ പ്രമുഖ ബംഗാളി എഴുത്തുകാരി മഹാശ്വേതാദേവി പ്രായം മറന്ന് പ്രക്ഷോഭരംഗത്തുവന്നത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ചന്ദ്രശേഖരന്റെ പൈശാചികമായ കൊലപാതക വാര്‍ത്തകേട്ട് ഈ മഹതി ഇന്ന് ഒഞ്ചിയത്ത് എത്തുന്നുണ്ട്. സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാടിനോട് വിയോജിച്ചുകൊണ്ട് ചന്ദ്രശേഖരന്റെ വധത്തില്‍ മനുഷ്യത്വപരമായ സമീപനം പുലര്‍ത്തുന്ന അച്യുതാനന്ദനോട് മഹാശ്വേതാദേവി ഇന്നലെ ആലപ്പുഴയില്‍ വച്ച് ഒരു അഭ്യര്‍ത്ഥന നടത്തി. ''വി.എസിന്റെ ദുഃഖപ്രകടനം ആത്മാര്‍ത്ഥമാണെങ്കില്‍ സി.പി.എം വിട്ട് അദ്ദേഹം പുറത്തുവരണം. എതിരാളിയെ കൊല്ലുന്ന രാഷ്ട്രീയ പ്രവര്‍ത്തനം ജനാധിപത്യത്തിനു ചേര്‍ന്നതല്ല. ഇത്തരം അക്രമം തുടര്‍ന്നാല്‍ സി.പി.എമ്മിന് കേരളത്തിലും നാളെ ബംഗാളിലെ അവസ്ഥ ഉണ്ടാകും. ജനങ്ങളുടെ മനസ്സില്‍ നിന്ന് ആ പാര്‍ട്ടി തുടച്ചുമാറ്റപ്പെടും.''
 
ഇന്ത്യയില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖ എഴുത്തുകാരിയാണ് മഹാശ്വേതാദേവി. കേരളത്തെ വളരെ അടുത്ത് അറിയുന്ന ഒരാള്‍. പാവപ്പെട്ട മനുഷ്യരുടെ ദുഃഖമകറ്റാന്‍ തന്റെ തൂലികയെ ആയുധമാക്കിയ പോരാട്ടക്കാരി. കേരളത്തിലെ ഇരുപതോളം സാംസ്‌കാരിക പ്രവര്‍ത്തകരുടെ പൊതുവികാരവുമായി സമരസപ്പെട്ടുകൊണ്ട് മഹാശ്വേതാദേവി ഉന്നയിച്ച ചോദ്യം ഞങ്ങളും ഇവിടെ ആവര്‍ത്തിക്കട്ടെ. വി.എസ്. അച്യുതാനന്ദന്‍ ഇനിയും എന്തിനാണ് പിണറായി വിജയന്റെയും പ്രകാശ് കാരാട്ടിന്റെയും സി.പി.എമ്മില്‍ തുടരുന്നത്? വി.എസിന്റെ വാക്കുകള്‍ സത്യസന്ധവും നിലപാടുകള്‍ ആത്മാര്‍ത്ഥവുമാണെങ്കില്‍ ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തെ ബഹുമാനിച്ചുകൊണ്ട് അദ്ദേഹം ആര്‍.എം.പിയുടെ നേതൃത്വം ഏറ്റെടുക്കട്ടെ.

വി.എസ് തുറന്നുപറയുന്നു പാര്‍ട്ടിയെക്കുറിച്ച്...


സ്വന്തം പാര്‍ട്ടിയെയും പാര്‍ട്ടി സെക്രട്ടറിയെയും കുറിച്ച് വി.എസ് അച്യുതാനന്ദന്‍ തുറന്നു പറയുകയാണ്; പണ്ട് എം.വി രാഘവനും കെ.ആര്‍ ഗൗരിയമ്മയും പറഞ്ഞതിനേക്കാളപ്പുറം.
സിപിഎമ്മിലുണ്ടായിരുന്നവര്‍ പലരും പറഞ്ഞിട്ടുണ്ട്, നേരത്തെയും പാര്‍ട്ടിയെക്കുറിച്ച്. അവരെല്ലാം പുറത്തുവന്ന ശേഷമാണ് പലതും തുറന്നു പറഞ്ഞത്. പക്ഷെ അതുപോലല്ല ഇത്. വിഎസ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയംഗമാണ്, പാര്‍ട്ടി നിയോഗിച്ച പ്രതിപക്ഷനേതാവാണ്. ഇതൊക്കെയാണെങ്കിലും ചിലകാര്യങ്ങള്‍ പറയാതിരിക്കുന്നതെങ്ങനെയെന്ന് വിഎസ് ചോദിക്കുന്നു. അച്ചടക്കലംഘനത്തെയോ തുടര്‍ നടപടിയെയോ ഭയക്കുന്നില്ലെന്ന് മാത്രമല്ല, ആര്‍ക്കെതിരെയാണ് അച്ചടക്ക നടപടി ഉണ്ടാവുകയെന്ന് കാത്തിരുന്നു കാണാമെന്നും വിഎസ് പറയുമ്പോള്‍ ആര്‍ക്കും തോന്നാം സിപിഎമ്മിനെക്കുറിച്ച്, അവരുടെ പാര്‍ട്ടി സെക്രട്ടറിയെക്കുറിച്ച് ചില സംശയങ്ങള്‍.
 
ഒഞ്ചിയത്ത് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയില്ലെന്ന തരത്തിലാണ് ആദ്യം മുതല്‍ തന്നെ വിഎസ് പറഞ്ഞുവെച്ചത്. മാത്രമല്ല, വധിക്കപ്പെട്ട ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റാണെന്നും വിഎസ് ഉറപ്പിച്ചു പറഞ്ഞു. പക്ഷെ പാര്‍ട്ടി സെക്രട്ടറിക്ക് അത് സുഖിച്ചില്ല. തൊട്ടടുത്ത ദിവസം തന്നെ കുലംകുത്തികള്‍ കുലംകുത്തികള്‍ തന്നെയാണെന്ന് പിണറായി ആവര്‍ത്തിച്ചു. പിന്നങ്ങോട്ട് ഒളിഞ്ഞും തെളിഞ്ഞും പോരാട്ടമായി ഇരുവരും. ഇന്നലെ നേഴ്‌സുമാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് പറയാനാണ് വിഎസ് പത്രക്കാരെ കന്റോണ്‍മെന്റ് ഹൗസിലേക്ക് വിളിച്ചത്. നോക്കിവായിക്കുന്ന ഒരു പ്രസ്താവന, അല്ലെങ്കില്‍ പത്തുമിനിട്ട് നീളുന്ന വിശദീകരണം, ഇതില്‍ക്കൂടുതലൊന്നും മാധ്യമങ്ങള്‍ പ്രതീക്ഷിച്ചില്ല. പക്ഷെ വിഎസ് കരുതിക്കൂട്ടിത്തന്നെയായിരുന്നു. പറയാനുള്ള കാര്യങ്ങള്‍ അങ്ങ് വെട്ടിത്തുറന്നു പറഞ്ഞു; മുക്കാല്‍ മണിക്കൂറോളം. വ്യാഖ്യാനങ്ങള്‍ക്ക് ഇടകൊടുക്കാതെ നല്ല തെളിച്ചമുള്ള ഭാഷയില്‍. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടോ ഇല്ലയോ എന്ന് ഇനി ആര്‍ക്കും തീരുമാനിക്കാം. അതിന് വിഎസിന്റെ വാക്കുകള്‍ വായിക്കാം.
 
വിഎസ് പറഞ്ഞത്: ''ഏറാമല പഞ്ചായത്തിലുണ്ടായ പ്രശ്‌നവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിനെതിരെ നിലപാട് സ്വീകരിച്ചതാണ് ചന്ദ്രശേഖരനും കൂട്ടരും പാര്‍ട്ടിയില്‍ നിന്ന് പുറത്താകാന്‍ കാരണം. അന്ന് പാര്‍ട്ടി നേതൃത്വം അവരെ കുലംകുത്തികളെന്ന് വിളിക്കുകയും അവര്‍ പുറത്ത് തന്നെയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതുകഴിഞ്ഞ് മെയ് നാലിന് ചന്ദ്രശേഖരനെ ശത്രുക്കള്‍ വളഞ്ഞ് പിടിച്ച് ബോംബെറിഞ്ഞ് അതിനുശേഷം അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തി. പൈശാചികമായ ആ സംഭവം നടന്ന ദിസവും കുലംകുത്തികള്‍ പുറത്തു തന്നെ എന്ന നിലയില്‍ സഖാവ് വിജയന്റേതായി പ്രസ്താവന വന്നു. അന്നു പത്രപ്രതിനിധികള്‍ ഇങ്ങനെയാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത് സഖാവിന്റെ അഭിപ്രായമെന്താണെന്ന്  ചോദിച്ചു. എനിക്ക് ആ അഭിപ്രായമില്ലെന്ന് ഞാന്‍ പറഞ്ഞു. വിജയന്‍ പറഞ്ഞത് വിജയന്റെ അഭിപ്രായമാണ്. പാര്‍ട്ടി ആ അഭിപ്രായമില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു.
 
തുടര്‍ന്നാണ് വി.വി ദക്ഷിണാമൂര്‍ത്തിയുടെ അഭിപ്രായം കഴിഞ്ഞദിവസം കണ്ടത്. ദക്ഷിണാമൂര്‍ത്തി  വിജയനെ ന്യായീകരിച്ചും എന്നെ എതിര്‍ത്തു കൊണ്ടും നടത്തിയ പ്രസ്താവന. മറ്റു പാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്തമായി നയപരമായ കാര്യങ്ങള്‍ കൈക്കൊള്ളുന്നതിന് സി.പി.ഐ.എമ്മിന് ഒരു സംഘടനാ രീതിയുണ്ട്. മുസ് ലീം ലീഗിനെപ്പോലെ തങ്ങളോ, കോണ്‍ഗ്രസിനെപ്പോലെ ഹൈക്കമാന്റോ അല്ലോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി പാര്‍ട്ടി സെക്രട്ടറി പറയുന്നതാണ് ശരിയെന്ന ധാരണ ദക്ഷിണാമൂര്‍ത്തിക്കുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്.ഒഞ്ചിയത്തെ സഖാക്കള്‍ കുലംകുത്തികളല്ല. അവര്‍ ധീര സഖാക്കളാണ്. അവരുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തശേഷം അവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമമായിരുന്നു പാര്‍ട്ടി ചെയ്യേണ്ടിയിരുന്നത്. 1964ന് സമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍ ഒഞ്ചിയത്തുണ്ടായിരിക്കുന്നത്. ഒരു സെറ്റ് സഖാക്കള്‍ അവരുടെ വ്യത്യസ്താഭിപ്രായം പറഞ്ഞപ്പോള്‍ അവരുമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമം നടന്നില്ല. അവരെ അപഹസിക്കുന്ന രീതിയിലുള്ള സമീപനമാണുണ്ടായത്.
 
1964ല്‍ സി.പി.ഐയില്‍ നിന്നിറങ്ങി സിപിഎം രൂപീകരിക്കേണ്ടി വന്ന സമാനമായ സാഹചര്യമാണിതെന്ന പരോക്ഷ സൂചനയും വിഎസ് നല്‍കി. പാര്‍ട്ടിയിലെ റിവിഷനിസ്റ്റ് ചിന്താഗതികള്‍ക്കെതിരെ പ്രതിഷേധിച്ചവരെ എസ്.എ ഡാങ്കെ വര്‍ഗവഞ്ചകരെന്ന് വിളിച്ച് ആക്ഷേപിച്ചു.  അങ്ങനെ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് താനുള്‍പ്പെടുന്ന 32 പേര്‍ പുറത്തുപോയി സുന്ദരയ്യ അദ്ധ്യക്ഷനായി സിപിഎമ്മും പോളിറ്റ്ബ്യൂറോയും രൂപീകരിച്ചു. വര്‍ഗവഞ്ചകര്‍  എന്ന് വിളിച്ച പാര്‍ട്ടിക്ക് പിന്നില്‍ പിന്നീട് ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നതും വിഎസ് ഉദാഹരിച്ചു. പിന്നീട് അതേ ഡാങ്കെയെ സി.പി.ഐ പുറത്താക്കുകയാണുണ്ടായത്. സിപിഎമ്മില്‍ നിന്നും പുറത്തുപോയ റവല്യൂഷണി മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കും ചന്ദ്രശേഖരനും പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്.
 
പാര്‍ട്ടിയുടെ ശരിയായ നയത്തിനുവേണ്ടിയിട്ട് തെറ്റുകള്‍ക്കെതിരായി ശരിയായ പോരാട്ടം നടത്തിയതിന്റെ ഫലമായി പിന്നീട് ഈ കാലയളവിനിടയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയാണ് കണ്ടത്. ആ 32 പേരിറങ്ങിപ്പോന്നവരുടെ ശരിയായ നയത്തിനുവേണ്ടിയിട്ടുള്ള പോരാട്ടമാണ്. ഇന്ന് പാര്‍ട്ടിക്ക് പത്ത് ലക്ഷത്തോളം അംഗങ്ങളാണുണ്ടായിരിക്കുന്നത്. തെറ്റായ നയസമീപനങ്ങളെ സംബന്ധിച്ച് സഹപ്രവര്‍ത്തകരും മറ്റും അഭിപ്രായപ്രകടനം നടത്തുമ്പോള്‍ അവരെ ഉടനെ തന്നെ വര്‍ഗ്ഗവഞ്ചകാരെന്ന് വിളിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയല്ല വേണ്ടിയിരുന്നത്. സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത് എന്തെല്ലാം അഭിപ്രായങ്ങളാണ് അവര് പ്രതീക്ഷിക്കുന്നതെന്ന് മനസിലാക്കി അതിന്റെ അടിസ്ഥാനത്തില്‍ അവശ്യം വേണ്ട തിരുത്തലുകള്‍ വരുത്തി പാര്‍ട്ടിയെ ഒരുമിപ്പിച്ച് കൊണ്ടുപോകാനുള്ള ബാധ്യതയാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്. ഇന്നല്ലെങ്കില്‍ നാളെ പാര്‍ട്ടി തെറ്റായ സമീപനം തിരുത്തും. പാര്‍ട്ടിയുടെ പോക്കില്‍ ദു:ഖമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ പാര്‍ട്ടിയെ തിരുത്താനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് വിഎസ് പറഞ്ഞത്.
 
ഇനിയല്‍പ്പം ഫഌഷ്ബാക്ക്: സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരിക്കെയാണ് കടുത്ത വിഎസ് അനുകൂലിയായിരുന്ന ടി.പി ചന്ദ്രശേഖരനെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. അച്ചടക്കനടപടിയുണ്ടായെങ്കിലും ടി.പി, വിഎസിനോടുള്ള താല്‍പ്പര്യം പരസ്യമായി പ്രകടിപ്പിച്ചു. ഇത് സഹിക്കവയ്യാതെ ടി.പിയെ പാര്‍ട്ടി പുറത്താക്കുകയും ചെയ്തു. ഇത് വിഎസിന് വന്‍ തിരിച്ചടിയായി. അന്ന് പാലക്കാട്ടും കോഴിക്കോട്ടും എറണാകുളത്തും കാസര്‍കോട്ട് അങ്ങിങ്ങും മറ്റുമായിരുന്നു വിഎസ് അനുകൂലികള്‍ പാര്‍ട്ടിക്കുള്ളില്‍ ചെറുതും വലുതുമായ കലാപം സൃഷ്ടിച്ചുകൊണ്ടിരുന്നത്. കാസര്‍കോട് ജില്ലയില്‍ നീലേശ്വരത്തും മടിക്കൈയിലും വിഎസ് അനുകൂല ഫഌക്‌സ് ബോര്‍ഡ് വിപ്ലവമാണ് നടന്നിരുന്നതെങ്കില്‍ ഒഞ്ചിയത്തെ സ്ഥിതി മറ്റൊന്നായിരുന്നു. ഏറാമല പഞ്ചായത്തിന്റെ ഭരണം സിപിഎമ്മില്‍ നിന്ന് എടുത്തുമാറ്റി എല്‍ഡിഎഫിലെ ഘടകകക്ഷിയായ ജനതാദളിന് നല്‍കിയതോടെ ഒഞ്ചിയത്തെ നില അത്യന്തം സ്‌ഫോടകാത്മകമായിരുന്നു.
 
പാര്‍ട്ടിക്കുള്ളിലുണ്ടായ ഈ ഉഗ്ര സ്‌ഫോടനമാണ് സംസ്ഥാന നേതൃത്വത്തെ പോലും അങ്കലാപ്പിലാക്കികൊണ്ട് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തില്‍ കലാശിച്ചത്. സിപിഎം വിട്ട എം.വി രാഘവനും കെ.ആര്‍ ഗൗരിയമ്മയും പ്രത്യേകം പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിലെ ഘടകകക്ഷികളായി മാറിയതുപോലെയായിരുന്നില്ല ഒഞ്ചിയത്തെ സ്ഥിതി. വിപ്ലവവീര്യം കൈമോശം വന്നിട്ടില്ലാത്ത രക്തസാക്ഷികളുടെ നാട്ടില്‍ രൂപീകരിക്കപ്പെട്ട പുതിയ പാര്‍ട്ടി ഒരു വേറിട്ട പാര്‍ട്ടിയായിതന്നെ നിലയുറപ്പിക്കുകയായിരുന്നു. ഒഞ്ചിയം രക്തസാക്ഷികളുമായി രക്തബന്ധമുള്ളവരും ചന്ദ്രശേഖരന്റെ പാര്‍ട്ടിയില്‍ അണിനിരന്നു. നാല് പഞ്ചായത്തുകളില്‍ ആര്‍.എം.പി ഉഗ്രശക്തിയായി. തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ലോകസഭ തെരഞ്ഞെടുപ്പിലും ആര്‍.എം.പിയുടെ ശക്തിയില്‍ സിപിഎമ്മിന് കനത്ത നഷ്ടമാണ് ഉണ്ടായത്.
 
കെ.പി ഉണ്ണികൃഷ്ണന്‍ മുതല്‍ സതീദേവി വരെ ലോകസഭയിലെത്തിയ മണ്ഡലം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിജയത്തേരിലേറ്റി. വടകരയിലെ ഈ തോല്‍വിയും സിപിഎമ്മിന് താങ്ങാവുന്നതിലപ്പുറമായിരുന്നു. ഇതോടെ ചന്ദ്രശേഖരന്‍ എന്ന വ്യക്തിയെ സി.പി.എമ്മിന് സഹിക്കാനാവുന്നതിലും അപ്പുറമായി. ടി.പിക്ക് ശത്രുക്കളായി മറ്റാരുമില്ലായിരുന്നുവെന്ന് ഭാര്യയും മകനും ഭാര്യാപിതാവും പറയുന്നു. ഒപ്പം നാട്ടുകാരും കേരള സമൂഹവും. ഇതുതന്നെയല്ലേ വിഎസും പറയുന്നതെന്ന് തോന്നിയാല്‍ ആര്‍ക്കെങ്കിലും കുറ്റം പറയാനാകുമോ?.

കുലവും കൊലയും

ഒഞ്ചിയത്തെ പഴയ സഖാവിനെ പച്ചയ്ക്ക് വെട്ടിനുറുക്കിക്കൊന്നത് പാര്‍ട്ടി തീരുമാനപ്രകാരമല്ലെന്ന് പ്രവര്‍ത്തകരെപ്പോലും വിശ്വസിപ്പിക്കാന്‍ പാര്‍ട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പൊതുജനത്തെ വിശ്വസിപ്പിക്കുന്നത് പിന്നെയല്ലേ. കിണഞ്ഞ് ശ്രമിക്കുന്നുണ്ടെന്നത് നേര്. എന്നിട്ടാണ് പാര്‍ട്ടി സെക്രട്ടറി ചോദിക്കുന്നത്, എന്തിനാണ് പാവപ്പെട്ട ഞങ്ങളെ ഇങ്ങനെ കൊലയാളികളായി മുദ്രയടിക്കുന്നതെന്ന്.
ചന്ദ്രശേഖരനെ കൊന്നത് സി.പി.എമ്മുകാരാണെന്ന് ചന്ദ്രശേഖരന്റെ ഭാര്യ വിശ്വസിക്കുന്നതില്‍ അവരെ കുറ്റപ്പെടുത്താനാവില്ലെന്നാണ് പാര്‍ട്ടി ആസ്ഥാന ലേഖകന്‍ പാര്‍ട്ടിപത്രത്തിലെഴുതിയത്. അതെന്തേ അങ്ങനെ? പാര്‍ട്ടി വിട്ടുപോകുന്നവരെ പാര്‍ട്ടി ഇക്കാലംവരെ കൊന്നിട്ടില്ലെന്നും ഇനിയൊരിക്കലും കൊല്ലില്ലെന്നും ദുഷ്ടകോണ്‍ഗ്രസ്സുകാരും മറ്റുമാണ് അങ്ങനെ ചെയ്യാറുള്ളതെന്നുമല്ലേ കഴിഞ്ഞ വര്‍ഷംവരെ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്ന ചന്ദ്രശേഖരനും ഭാര്യയും ഉറച്ചുവിശ്വസിക്കേണ്ടിയിരുന്നത്? അവരും അങ്ങനെ വിശ്വസിക്കുന്നില്ല, പാര്‍ട്ടി പ്രവര്‍ത്തകരും വിശ്വസിക്കുന്നില്ല, പാര്‍ട്ടിയിലില്ലാത്തവരും വിശ്വസിക്കുന്നില്ല. ചില കേസുകളില്‍, നിരപരാധിത്വം തെളിയിക്കേണ്ടത് അറസ്റ്റിലായവരുടെ ചുമതലയാണ്, മറിച്ച് തെളിയിക്കപ്പെടുംവരെ. അതിന് കീചക-ഭീമ ന്യായം എന്നോ സാമാന്യബുദ്ധി എന്നോ വിളിക്കാം.

പാര്‍ട്ടി വിട്ടുപോയ ആരെല്ലാം ഇപ്പോഴും ജീവിച്ചിരിക്കുന്നു, പാര്‍ട്ടി വിടുന്നവരെയെല്ലാം കൊല്ലലാണ് പരിപാടിയെങ്കില്‍ ഇവരൊന്നും ജീവിച്ചിരിക്കില്ലല്ലോ എന്നാണ് സഖാക്കള്‍ ചോദിക്കുന്ന വിലപ്പെട്ട ചോദ്യം. എം.വി. രാഘവന്‍ മുതല്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍വരെയുള്ളവര്‍ ജീവിച്ചിരിക്കുന്നു എന്നതുതന്നെ പാര്‍ട്ടിയുടെ വിശാല മനസ്‌കതയുടെ തെളിവാണ് എന്നും പാര്‍ട്ടിപത്രം അവകാശപ്പെട്ടിട്ടുണ്ട്. ശരിയാണ്. പാര്‍ട്ടി വിട്ടുപോകുന്ന എല്ലാവരെയൊന്നും പാര്‍ട്ടി കൊല്ലാറില്ല. കൊല്ലണമെന്ന് പാര്‍ട്ടിയിലാര്‍ക്കെങ്കിലും തോന്നുമ്പോള്‍ ഉടനെ ചെന്നങ്ങ് കൊല്ലുകയല്ല പാര്‍ട്ടി രീതി. പാര്‍ട്ടി വിടുന്നവരെയെല്ലാം കൊല്ലാന്‍ പുറപ്പെട്ടാല്‍പ്പിന്നെ അതിനേ നേരമുണ്ടാവൂ. ലാഭനഷ്ടങ്ങള്‍ കൃത്യമായി കണക്കുകൂട്ടിയാണ് ആരെയും കൊല്ലുന്നതും കൊല്ലാതിരിക്കുന്നതും. ഏതു പാര്‍ട്ടിയും അങ്ങനെയാണ്. പേരും പ്രശസ്തിയുമുള്ളവരെ കൊല്ലുന്നത് പാര്‍ട്ടിക്ക് ദുഷ്‌പേരുണ്ടാക്കും, അത് നഷ്ടമാണ്. കൊലയുടെ ലാഭനഷ്ടങ്ങള്‍ അളന്നുതൂക്കിനോക്കാന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ട്. കാശിന്റെ ലാഭം മാത്രമല്ല വോട്ടിന്റെ ലാഭവും നോക്കണം. എല്ലാവരുമൊന്നും കൊല്ലപ്പെടാന്‍ യോഗ്യരല്ല. ചിലരെ വാചകത്തില്‍ വധിച്ചാല്‍ മതിയാകും. മതം, ജാതി തുടങ്ങിയവയെല്ലാം നോക്കിയേ കൊല്ലാനാവൂ.
ചില്ലറ ചെലവൊന്നുമല്ല ഒരാളെ കൊല്ലാന്‍ വേണ്ടിവരുന്നത്. പണ്ടൊക്കെ സഖാക്കള്‍ കൊല ശ്രമദാനമായി ചെയ്തുതന്നിരുന്നതാണ്. കേസ് നടത്തിപ്പ് ചെലവും കുടുംബച്ചെലവും പാര്‍ട്ടി വഹിച്ചാല്‍ മതിയായിരുന്നു. കൊല കൂടിയതോടെ അതും വലിയ ചെലവായി മാറിയിരിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ കൊലയാളി സംരക്ഷണ ബജറ്റ് കോടികള്‍ വരുമെന്നാണ് കേട്ടുകേള്‍വി. തങ്ങള്‍ സ്വയം ചെയ്യുന്നതിനേക്കാള്‍ ലാഭകരമാണ് പണി പുറത്താരെയെങ്കിലും ഏല്പിക്കുന്നത്. എങ്കില്‍ അങ്ങനെയേ ചെയ്യാവൂ എന്നതാണ് ആഗോളീകരണതത്ത്വം. അതിനെ ഔട്‌സോഴ്‌സിങ് എന്നുവിളിക്കും. എന്താണ് ഔട്‌സോഴ്‌സ് ചെയ്തുകൂടാത്തത്? കൊലയും ഔട്‌സോഴ്‌സ് ചെയ്യാം. ചുമരെഴുത്തുകൂടി അങ്ങനെയാണ് നിര്‍വഹിക്കുന്നത്. അങ്ങനെ ചെയ്യുന്നതിന്റെ തലം ഉയരുമ്പോഴാണ് അതിനെ ഇവന്റ് മാനേജ്‌മെന്റ് എന്നൊക്കെ വിളിക്കുന്നത്. ഗമയ്ക്ക് പറയുന്നുവെന്നേ ഉള്ളൂ. സംഗതി കരാറുകൊടുക്കല്‍ തന്നെ.

ക്വട്ടേഷന്‍കാര്‍ കാശും വാങ്ങി കടന്നുകളയുകയൊന്നുമില്ല കേട്ടോ. മര്യാദക്കാരാണ്. കൊല്ലുമെന്ന് മാത്രം. ക്വട്ടേഷന്‍ കൊടുത്തുകഴിഞ്ഞാല്‍ എപ്പോഴാണ് കൃത്യം നിര്‍വഹിക്കുക എന്നതിന് ഒരു ഉറപ്പുമില്ല. അതുകൊണ്ടാണ് നെയ്യാറ്റിന്‍കരയില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇങ്ങനെയൊരു കൊല നടത്താന്‍മാത്രം മണ്ടന്മാരുടെ പാര്‍ട്ടിയാണോ സി.പി.എം. എന്ന മറുചോദ്യം ഉയരുന്നത്. ക്വട്ടേഷന്‍കാരുടെ ബുദ്ധിമുട്ടും ആരുമോര്‍ക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പ്, ലോക്‌സഭാ തിരഞ്ഞെടുപ്പ്, നിയമസഭാ സമ്മേളനം, പാര്‍ട്ടി സമ്മേളനം, പാര്‍ട്ടി കോണ്‍ഗ്രസ്, പിറവം, നെയ്യാറ്റിന്‍കര.... അലക്കൊഴിഞ്ഞിട്ട് കാശിക്ക് പോകുന്ന കാര്യം പറഞ്ഞതുപോലെയാണ് എപ്പോഴും. ഇതൊന്ന് ചെയ്തല്ലേ തീരൂ? പിന്നെ, നെയ്യാറ്റിന്‍കരയൊന്നും വലിയ സംഭവമല്ല കേട്ടോ. ഒരു മണ്ഡലത്തില്‍ ജയിക്കുന്നതും തോല്‍ക്കുന്നതും വേറെ ചില വലിയ ലക്ഷ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ നിസ്സാരമാണ്. വേറൊരു പ്രശ്‌നം, അന്വേഷകരെ വഴിതെറ്റിക്കാന്‍ പാര്‍ട്ടിക്കാര്‍ കാട്ടുന്നത്ര ബുദ്ധിയൊന്നും ഇവരില്‍ നിന്ന് പ്രതീക്ഷിച്ചുകൂടാ എന്നതാണ്. ചന്ദ്രശേഖരനെ കൊല്ലാന്‍ കൊണ്ടുപോയ കാറിന് പിന്നില്‍ അറബി വാക്ക് ഒട്ടിച്ചുവെച്ചാല്‍ പോലീസ് പോയി എന്‍.ഡി.എഫുകാരെ പിടിക്കുമെന്നവര്‍ ധരിച്ചു! ക്വട്ടേഷന്‍കാര്‍ക്ക് അങ്ങനെയൊരു ലെവലിലേ ചിന്തിക്കാന്‍ പറ്റൂ.

അബ്ദുല്ലക്കുട്ടിമാരെയും സെല്‍വരാജന്‍മാരെയും അസാസിനേറ്റ് ചെയ്യേണ്ട കാര്യമില്ല. ക്യാരക്ടര്‍ അസാസിനേഷന്‍തന്നെ മതിയാകും. നരഹത്യ വേണ്ട, സ്വഭാവഹത്യ മതി എന്നര്‍ഥം. അപൂര്‍വമായ ഇനത്തില്‍ പെട്ടതാണ് ടി.പി.ചന്ദ്രശേഖരന്‍. പാര്‍ട്ടി വിട്ടുപോയിട്ടും പാര്‍ട്ടിയിലുള്ളവര്‍ക്ക് ആളെക്കുറിച്ചുള്ള മതിപ്പ് ഏറിവരുന്നത് അവഗണിക്കാവുന്ന സംഗതിയല്ല. ശക്തി കൂടിക്കൂടി വരികയും ചെയ്യുന്നു. വലിയ വടവൃക്ഷമാകും മുമ്പ് മുറിച്ചുകളയണം. നാലുദിവസം പത്രക്കാരും ചാനലുകാരും കുറച്ചലക്കും. പിന്നെയെല്ലാം കെട്ടടങ്ങും. നാളെ വേറെ ഒരുത്തന് ചന്ദ്രശേഖരന്റെ വഴി പിന്തുടരാന്‍ ധൈര്യം വരില്ല. കണക്ക് തിരിച്ചുംമറിച്ചും കൂട്ടിനോക്കിയതൊക്കെത്തന്നെ. പക്ഷേ, എവിടെയോ പിശകി. കച്ചവടം വന്‍നഷ്ടമാകുന്ന ലക്ഷണം കണ്ടുതുടങ്ങിയിട്ടുണ്ട്.



കൊല പോലെ വലിയ ഒരു സന്ദേശമാണ് കുലം എന്ന പദപ്രയോഗവും. വെറുതെ നാവില്‍ വരുന്ന വാക്കല്ല അത്. കുലത്തിന് സാമൂഹികശാസ്ത്രപരമായ നിര്‍വചനമുണ്ട്. രാഷ്ട്രീയത്തില്‍ പക്ഷം തീരുമാനിക്കുന്നത് ചിന്തയുടെയും നിലപാടിന്റെയും അടിസ്ഥാനത്തിലാണ്. ചിന്തയിലും നിലപാടിലും വ്യത്യാസം വരുമ്പോള്‍ പാര്‍ട്ടി മാറാം. അതൊരു കുറ്റകൃത്യമല്ല. കുലത്തില്‍ സ്ഥിതി നേരേ മറിച്ചാണ്. കുലം വിട്ടുപോകാന്‍ ആര്‍ക്കും അവകാശമില്ല. കുലം വിട്ടുപോകുന്നത് കുലദ്രോഹമാണ്, മരണം അര്‍ഹിക്കുന്ന കുറ്റമാണ്. ഭിന്നാഭിപ്രായം പ്രകടിപ്പിച്ച് വിമര്‍ശിക്കുന്നതിനെ കുലംകുത്തലെന്ന് കുറ്റപ്പെടുത്തുമ്പോള്‍ സംഗതി അരാഷ്ട്രീയമാകുന്നു, ഗോത്ര സ്വഭാവമാകുന്നു, പ്രാകൃതമാകുന്നു.
ജീവിച്ചിരിക്കുമ്പോള്‍ കുലംകുത്തിയായിരുന്ന ആള്‍ മരിച്ചാലും അതുതന്നെയാണ് എന്നുപറയുന്നതില്‍ ന്യായമുണ്ട്. മരണം കൊണ്ട് ആര്‍ക്കും ആ ബഹുമതി ഇല്ലാതാവുന്നില്ല. പക്ഷേ, ഇന്നത്തെ കുലംകുത്തിക്ക് നാളെ അതല്ലാതാവാം. ആര് കുലം കുത്തി എന്ന് തീരുമാനിക്കുന്നത് കുലശേഖരപ്പെരുമാളാണ്. പെരുമാള്‍ നില്‍ക്കുന്ന ഇടമാണ് കുലം. 1964-ല്‍ കമ്യൂണിസ്റ്റ് കുലത്തെ കുത്തിയാണ് സി.പി.എം. ജനിച്ചത് തന്നെ എന്ന് നാലാള്‍ കേള്‍ക്കേ പറയാനുള്ള ധിക്കാരം സി.പി.ഐ.ക്കാര്‍ ആര്‍ജിച്ചുതുടങ്ങിയിട്ടുണ്ട്. സി.പി.എം. കുലപതികള്‍ അത് ശ്രദ്ധിക്കുന്നുണ്ട് കേട്ടോ... ടെയ്ക് കേര്‍!

Sunday, May 13, 2012

ചന്ദ്രശേഖരന്‍ വധം: ഗൂഢാലോചന നടന്ന വീട്ടില്‍ സിപിഎം രണ്ട് ലക്ഷം രൂപ നല്‍കി


റെവല്യൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന്റെ വധത്തില്‍ സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്ന ആരോപണത്തെ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നെന്നന്ന് ആരോപിക്കപ്പെടുന്ന ചെക്യാട്ടെ വീട്ടിലെ വിവാഹത്തിനു സിപിഎം നേതൃത്വം പണം നല്‍കിയിരുന്നതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റിയാണു രണ്ടുലക്ഷം രൂപ പാരിതോഷികമായി നല്‍കിയത്. നാദാപുരം മൊയ്തു ഹാജി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അന്ത്യേരി സുരേന്ദ്രന്റെ (സു

 ര) മകളുടെ വിവാഹത്തിനാണു പാര്‍ട്ടി പണം നല്‍കിയത്. സിപിഎം അനുഭാവിയായ സുര പാര്‍ട്ടി ഉള്‍പ്പെട്ട നിരവധി കേസുകളില്‍ പ്രതിയാണ്.

മറ്റു രീതിയില്‍ സുരയുടെ കുടുംബത്തെ പാര്‍ട്ടി സഹായിച്ചിരുന്നോയെന്നും അന്വേഷിക്കുന്നു. പാര്‍ട്ടി സഹായം കൂടാതെ വിവാഹത്തോടനുബന്ധിച്ചു ബന്ധുക്കളും മറ്റും പന്ത്രണ്ടര ലക്ഷം രൂപ നല്‍കി. ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള നീക്കം നേരത്തേ സുരയെ അറിയിച്ചിരുന്നോയെന്നും പ്രതിഫലമെന്ന നിലയിലാണോ രണ്ടുലക്ഷം രൂപ നല്‍കിയതെന്നും പോലീസ് അന്വേഷിക്കുന്നു.

തമ്മിലടിക്കുന്ന നേതാക്കള്‍;വിവാദങ്ങളുടെ കുത്തൊഴുക്കില്‍ സിപിഎം

വിഎസ് അച്യുതാനന്ദന്‍-പിണറായി വിജയന്‍ ഗ്രൂപ്പുകള്‍ ശക്തരായി നിന്ന് പരസ്പരം ഏറ്റുമുട്ടിയതിലും വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കയാണ് സംസ്ഥാന സിപിഎം ഇപ്പോള്‍. മൂന്ന് രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ കേരള ജനത മുഴുവന്‍ പഴിക്കുന്ന പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുയാണ് വിഎസ് അച്യുതാനന്ദന്റെ കടന്നാക്രമണവും. പിറവം ഉപതിരഞ്ഞെടുപ്പില്‍ സര്‍വ്വസന്നാഹങ്ങളോടെ പോരാടിയിട്ടും ഭീമന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന സിപിഎമ്മിന് കനത്ത തിരിച്ചടി നല്‍കിയാണ് നെയ്യാറ്റിന്‍കരയില്‍ ആര്‍ ശെല്‍വരാജ് എംഎല്‍എ സ്ഥാനം രാജിവെച്ചത്. ശെല്‍വരാജ് രാജിവെച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ നെയ്യാറ്റിന്‍കര തിരിച്ചുപിടിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍കൊലചെയ്യപ്പെട്ടതും. ഇതോടെ ഒന്നിനു പുറകെ ഒന്നായുള്ള വിവാദങ്ങളുടെ കുത്തൊഴിക്കില്‍ പടിച്ചു നില്‍#്കാന്‍ പാടുപെടുകയാണ് സംസ്ഥാന സിപിഎം.

പാര്‍ട്ടിയും ജനങ്ങളും അകലുന്നുവെന്ന തികഞ്ഞ ബോധ്യത്തില്‍ വി.എസ്. അച്യുതാനന്ദന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരേ ഒരിക്കല്‍കൂടി വെടിപൊട്ടിച്ചപ്പോള്‍ അത് സിപിഎമ്മിനെ ശരിക്കും ഉലക്കുകയും ചെയ്തു. കേന്ദ്ര നേതൃത്വവും പിണറായിയും മൌനം കൊണ്ട് വിവാദങ്ങള്‍ക്കു മറയിടുമ്പോഴും പാര്‍ട്ടി നീങ്ങുന്നതു ചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. അസംതൃപ്തരായ അണികളും ആരോപണത്തിന്റെ മുനയില്‍ നില്‍ക്കുന്ന നേതാക്കളുമുള്ള പാര്‍ട്ടിക്ക് ഉള്ളില്‍നിന്നുതന്നെ ഏല്‍ക്കുന്ന പ്രഹരത്തെ താങ്ങാനുള്ള ശേഷി എത്രയുണ്ടെന്നു കണ്ടറിയണം. ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതിഷേധിച്ച സിപിഎം അണികള്‍ തന്നെ പാര്‍ട്ടി വിട്ടുപോയി തുടങ്ങി. അണികളുടെ കൊഴിഞ്ഞുപോക്ക് ഗൌരവത്തോടെ കണ്ടില്ലെങ്കില്‍ അത് പാര്‍ട്ടിയുടെ അടിത്തറ തകര്‍ക്കുമെന്നതില്‍ സംശയം വേണ്ട.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സംശയത്തിന്റെ കുന്തമുന നീളുന്നതു കണ്ണൂര്‍ നേതാക്കള്‍ക്കു നേരേയാണ്. മുസ്ളിം ലീഗ് പ്രവര്‍ത്തകന്‍ അരിയിലെ അബ്ദുള്‍ ഷുക്കൂറിനെ വെട്ടിക്കൊന്ന കേസിലും കണ്ണൂര്‍ നേതൃത്വം പ്രതിസ്ഥാനത്താണ്. തലശേരിയില്‍ എന്‍.ഡി.എഫ്. പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ തലശേരി ഏരിയാ സെക്രട്ടറിയുമായ കാരായി രാജന്റെ അറസ്റ് ചെയ്യാനുള്ള അനുമതി സി.ബി.ഐക്കു ലഭിച്ചു കഴിഞ്ഞു.

ശക്തമായ തിരുത്തലുകള്‍ നേതൃതലത്തില്‍ ഉണ്ടായാല്‍ മാത്രമെ പാര്‍ട്ടിക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകൂവെന്നാണു ഭൂരിഭാഗം അണികളും വിശ്വസിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്തു നടന്ന സംസ്ഥാന സമ്മേളനവും കോഴിക്കോട്ടു നടന്ന 20 #ാ#ം പാര്‍ട്ടി കോണ്‍ഗ്രസും മറ്റൊരു ചിത്രമാണ് അണികള്‍ക്കു നല്‍കിയത്. വി.എസ്. പൂര്‍ണമായും ചവിട്ടിത്താഴ്ത്തിയ രണ്ടു സമ്മേളനങ്ങള്‍ക്കും ശേഷം നേതൃത്വത്തെ അനുസരിച്ച് വി.എസ്. ഒതുങ്ങിക്കഴിയുമെന്ന് ഔദ്യോഗിക നേതൃത്വം കരുതിയിരുന്നുവെങ്കിലും അതും ഉണ്ടായില്ല.

ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്കുള്ള പങ്കിനെച്ചൊല്ലി അണികളും അനുഭാവികളും ആശങ്കയിലാണ്. ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ഒഞ്ചിയം സഖാക്കളുടെ നിലപാടാണു ശരിയെന്നു വി.എസ്. ആവര്‍ത്തിക്കുമ്പോള്‍ പിണറായിയുടെ നിലപാടുകള്‍ തെറ്റാണെന്നും ഏകാധിപതിയെ പോലെ പിണറായി പെരുമാറുന്നുവെന്നുമാണു വി.എസ്. തുറന്നുപറയുന്നത്.

പാര്‍ട്ടി സെക്രട്ടറിക്കെതിരേ വി.എസ്. പറഞ്ഞതു ശരിയോ തെറ്റോ, തെറ്റെങ്കില്‍ ഇതു കടുത്ത അച്ചടക്ക ലംഘനമല്ലേയെന്ന ചോദ്യമാണു പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നത്. ഈ അച്ചടക്ക ലംഘനത്തിനെതിരേ നടപടിയെടുക്കേണ്ടതാണെങ്കിലും വി.എസ്. എന്ന ആനുകൂല്യത്തില്‍ കേന്ദ്രനേതൃത്വം എന്തുചെയ്യണമെന്നറിയാതെ ഉഴലുകയാണ്.

വി.എസ്. സംസാരിക്കുന്നതു തെളിവുകളുടെ പിന്‍ബലത്തിലാണെന്നതാണ് ഔദ്യോഗിക പക്ഷത്തെ കുഴയ്ക്കുന്നത്. ഇതിന്റെ പേരില്‍ വി.എസിനെതിരേ നടപടിയെടുത്താല്‍ പാര്‍ട്ടി നേരിടേണ്ടി വരുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കും. അതിനാല്‍ കേന്ദ്രനേതൃത്വവും കരുതലോടെയാണു പോകുന്നത്.

Friday, May 11, 2012

ടിപി വധം; പുറത്തു വരുന്നത് സി പി എം തീവ്രവാദം

ഫസലിനെ കൊലപ്പെടുത്തിയപ്പോള്‍ ഹിന്ദുതീവ്രവാദം; ചന്ദ്രശേഖരനെ കൊലപ്പെടുത്തിയപ്പോള്‍ മുസ്ലിം തീവ്രവാദം



ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയത് മുസ്ലിം തീവ്രവാദി സംഘടനകളാണെന്നു വരുത്താന്‍ തുടക്കത്തിലേ ശ്രമിച്ച സി പി എം നേതൃത്വത്തിന്റെ കാപട്യത്തിന്റെ മറുവശമാണ് ഫസല്‍ വധക്കേസില്‍ കണ്ടത്. ഫസലിനെ കൊന്നത് ആര്‍ എസ് എസാണെന്ന് വിധിയെഴുതി അന്വേഷണോദ്യോഗസ്ഥരെ കൊണ്ട് അന്വേഷണം ആ വഴിയില്‍ തിരിച്ചു വിടാന്‍ ബോധപൂര്‍വം ശ്രമിക്കുകയായിരുന്നു അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും സി പി എം കണ്ണൂര്‍ ജില്ലാ നേതൃത്വവും. ഇപ്പോള്‍ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുസ്ലിം തീവ്രവാദികളാണ് സംഭവത്തിനു പിന്നിലെന്നു വരുത്താന്‍ സി പി എം നടത്തിയ ബോധപൂര്‍വമായ ശ്രമം പുറത്തു വന്നിട്ടുണ്ട്. രണ്ട് കേസിലും ക്വട്ടേഷന്‍ സംഘത്തെ നയിച്ചത് കൊടി സുനിയെന്ന ക്രിമിനലാണെന്നത് മറ്റൊരു കാര്യം.
 
ഫസല്‍ വധക്കേസിലും സി ബി ഐ ഒന്നാം പ്രതിയാക്കിയത് കൊടി സുനിയെയാണ്.2006 ഒക്ടോബര്‍ 22നു ചെറിയ പെരുന്നാള്‍ തലേന്നാണ് തേജസ് ദിനപത്രം ഏജന്റായ മാടപ്പീടികയിലെ പിലാക്കുല്‍ ഉളിയിലക്കണ്ടി മുഹമ്മദ് ഫസല്‍ ലിബര്‍ട്ടി ക്വാട്ടേഴ്‌സിനു മുന്നില്‍ വെട്ടേറ്റുമരിച്ചത്. ബൈക്കുകളിലെത്തിയ സംഘമാണ് കൃത്യം ചെയ്തത്. തലശ്ശേരി സി.ഐയായിരുന്ന പി സുകുമാരനും ഡിവൈ.എസ്.പിയായിരുന്ന കെ എ ഫിലിപ്പും ചേര്‍ന്നാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. ഫസലിന്റെ സൈക്കിളും ചെരിപ്പും മറ്റും ഉടനടി സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും എന്തൊക്കെയാണ് അവിടെയുണ്ടായിരുന്നതെന്നു വ്യക്തമായി രേഖപ്പെടുത്തിയിരുന്നില്ല. വൈകീട്ടോടെ ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി രാധാകൃഷ്ണന്‍ അന്വേഷണ ചുമതല ഏറ്റെടുത്തു. ഇദ്ദേഹമാണ് കൊലയ്ക്കു പിന്നില്‍ ആര്‍.എസ്.എസ് അല്ല, സി.പി.എമ്മാണെന്നു കണ്ടെത്തിയത്. ഫസല്‍ കൊല്ലപ്പെട്ട സ്ഥലത്തിനു സമീപത്തുള്ള ലിബര്‍ട്ടി ക്വാര്‍ട്ടേഴ്‌സിലുള്ളവരില്‍ നിന്നും മറ്റു സാക്ഷികളില്‍ നിന്നും ശരിയാംവണ്ണം മൊഴിയെടുത്തിട്ടുമില്ല. ഇവരെ മൂന്നാംദിവസം ഏതാനും സി.പി.എം പ്രവര്‍ത്തകരെത്തി ഭീഷണിപ്പെടുത്തുകയും മൊഴിനല്‍കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുപോലും കണ്ടെത്താന്‍ പോലിസിനായില്ല. കൃത്യമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ പ്രതികളെ കുറിച്ച് അന്നുതന്നെ നിഗമനത്തിലെത്താനാവുമെന്നാണു സി.ബി.ഐ കരുതുന്നത്.
 
അന്വേഷണം പുരോഗമിക്കുന്നതിനിടെ ആരും ആവശ്യപ്പെടാതെ രാധാകൃഷ്ണനെ മാറ്റുകയും അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. സി.ബി.സി.ഐ.ഡി എസ്.പി ടി കെ രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് സി.പി.എം പ്രവര്‍ത്തകരായ കൊടി സുനി എന്ന സുനില്‍കുമാര്‍, കൊയ്യേരി സജിത്ത് എന്ന പാച്ചൂട്ടി വിജേഷ്, എം കെ ജിതേഷ് എന്ന ജിത്തു എന്നിവരെ അറസ്റ്റ് ചെയ്തത്. ഇതിനിടെയാണ് സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ ഭാര്യ സി എച്ച് മറിയു ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ തെളിവുകള്‍ നശിപ്പിക്കാന്‍ പോലിസിനു മേല്‍ സമ്മര്‍ദ്ദമുണ്ടായതായി സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പോലിസുകാരെ സംരക്ഷിക്കുന്ന വിധത്തിലാണു ക്രൈംബ്രാഞ്ച് സംഘം അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. ഗൂഢാലോചനയില്‍ ഉന്നത സി.പി.എം നേതാക്കളുടെ പങ്ക് പുറത്തുവരുമെന്നു ഭയന്നതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിനെതിരേ ഡിവിഷന്‍ ബെഞ്ചിലും സുപ്രിംകോടതിയിലും അപ്പീല്‍ പോയതെന്നാണു സി.ബി.ഐ നിഗമനം.
 
കൊലപാതകത്തിന്റെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തലശ്ശേരിയിലുണ്ടായതു സംശയം വര്‍ധിപ്പിച്ചിട്ടുണ്ട്. കൊല നടന്ന ദിവസം പുലര്‍ച്ചെ  കോടിയേരി തലശ്ശേരിയിലെത്തിയിരുന്നു. സംഭവമറിഞ്ഞ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി, കൊലപാതകം ആസൂത്രിതമാണെന്നും സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസ്സാണെന്നും കോടിയേരി പറഞ്ഞിരുന്നു. അന്നത്തെ കൂത്തുപറമ്പ് എം.എല്‍.എയും ഇപ്പോള്‍ സി.പി.എം ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ എന്‍ ശംസീര്‍ തുടങ്ങിയവരും മൃതദേഹം സന്ദര്‍ശിച്ചിരുന്നു. മൂന്നു സി.പി.എം പ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തപ്പോഴും കോടിയേരി തലശ്ശേരി ഗസ്റ്റ് ഹൗസില്‍ ക്യാംപ് ചെയ്തിരുന്നു. അന്വേഷണം ആര്‍.എസ്.എസിലേക്ക് ബന്ധിപ്പിക്കാന്‍ സി പി എം നേതൃത്വം പലപ്പോഴും ശ്രമിച്ചതായി വ്യക്തമായി. ആര്‍.എസ്.എസ് ശക്തികേന്ദ്രമായ ടെംപിള്‍ ഗേറ്റിലേക്കുള്ള വഴിയില്‍ നിന്നു രക്തം പുരണ്ട തൂവാല കണ്ടെത്തിയതായി പോലിസിനെ അറിയിച്ചത് സി പി എം നേതാക്കളിലൊരാളാണെന്നാണു സംശയം.
 
പാര്‍ട്ടിക്ക് വേണ്ടി വെട്ടാനും കൊല്ലാനും നിയോഗിക്കപ്പെട്ട മൂന്നു സ്ഥിരം ക്രിമിനലുകളില്‍ ഫസല്‍ വധക്കേസ് ഒതുക്കാനാണ് ഇടതുസര്‍ക്കാരിന്റെ കാലത്ത് ശ്രമം നടന്നത്.  ഹൈക്കോടതി സി.ബി.ഐ ഉത്തരവിടുമെന്നുറപ്പായതോടെയാണ് പ്രതികളെന്ന പേരില്‍ ചിലരെയെങ്കിലും നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ പോലിസ് നിര്‍ബന്ധിതമായത്.  നേരത്തെ ക്രൈംബ്രാഞ്ച് എസ്.പി രാജ് മോഹനനെ അന്വേഷണത്തില്‍, ഫസലിനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ തലശ്ശേരിയിലെ പ്രാദേശിക സി.പി.എം നേതാവിനു മുഖ്യപങ്കുണ്ടെന്നുതുള്‍പ്പെടെയുള്ള പ്രധാന വിവരങ്ങള്‍ ലഭിച്ചിരുന്നു. ഈ നേതാവിനെ അറസ്റ്റു ചെയ്യുമെന്ന ഘട്ടമെത്തിയപ്പോഴാണ് അന്വേഷണ ചുമതലയില്‍ നിന്നും രാജ്‌മോഹനെ മാറ്റിയത്. സി.ബി.ഐ അന്വേഷണത്തില്‍ ഇത്തരം വസ്തുതകള്‍ വെളിച്ചത്തുവരുമെന്നും അതുകൊണ്ട് തന്നെ സി.ബി.ഐയുടെ കയ്യില്‍ എത്താതിരിക്കാനാണ് മൂന്നു പ്രതികളെ പോലിസ് അറസ്റ്റു ചെയ്തതെന്നും വ്യക്തമായി.
 
 കൊലക്കു പിന്നില്‍ മാര്‍ക്‌സിസ്റ്റുകാരാണെന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തായ ഘട്ടങ്ങളിലെല്ലാം കോടിയേരിയുടെ തട്ടകത്തിലെ അദ്ദേഹവുമായി അടുത്തബന്ധമുള്ള പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ ഫസല്‍ വധക്കേസ് വഴിതിരിച്ചുവിടാന്‍ പരസ്യമായി രംഗത്തുവരികയുണ്ടായി. ഒരു ഘട്ടത്തില്‍ ഹവാല ലോബിയാണ് ഫസല്‍ വധത്തിനു പിന്നിലെന്നു പ്രചരിപ്പിച്ചു കോടിയേരിയുമായി അടുപ്പമുള്ള സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ ഫസല്‍ അധാര്‍മിക ജീവിതം നയിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുപോലും പരസ്യമായി ആരോപിച്ചിരുന്നു. ഫസല്‍ വധക്കേസ് വഴിതിരിച്ചുവിടാന്‍ സി.പി.എം നടത്തിയ കുപ്രചാരണങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ ഉത്തരംമുട്ടിക്കുകയാണ്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗമടക്കം അറസ്റ്റിലാകുമെന്നുറപ്പായപ്പോള്‍ സി ബി ഐക്കെതിരേ സമരം നടത്തി പ്രതിരോധത്തിനു മുതിര്‍ന്നതും പാഴായി. ഫസല്‍ വധക്കേസിനു പിന്നില്‍ കരുനീക്കം നടത്തിയ അതേ സംഘം തന്നെയാണ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിനും ക്വട്ടേഷന്‍ നല്‍കിയതെന്ന് ഉറപ്പിച്ചു പറയാനാകുന്ന രീതിയിലാണ് പുറത്തു വന്നു കൊണ്ടിരിക്കുന്ന തെളിവുകള്‍. ഫസല്‍ വധക്കേസില്‍ പങ്കില്ലെന്ന് പറഞ്ഞ് ഇപ്പോള്‍ ജില്ലാ നേതാക്കളടക്കം അറസ്റ്റിലാകാന്‍ പോകുന്നു. ചന്ദ്രശേഖരന്‍ വധത്തില്‍ ഇതിന്റെ തനിയാവര്‍ത്തനമുണ്ടായാല്‍ സി പി എം എന്ന പാര്‍ട്ടി ഏതു രീതിയില്‍ പിടിച്ചു നില്‍ക്കുമെന്ന് കണ്ടറിയണം.

Thursday, May 10, 2012

'ഏട്ടാ, ഏട്ടനെ കൊല്ലാനേപറ്റൂ, തോല്‍പ്പിക്കാന്‍ പറ്റില്ല..'


ഒഞ്ചിയം ഗ്രാമം പ്രതികാരത്തിന്റെ കനലുമായി കാത്തിരിക്കുന്നു. നിരപരാധിയായ നേതാവിന്റെ ചോരവീണ് കുതിര്‍ന്ന മണ്ണില്‍ നിന്ന് ഒരായിരം പേരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സന്ദേശമുയരുന്നു. ഒഞ്ചിയം ഗ്രാമത്തിലൂടെ സഞ്ചരിച്ച പി. സജിത്കുമാറിന്റെ റിപ്പോര്‍ട്ട്
ഒഞ്ചിയത്തെ തൈവെച്ചപറമ്പത്ത് വീട്ടിലും പരിസരങ്ങളിലും തിരക്കൊഴിയുന്നില്ല. പല നാടുകളില്‍ നിന്ന്, പല വഴികളില്‍ നിന്ന്, പല ചിന്താധാരകളിലുള്ളവര്‍ ഈ വീട്ടിലേക്ക് അനുസ്യൂതം ഒഴുകിയെത്തുന്നു. അവരില്‍ സ്ത്രീകളുണ്ട്, ചെറുപ്പക്കാരുണ്ട്, എണ്‍പതു കഴിഞ്ഞ വൃദ്ധന്മാരുണ്ട്.. ആശ്വാസവാക്കുകള്‍ പറയാന്‍ അശക്തരാണ് പലരും. എങ്കിലും അവരുടെ സാന്നിധ്യം വീടിന് ഇന്ന് ആശ്വാസമാണ്.
ഇത് സഖാവ് ടി പി ചന്ദ്രശേഖരന്റെ വീട്. രാഷ്ട്രീയകേരളത്തെ നടുക്കിയ നികൃഷ്ടമായ കൊലപാതകം നടന്ന് അഞ്ചുദിവസം പിന്നിടുന്ന ഇന്നലെ ഈ വീട്ടില്‍ ഞങ്ങള്‍ ചെല്ലുമ്പോഴും തിരക്കൊഴിഞ്ഞു കണ്ടില്ല.
പഴയ മാളികവീടിന്റെ ഒരു മുറിക്കകത്ത് ടി പിയുടെ വിധവ രമയും കുറച്ചു സ്ത്രീകളും. മനസിലെ വേദന തെല്ലും പുറമേക്കു കാണിക്കാതിരിക്കാന്‍ രമ ശ്രദ്ധിക്കുന്നുണ്ട്.

വീരമൃത്യു വരിച്ച പോരാളിയുടെ പത്‌നിക്ക് ചേര്‍ന്ന വിധം തന്നെ. മകന്‍ നന്ദുവും അതേ ഭാവത്തില്‍ തന്നെ. മനസൊന്നു പതറിയാല്‍ പിന്നെ പിടിച്ചു നില്‍ക്കാനാകില്ലെന്നത് സ്വയം ശാസിക്കുന്നുണ്ടാകാം അവര്‍. സഖാവ് ചന്ദ്രശേഖരന്‍ മരിച്ചിട്ടില്ലെന്നും സഖാവ് ടി പിയെ കൊല്ലാനാവില്ലെന്നും വികാരവിക്ഷോഭത്തോടെ പുറത്ത് വിളിച്ചു പറയുന്ന ചെറുപ്പക്കാരുണ്ട്. ഒരായിരം ചന്ദ്രശേഖരന്മാര്‍ ഒഞ്ചിയത്തെ ചുടുചോര വീണു കുതിര്‍ന്ന മണ്ണില്‍ നിന്നുയര്‍ന്നു വരുമെന്ന് ഗ്രാമവാസികളാകെ വിശ്വസിക്കുന്നു.'നിങ്ങള്‍ നോക്കൂ, ഏട്ടന്റെ പ്രസ്ഥാനം ഇതാ ശക്തിപ്പെടുകയേ ഉള്ളൂ.. ഇവിടെയെത്തുന്ന എല്ലാവരും ഞങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം..അതു തന്നെയാണ് പിടിച്ചു നില്‍ക്കാനുള്ള കരുത്ത്. ഒരാളെ കൊന്നതു കൊണ്ട് ഒരു പ്രസ്ഥാനത്തെ തകര്‍ക്കാനാവില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണം..'- രമയുടെ ചുരുങ്ങിയ വാക്കുകളിലെ പ്രതികരണം.

ഗവ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഇന്നലെ ഈ വീട്ടിലെത്തി. ടി പിയുടെ മകന്‍ നന്ദുവിനോട് മോനെന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചപ്പോള്‍ നന്ദുവിന്റെ മറുപടി. 'അച്ഛനെ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെ പിടികൂടണം, അതെത്ര വലിയ നേതാവായാലും അവരെയാണ് പിടികൂടേണ്ടത്...'
ഇപ്പോഴത്തെ പൊലീസ് അന്വേഷണത്തില്‍ പരാതികളില്ലെന്ന് രമയും നന്ദുവും ടി പിയുടെ സഹപ്രവര്‍ത്തകരും പറഞ്ഞു. 'അന്വേഷണം കൃത്യമായി മുന്നോട്ടു പോകുന്നുണ്ടെന്നു തന്നെയാണ് ഞങ്ങള്‍ മനസിലാക്കുന്നത്. ഞങ്ങള്‍ക്ക് കൃത്യമായിട്ടറിയാം, ആരൊക്കെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന്. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം. കേവലം ക്വട്ടേഷന്‍ സംഘത്തെ മാത്രം അറസ്റ്റു ചെയ്തതു കൊണ്ടായില്ല. ടി പിയെ കൊലപ്പെടുത്തി ഈ പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് വ്യാമോഹിച്ച ക്രിമിനല്‍ നേതാക്കളാരെന്ന് ഈ നാടറിയണം..'-റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒഞ്ചിയം ഏരിയാ സെക്രട്ടറി എന്‍. വേണു പറഞ്ഞു.

'പൊലീസ് അന്വേഷിച്ചു കണ്ടെത്തുമെന്നു തന്നെയാണ് പ്രതീക്ഷ. ഞങ്ങള്‍ കാത്തിരിക്കും, പിന്നെ ഞങ്ങളുടേതായി വഴി..'- ഇടതുപക്ഷ ഏകോപനസമിതി നേതാവ് ഹരിഹരന്‍ പറഞ്ഞു.
കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള ഒഞ്ചിയത്തെ പ്രായം ചെന്ന നിരവധി പേര്‍ ഇവിടെ വേദനയും രോഷവും അടക്കിപ്പിടിച്ച് സംസാരിക്കുന്നു. സിപിഎമ്മിന്റെ കൊലയാളിനേതാക്കള്‍ക്കെതിരായ വികാരം ഓരോരുത്തരുടെ വാക്കിലും പ്രതിഫലിക്കുന്നു. 'കൊലപ്പെടുത്തിക്കഴിഞ്ഞിട്ടും അരിശം തീരുന്നില്ല ഇവര്‍ക്ക്. പിന്നേയും പിന്നേയും കൂലംകുത്തികളെന്ന് ആക്ഷേപിക്കുകയാണ്. പിന്നേയും കുത്തിനോവിക്കുകയാണ്. ആരാണ് യഥാര്‍ത്ഥ കുലംകുത്തികളെന്ന് അധികം താമസിയാതെ തെളിയും...'-സുരേന്ദ്രനെന്ന പ്രവര്‍ത്തകന്റെ വാക്കുകളില്‍ അടങ്ങാത്ത രോഷം.ഇനിയുമെന്തിന് വി എസ് തുടരണമെന്ന ചോദ്യവും ഇവിടെ സാധാരണക്കാരായ പ്രവര്‍ത്തകര്‍ ഉയര്‍ത്തുകയാണ്. 'വി എസിന്റെ നിലപാടുകളൊക്കെ നല്ലതാണ്. പക്ഷേ ഞങ്ങള്‍ക്കു മുന്നില്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റായി പോരാടാന്‍ വി എസ് ഇറങ്ങിവരണം'- ആര്‍ എം പി പ്രവര്‍ത്തകര്‍ ഏകസ്വരത്തില്‍ പറയുന്നു.

ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടശേഷം ഒഞ്ചിയത്തെ അദ്ദേഹത്തിന്റെ അനുയായികളെല്ലാം ഈ വീട്ടിലാണ്. വന്നും പോയുമിരിക്കുന്നു. കൂലിപ്പണിക്കു പോകുന്നവരും മറ്റു ജോലികളുള്ളവരുമൊക്കെ ജോലിക്കു പോകാതെ ഈ വീട്ടിലെത്തുന്നു. ടി പിയുടെ വേര്‍പാടുമായി പൊരുത്തപ്പെടാന്‍ ഇപ്പോഴും അവരുടെ മനസനുവദിക്കുന്നില്ല.ചന്ദ്രശേഖരന്‍ പുതുതായി പണികഴിപ്പിച്ച ഏറെക്കുറേ പണി പൂര്‍ത്തിയായ ഇരുനിലവീടിന്റെ ഓരത്തു തന്നെയാണ് ധീരനായ പോരാളിയുടെ അന്ത്യവിശ്രമസ്ഥലവും. പുഷ്പചക്രങ്ങളുടെ കൂമ്പാരം കുറേയൊക്കെ കരിഞ്ഞുണങ്ങിക്കഴിഞ്ഞു. വീട്ടുമുറ്റത്തു വെച്ച അനുശോചനപുസ്തകത്തിന്റെ താളുകളില്‍ കുറിച്ചിട്ടുള്ള ഓരോ വാചകത്തിലും പ്രിയങ്കരനായ നേതാവിനോടുള്ള ഒരു നാടിന്റെ സ്‌നേഹത്തിന്റെ വ്യാപ്തിയാണ് പ്രകടമാകുന്നത്. കൊലയാളിസംഘങ്ങളെ സംരക്ഷിക്കുന്ന സിപിഎം നേതൃത്വത്തിനെതിരായ വികാരവുമുണ്ട് ഓരോ അനുശോചനകുറിപ്പിലും.

ചന്ദ്രശേഖരന്റെ വീട്ടിലേക്ക് കയറുന്ന ഇടവഴിയില്‍ വലിയൊരു ഫഌക്‌സ് ബോര്‍ഡിലെ വാചകങ്ങള്‍-'ഏട്ടാ, ഏട്ടനെ കൊല്ലാനേപറ്റൂ, തോല്‍പ്പിക്കാന്‍ പറ്റില്ല..' ഒരു നാടിന്റെ വികാരം, ഒരു നേതാവിനോടുള്ള സ്‌നേഹം ഒഞ്ചിയത്തേക്കുള്ള വഴികളിലുടനീളം കാണാം. വള്ളിക്കാട്ടെ എം കെ മൂസ സ്മാരകസൗധത്തിന് തൊട്ടടുത്ത് ചന്ദ്രശേഖരന്‍ കൊലയാളിസംഘത്തിന്റെ പൈശാചികമായ അക്രമണത്തിനിരയായി പിടഞ്ഞു വീണ സ്ഥലത്ത് ഇപ്പോഴും ചോരക്കറ കട്ടപിടിച്ചു കിടക്കുന്നു. ചന്ദ്രശേഖരന്റെ പൗരുഷം സ്ഫുരിക്കുന്ന ചിത്രവുമായി ഇവിടെ സ്ഥാപിച്ച ബോര്‍ഡിലെ വാചകങ്ങള്‍-ടിപി ചന്ദ്രശേഖരന്‍-ഇരട്ടച്ചങ്കുള്ള ധീരനായ കമ്യൂണിസ്റ്റ്. ഇരുളിന്റെ മറവില്‍ പൈശാചികമായ കൊലപാതകം ചെയ്യിച്ചശേഷം ന്യായീകരണങ്ങളുമായി പ്രസംഗിച്ചു നടക്കുന്നവര്‍ക്ക് മുന്നില്‍ ഈ ഗ്രാമം വാതില്‍ കൊട്ടിയടച്ചത് ടി.പിയുടെ ധീരത മനസിലേറ്റി തന്നെ.